Connect with us

Gulf

വിമാനാപകടം: ഇത്തിഹാദും എമിറേറ്റ്‌സും കോക്പിറ്റില്‍ രണ്ടു പൈലറ്റുമാരെ ഉള്‍പെടുത്തുന്നു

Published

|

Last Updated

അബുദാബി: ജര്‍മന്‍ വിമാനം പൈലറ്റ് ആല്‍പ്‌സ് പര്‍വതത്തില്‍ ഇടിച്ച് തകര്‍ത്ത പശ്ചാത്തലത്തില്‍ തങ്ങളുടെ വിമാനങ്ങളില്‍ രണ്ടു പൈലറ്റുമാരെ വീതം നിയമിക്കുന്നതായി ഇത്തിഹാദും എമിറേറ്റ്‌സും വ്യക്തമാക്കി. അടിയന്തിര പ്രാധാന്യത്തോടെ തങ്ങളുടെ എല്ലാ വിമാനങ്ങളുടെയും കോക്ക് പിറ്റില്‍ രണ്ട് പൈലറ്റുമാരെ വീതം നിയമിക്കുമെന്ന് രാജ്യത്തിന്റെ ഔദ്യോഗിക വിമാന കമ്പനിയായ ഇത്തിഹാദ് വ്യക്തമാക്കി. ലോകത്തിലെ ഒരു വിമാന കമ്പനിയും ഇത്തരം ഒന്ന് നിയമമായി നടപ്പാക്കിയിട്ടില്ലെങ്കിലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് രണ്ട് പൈലറ്റുമാരെ നിയമിക്കുന്നതെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ വൃത്തങ്ങളും അറിയിച്ചു.
യൂറോപ്യന്‍ ഏവിയേഷന്‍ സെയ്ഫ്റ്റി ഏജന്‍സിയുമായി പൈലറ്റുമാരുടെ മാനസികനിലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ നടപടി സ്വീകരിക്കാന്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വെളിപ്പെടുത്തി. വിമാനങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന പൈലറ്റുമാരുടെ മാനസികാവസ്ഥയെക്കുറിച്ച് പതിവായി അവലോകനം നടത്തും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൈലറ്റുമാരുടെ മാനസിക പരിശോധന നടത്തുന്നത് അപകടങ്ങള്‍ ഒഴിവാക്കാന്‍ പര്യാപ്തമല്ലെന്ന് അതോറിറ്റി വിശദീകരിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടാതായി ഐ എ ടി എ(ദ ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട് അസോസിയേഷന്‍)യും വ്യക്തമാക്കി.

Latest