എസ് വൈ എസ് വേനല്‍ക്കാല കര്‍മപദ്ധതികള്‍ക്ക് തുടക്കമായി

Posted on: April 1, 2015 2:55 am | Last updated: March 31, 2015 at 11:56 pm
SHARE

കോഴിക്കോട്: എസ് വൈ എസ് വേനല്‍ക്കാല കര്‍മപദ്ധതികള്‍(സമ്മര്‍ ക്യാമ്പയിന്‍) അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ -1 മെയ് 31 കാലയളവില്‍ ‘ജലമാണ് ജീവന്‍’ എന്ന സന്ദേശവുമായി നടത്തുന്ന ജലസംരക്ഷണ ബോധവത്കരണ പരിപാടികളാണ് ക്യാമ്പയിനിലെ മുഖ്യഇനം. പൊതുയോഗം, പോസ്റ്റര്‍ പ്രദര്‍ശനം, ലഘുലേഖ വിതരണം, ഉപയോഗശൂന്യമായി കിടക്കുന്ന കിണര്‍, കുളം, പുഴയോരം തുടങ്ങിയ നീര്‍ത്തടങ്ങളുടെ ശുചീകരണം, സംരക്ഷണം, കുടിവെള്ള വിതരണം തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.
ആദര്‍ശ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 125 സോണ്‍ കേന്ദ്രങ്ങളില്‍ ആദര്‍ശ സംവാദവും പ്രാദേശിക തലങ്ങളില്‍ പ്രഭാഷണവും സംഘടിപ്പിക്കും. സംഘടനയുടെ സ്ഥാപക ദിനമായ ഈമാസം 24ന് വിജയ വിളംബര ദിനമായി ആചരിക്കും, ഇതിന്റെ ഭാഗമായി യൂനിറ്റുകളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കും. 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി.ഡികളുടെ പ്രദര്‍ശനം ഒരുക്കും. വൈവിധ്യമാര്‍ന്ന 13 സമ്മേളനങ്ങളുടെ സി.ഡികളും സമ്മേളനത്തിന്റെ ഓര്‍മപ്പതിപ്പും വിതരണം ചെയ്യും. ഏപ്രില്‍ 22-ജൂണ്‍ അഞ്ച് ശുചീകരണ പക്ഷമായി ആചരിക്കും. വീടും പരിസരവും പൊതു സ്ഥലങ്ങളും ശുചീകരിക്കുന്നതോടൊപ്പം മഴജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ജനങ്ങളില്‍ ശുചിത്വ ബോധം വളര്‍ത്തുന്നതിനുമുള്ള ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.
സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി മുഹമ്മദ് ഫൈസി, മുഹമ്മദ് പറവൂര്‍ വിഷയം അവതരിപ്പിച്ചു. വി പി എം ഫൈസി വില്യാപ്പള്ളി, എന്‍ അലി അബ്ദുല്ല, റഹ്മത്തുല്ല സഖാഫി എളമരം പ്രസംഗിച്ചു മജീദ് കക്കാട് സ്വാഗതം പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് മര്‍ഹൂം നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അനുസ്മരണവും നടന്നു.