സയ്യാറത്തു റഹ്മ വിതരണവും മതപ്രഭാഷണവും

Posted on: March 31, 2015 6:00 pm | Last updated: March 31, 2015 at 6:49 pm
SHARE

അബുദാബി: കാസര്‍കോട് ജില്ലാ അബുദാബി കെ എം സി സി മദ്‌റസ അധ്യാപകര്‍ക്ക് നല്‍കുന്ന സയ്യാറത്തു റഹ്മ കാരുണ്യ വാഹനത്തിന്റെ വിതരണവും വിജ്ഞാന സദസ്സും ഏപ്രില്‍ രണ്ടിന് രാത്രി എട്ടിന് അബുദാബി ഇസ്‌ലാമിക് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെ എം സി സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കാസര്‍കോട് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുത്ത പത്ത് അധ്യാപകര്‍ക്ക് വാഹനം നല്‍കുന്നത്. ഓരോ മണ്ഡലത്തില്‍ നിന്നും രണ്ട് വീതം അധ്യാപകരെയാണ് ഇതിനായി തിരഞ്ഞെടുത്തത്.
കെ എം സി സി ആദ്യമായിട്ടാണ് സയ്യാറത്തു റഹ്മ എന്ന പദ്ധതി നടപ്പിലാക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഓട്ടോറിക്ഷയുടെ ഉടമസ്ഥാവകാശമാണ് അബുദാബിയില്‍ വിതരണം ചെയ്യുക. വാഹനങ്ങള്‍ ഉടമസ്ഥര്‍ ഷോറൂമുകളില്‍ പോയി എടുക്കണം.
മതവിജ്ഞാന സദസില്‍ ഹാഫിള് ഇ പി അബൂബക്കര്‍ അല്‍ ഖാസിമി പ്രഭാഷണം നടത്തും. കെ എം സി സിയുടെ ദേശീയ-സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. പി കെ അഹമ്മദ് ബല്ലാകടപ്പുറം, അബ്ദുല്‍ റഹ്മാന്‍ പൊവ്വല്‍, അശ്‌റഫ് കീഴൂര്‍, സി മുഹമ്മദ് സമീര്‍, അബ്ദുര്‍റഹ്മാന്‍ ഹാജി, സി എച്ച് മുഹമ്മദ് അശ്‌റഫ്, എം എം നാസര്‍, അബൂബക്കര്‍ സേഫ്‌ലൈന്‍ സംബന്ധിച്ചു.