Connect with us

International

ഇസിലിനെതിരെ വ്യോമാക്രമണം ദീര്‍ഘിപ്പിക്കാന്‍ കനേഡിയന്‍ പാര്‍ലിമെന്റിന്റെ അനുമതി

Published

|

Last Updated

ഒട്ടാവ : ഇസില്‍ തീവ്രവാദികള്‍ക്കെതിരെ സിറിയയില്‍ നടത്തുന്ന വ്യോമാക്രമണം ദീര്‍ഘിപ്പിക്കാന്‍ കനേഡിയന്‍ പാര്‍ലിമെന്റ് അംഗീകാരം നല്‍കി. ഇത് സംബന്ധിച്ച് ഹൗസ് ഓഫ് കോമണില്‍ നടന്ന വോട്ടെടുപ്പില്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പറുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭൂരിപക്ഷം നേടി. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെ 129നെതിരെ 142 വോട്ടുകള്‍ക്കാണ് തീരുമാനം പാസായത്. സ്വദേശത്തും വിദേശത്തും കാനഡക്കാരെ തീവ്രവാദ ഭീഷണിയില്‍നിന്ന് സംരക്ഷിക്കാന്‍ നമ്മള്‍ തീര്‍ച്ചയായും പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്ന് സ്റ്റീഫന്‍ ഹാര്‍പര്‍ പിന്നീട് പറഞ്ഞു. ഇസിലിനെതിരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ആദ്യമായി പങ്കാളിയായ രാജ്യമാണ് കാനഡ.
അടുത്ത വര്‍ഷം മാര്‍ച്ച് 30വരെ വ്യോമാക്രമണം തുടരാനാണ് ഔദ്യോഗികമായി തീരുമാനിച്ചിരിക്കുന്നത്. സിറിയയിലെ ഇറാഖ് അതിര്‍ത്തിയില്‍ വന്‍ ആയുധ സന്നാഹങ്ങള്‍ നിലയുറപ്പിച്ചതായി പറഞ്ഞ ഹാര്‍പര്‍ ഇസില്‍ തീവ്രവാദികള്‍ അവരുടെ പ്രചാരണ വീഡിയോകളില്‍ കാനഡയെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. സിറിയയിലും ഇറാഖിലുമായി തീവ്രവാദികളുമായി രണ്ട് വര്‍ഷത്തിനിടെ നടന്ന ഏറ്റുമുട്ടലില്‍ ആറ് കാനഡക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Latest