Connect with us

International

വിവാദ കേസിലെ പ്രോസിക്യൂട്ടറെ തുര്‍ക്കിയിലെ കോടതിമുറിയില്‍ ബന്ദിയാക്കി

Published

|

Last Updated

ഇസ്താംബൂള്‍ : തുര്‍ക്കിയില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പതിനാലുകാരന്റെ മരണം അന്വേഷിക്കുന്ന പ്രൊസിക്യൂട്ടറെ ആയുധധാരികളായ സംഘം കോടതി മുറിയില്‍ ബന്ദിയാക്കി. 2013 ലുണ്ടായ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിനിടെയായിരുന്നു ബെര്‍കിന്‍ എലവാന്‍ എന്ന കുട്ടി കൊല്ലപ്പെട്ടിരുന്നത്.
പ്രോസിക്യൂട്ടര്‍ മുഹമ്മദ് സലീം കിറാസിനെ ആയുധധാരികളായ ആളുകള്‍ ബന്ദിയാക്കിയ ഫോട്ടോ തുര്‍ക്കി മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇദ്ദേഹത്തിന്റെ കൈകള്‍ ബന്ധിപ്പിച്ച്, തലക്ക് നേരെ കത്തിനീട്ടിപ്പിടിച്ചുനില്‍ക്കുന്ന ഫോട്ടോകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രത്യേക സൈന്യത്തെ കോടതിക്ക് ചുറ്റും വിന്യസിച്ചിട്ടുണ്ട്. ഇതിനടുത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് സുരക്ഷയുടെ പേരില്‍ ആളുകളെയും ഒഴിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പേരാണ് ബന്ദി നാടകത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. ഇവരുമായി സര്‍ക്കാര്‍ അധികൃതര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കോടതിയുടെ കെട്ടിടത്തിനുള്ളില്‍ നിന്ന് വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇടതുപക്ഷ പാര്‍ട്ടിയായ റവല്യൂഷനറി പ്യൂപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടി ഫ്രണ്ട് അംഗങ്ങളാണ് ഇവരെന്ന് കരുതപ്പെടുന്നു. നേരത്തെ ഇവര്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ വധഭീഷണി മുഴക്കിയിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ പ്രോസിക്യൂട്ടറെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. തങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയ ലിസ്റ്റ് ഇവര്‍ പുറത്തുവിട്ടു. കുട്ടിയെ വെടിവെച്ച വ്യക്തി ടി വിയിലൂടെ തന്റെ കുറ്റം സമ്മതിക്കണമെന്നാണ് ഒരു ആവശ്യം. അതുപോലെ ഈ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ കോടതിയില്‍ വിചാരണ ചെയ്യാതെ ജനങ്ങളുടെ കോടതിയില്‍ വിചാരണ നടത്തണമെന്നും ഇവര്‍ ആവശ്യം ഉന്നയിക്കുന്നു. കൂടാതെ, ബന്ദിനാടകത്തില്‍ പ്രവര്‍ത്തിച്ചവരെ സുരക്ഷിതരായി വിട്ടയക്കണമെന്നും ഇവര്‍ ഡിമാന്‍ഡ് വെച്ചിട്ടുണ്ട്.
269 ദിവസം അബോധാവസ്ഥയില്‍ കിടന്ന ശേഷമായിരുന്നു ബെര്‍കിന്‍ എലവാന്‍ എന്ന കുട്ടി കൊല്ലപ്പെട്ടിരുന്നത്.

Latest