ഫഌറ്റുകള്‍ അനധികൃതമായി വാടകക്ക് നല്‍കുന്നവര്‍ക്ക് 5,000 ദിര്‍ഹം പിഴ

Posted on: March 31, 2015 6:46 pm | Last updated: March 31, 2015 at 6:46 pm
SHARE

flatദുബൈ: ഫഌറ്റുകള്‍ അനധികൃതമായി വാടകക്ക് നല്‍കുന്ന ഉടമകള്‍ക്ക് 5,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് ഡി ടി സി എം(ദ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് മാര്‍ക്കറ്റിംഗ്) വ്യക്തമാക്കി. ഒരു വര്‍ഷ കാലാവധിക്ക് ഫഌറ്റുകള്‍ വാടകക്ക് നല്‍കുന്നതിന് പകരം കൂടുതല്‍ പണം ലഭിക്കാനായി കുറഞ്ഞ സമയത്തേക്ക് നല്‍കുന്ന ഉടമകള്‍ക്കെതിരെയാണ് പിഴ ചുമത്തുക. ഇത് അനുവദിക്കാവുന്ന കാര്യമല്ല. ഈ രീതിയില്‍ ഫഌറ്റുകള്‍ ഒഴിവുകാല വസതികളാക്കണമെങ്കില്‍ പ്രത്യേകം ലൈസന്‍സ് കരസ്ഥമാക്കണം. ബുര്‍ജ് ഖലീഫക്ക് സമീപം എല്ലാ സൗകര്യങ്ങളുമുള്ള ഫഌറ്റുകള്‍ 25,000 ദിര്‍ഹത്തിന് മാസ വാടകക്ക് ലഭിക്കുമെന്ന് രാജ്യത്തെ പ്രധാന ക്ലാസിഫൈഡ് വെബ്‌സൈറ്റില്‍ പരസ്യം വന്നിരുന്നു. ഇത്തരത്തില്‍ ആയിരക്കണക്കിന് പരസ്യങ്ങളാണ് ദുബൈയില്‍ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇത്തരക്കാര്‍ക്ക് വളരെ വേഗം ഉപഭോക്താക്കളെ ലഭിക്കുന്നതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.
മാസ വ്യവസ്ഥയില്‍ ഇത്തരത്തില്‍ ഫഌറ്റുകള്‍ വാടകക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതിനായി പ്രത്യേക ലൈസന്‍സ് എടുക്കണമെന്ന് ഡി ടി സി എം കഴിഞ്ഞ ജൂണില്‍ ആവശ്യപ്പെട്ടിരുന്നു. ദുബൈ വേള്‍ഡ് എക്‌സ്‌പോയുടെ ഭാഗമായി 2020 ആവുമ്പോഴേക്കും 2.5 കോടി ആളുകളാണ് ദുബൈയിലേക്ക് വരിക. ഇതുകൂടി മുന്നില്‍ കണ്ടാണ് ഇത്തരം ഒരു അഭ്യര്‍ഥന നടത്തിയിരുന്നത്. എന്നിട്ടും ഉടമകള്‍ നിയമം ലംഘിച്ച് മുറികള്‍ വാടകക്ക് നല്‍കുകയാണെന്നത് ഗൗരവത്തോടെയാണ് ഡി ടി സി എം കാണുന്നതെന്നും വകുപ്പ് അധികാരികള്‍ പറഞ്ഞു.