Connect with us

Kozhikode

പലിശ രഹിത ബാങ്കിംഗ്:  ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തും: ഡോ. അഹ്മദ് ബസരി ബിന്‍ ഇബ്രാഹീം

Published

|

Last Updated

കോഴിക്കോട്: പലിശരഹിത ബാങ്കിംഗ് സംവിധാനം നടപ്പിലാക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന് മലേഷ്യന്‍ യൂണിവേഴ്‌സിറ്റി അക്കാദമിക വിഭാഗം തലവന്‍ ഡോ. അഹ്മദ് ബസരി ബിന്‍ ഇബ്രാഹീം. ലോകത്തെ അതിവേഗ വളര്‍ച്ച നേടുന്ന സാമ്പത്തിക ശക്തികള്‍ മിക്കവാറും പലിശ രഹിത ഇസ്ലാമിക് ബാങ്കിംഗ് സംവിധാനം വിജയപ്രദമായി നടപ്പിലാക്കിയിട്ടുള്ളതാണ്. ചുരുക്കം സാമ്പത്തിക ശക്തികളിലേക്ക് രാജ്യത്തിന്റെ മൊത്തം മൂലധനം കേന്ദ്രീകരിക്കപ്പെടുന്നതിലൂടെ യഥാര്‍ത്ഥവും സുസ്ഥിരവുമായ സാമ്പത്തിക വികസനം അപ്രാപ്യമാവുകയാണ്. ഇന്ത്യയെപ്പോലെ വികസ്വര സാമ്പത്തിക വളര്‍ച്ചയെ പ്രതിനിധീകരിക്കുന്ന രാജ്യത്ത് വികസനവും സാമ്പത്തിക വികേന്ദ്രീകരണവും സാധ്യമാക്കുന്നതിനു ഇസ്ലാമിക് ബാങ്കിംഗ് പരീക്ഷിക്കപ്പെടാവുന്നതാണെന്നും മര്‍കസ് സംഘടിപ്പിച്ച അന്താരാഷ്ട്ര അക്കാദമിക് കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു.

മര്‍കസും മലേഷ്യന്‍ യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള അക്കാദമിക ഉടമ്പടിയുടെ ഭാഗമായി സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ മലേഷ്യന്‍ യൂണിവേഴ്‌സിറ്റി അക്കാദമിക വിഭാഗം തലവന്‍ ഡോ. അഹ്മദ് ബസരി ബിന്‍ ഇബ്രാഹീം, കര്‍മശാസ്ത്ര വിഭാഗം തലവന്‍ ഡോ.അസ്മന്‍ മുഹമ്മദ് നൂര്‍, ഡോ. എ.ബി അലിയാര്‍, ഉമറുല്‍ ഫാറൂഖ് സഖാഫി എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, അമീര്‍ ഹസന്‍, ഡോ.ഷാജു ജമാല്‍, ഡോ. അബ്ദുസ്സലാം എന്നിവര്‍ അക്കാദമിക സമ്മേളനത്തില്‍ സംസാരിച്ചു.