ദുബൈ കനാല്‍: ശൈഖ് സായിദ് റോഡില്‍ വീണ്ടും വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നു

Posted on: March 31, 2015 6:00 pm | Last updated: March 31, 2015 at 7:00 pm
SHARE

ദുബൈ: ദുബൈ കനാല്‍ പദ്ധതിയുടെ ഭാഗമായി ശൈഖ് സായിദ് റോഡില്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടുമെന്ന് ആര്‍ ടി എ അധികൃതര്‍ വ്യക്തമാക്കി. ഇമാറാത്ത് ആട്രിയത്തിനും ഹോളിഡെ ഇന്നിനും ഇടയിലുള്ള ഭാഗത്തേക്ക് വരുന്ന ഉള്‍നാടന്‍ റോഡുകള്‍ കയറുന്ന മേഖലയിലാണ് വാഹനങ്ങള്‍ വഴി തിരിച്ചു വിടുക. ഇതു മൂലം ഈ റോഡുകളില്‍നിന്നു വരുന്ന വാഹനങ്ങള്‍ക്ക് ശൈഖ് സായിദ് റോഡിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. ഇന്നലെ മുതലാണ് വഴി തിരിച്ചുവിടല്‍ പ്രാബല്യത്തിലായത്. രാവിലെ ഇതേക്കുറിച്ച് അറിയാതെ പുറപ്പെട്ടവര്‍ ശരിക്കും വെട്ടിലായി. അല്‍ സഫ മേഖലയുടെ ഉള്‍ഭാഗങ്ങളില്‍ നിന്നുള്ള റോഡുകളും അല്‍ വസല്‍ റോഡുമാണ് ഈ മേഖലയില്‍ പ്രധാനമായും ശൈഖ് സായിദ് റോഡിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഈ റോഡുകള്‍ തുറന്നത്. അല്‍ വാസലില്‍ നിന്നു ശൈഖ് സായിദ് റോഡില്‍ എത്തേണ്ടവര്‍ ഉമ്മു അമാര്‍ റോഡ് റൗണ്ട് എബൗട്ട് വഴി വേണം ശൈഖ് സായിദ് റോഡില്‍ പ്രവേശിക്കാന്‍. ബിസിനസ് ബേ മെട്രോ സ്‌റ്റേഷന് സമീപത്തെ റൗണ്ട് എബൗട്ട് വഴിയും വാഹനങ്ങള്‍ക്ക് ശൈഖ് സായിദ് റോഡിലേക്ക് എത്താനാവും.
ദുബൈ കനാല്‍ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്ന ശൈഖ് സായിദ് റോഡിലെ സമാന്തര പാതയുടെ നിര്‍മാണം 2014 ഒക്ടോബറില്‍ പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷം ഈ മേഖലയിലെ ആറു വരി പാത ഇതുവഴി തിരിച്ചുവിട്ടിരുന്നു. അബുദാബി ദിശയിലാണ് സമാന്തര പാത നിര്‍മിച്ചത്. പദ്ധതിയുടെ ഭാഗമായി സഫ പാര്‍ക്ക് മേഖലയിലെ വിഭജനവും സെപ്തംബറില്‍ പുര്‍ത്തിയായിരുന്നു. മൂന്നു ഘട്ടങ്ങളായി പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ദുബൈ കനാല്‍ പദ്ധതിക്കായി 170 കോടി ദിര്‍ഹത്തിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഷോപ്പിംഗ് സെന്ററും നാലു ഹോട്ടലുകളും 450 റെസ്‌റ്റോറന്റുകളും ആഡംബര വീടുകളും സൈക്കിള്‍ സവാരിക്കുള്ള പാതയും പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. പൊതു ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും ഒപ്പം സ്വകാര്യ ബോട്ടുകള്‍ക്ക് നങ്കൂരമിടാനുമായി പദ്ധതിയുടെ ഭാഗമായി 80,000 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് മാറ്റിവെച്ചിരിക്കുന്നത്. കനാലിന്റെ കവാടത്തില്‍ പുതിയ ട്രേഡ് സെന്ററും രൂപകല്‍പന ചെയ്തിട്ടുണ്ട്. ദുബൈയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ കനാല്‍ പൂര്‍ത്തിയാവുന്നതോടെ ബര്‍ദുബൈ മേഖല ദീപായി രൂപാന്തരപ്പെടുമെന്നാണ് ആര്‍ ടി എ വ്യക്തമാക്കിയിരിക്കുന്നത്.