സര്‍ക്കാറിന്റെ മദ്യനയം ഹൈക്കോടതി ശരിവെച്ചു

Posted on: March 31, 2015 4:42 pm | Last updated: April 1, 2015 at 10:20 am
SHARE

kerala high court pictures

കൊച്ചി: സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് എന്ന സര്‍ക്കാറിന്റെ മദ്യനയം ഹൈക്കോടതി ശരിവെച്ചു. ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ഹോട്ടലുകളെയും ഫൈവ് സ്റ്റാറിന്റെ ഗണത്തില്‍ കാണണമെന്ന സിംഗിള്‍ ബഞ്ച് നിലപാടിനോട് യോജിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവ്. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ജസ്റ്റിസുമാരായ കെ ടി ശങ്കരന്‍, ബാബു മാത്യു പി ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് അനുവദിച്ചു. ടു സ്റ്റാറിനും ത്രീ സ്റ്റാറിനും പ്രവര്‍ത്തനാനുമതി തേടി ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ കോടതി തള്ളി.
മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ നടപടി ശിപാര്‍ശ ചെയ്ത ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കണക്കിലെടുത്തില്ലെന്ന് അനുമാനിക്കാനാകില്ലെന്ന് കോടതി വിലയിരുത്തി. ഉപഭോഗം കുറയ്ക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ ഘട്ടം ഘട്ടമായി ആണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്നും കോടതി പറഞ്ഞു. സര്‍ക്കാറിന്റെ നയം ഘട്ടംഘട്ടമായി നടപ്പാക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി വിധിന്യായം ഉദ്ധരിച്ച് കോടതി നിരീക്ഷിച്ചു. ബാറുകള്‍ക്ക് പകരം ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചത് ഉടമകള്‍ സ്വീകരിക്കുകയാണ് ചെയ്തതെന്നും ജീവനക്കാരെ ഇവിടങ്ങളില്‍ പുനരധവസിപ്പിച്ചുവെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. അടുത്ത സാമ്പത്തിക വര്‍ഷവും ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമാണ് ബാര്‍ എന്നതിനാല്‍ സര്‍ക്കാറിന്റെ ലക്ഷ്യം സാധൂകരിക്കുന്നുവെന്നും കോടതി വിലയിരുത്തി.
മന്ത്രിസഭ അംഗീകരിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി മദ്യനയം പ്രഖ്യാപിച്ചതില്‍ അപാകമില്ലെന്ന് കോടതി പറഞ്ഞു. കോടതികള്‍ക്ക് സ്വന്തമായ തത്വചിന്തയും അഭിപ്രായങ്ങളും ഉണ്ടാകാം. അവ സര്‍ക്കാറിന്റെ നയത്തില്‍ ഇടപെടാന്‍ കാരണമാകരുത്. സര്‍ക്കാര്‍ നയം നീതീകരിക്കത്തക്കതാണ്. നയരൂപവത്കരണത്തിന് ഏകാംഗ കമ്മീഷന്റെ ശിപാര്‍ശകള്‍ കണക്കിലെടുത്തില്ലെന്ന് അനുമാനിക്കാനാകില്ല. സര്‍ക്കാര്‍ തീരുമാനം കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ കണക്കിലെടുത്താണെന്ന് വ്യക്തമാണ്. കേരളത്തില്‍ മദ്യത്തിന്റെ ഉപഭോഗം വന്‍തോതില്‍ വര്‍ധിച്ചതായി സുപ്രീം കോടതിയും വിലയിരുത്തിയിട്ടുണ്ട്. നികുതി വകുപ്പ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന മുപ്പത് കോടി ലിറ്റര്‍ മദ്യത്തില്‍ പതിനാല് ശതമാനം കേരളത്തിലാണ് ഉപയോഗിക്കുന്നതെന്ന് ഏകാംഗ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. പുലര്‍ച്ചെ ബാര്‍ തുറക്കുന്നതും നോക്കി ഉപഭോക്താക്കള്‍ കാത്തു നില്‍ക്കുന്നുവെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഏകാംഗ കമ്മീഷന്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ബാര്‍ ഹോട്ടലുകള്‍ നിരീക്ഷിച്ചതിനു ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പല ബാറുകളും ചാരായക്കടകളുടേതിലും മോശമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഏകാംഗ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ബാറുകളുടെ ശുചിത്വമില്ലായ്മയും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പൊതുജനാരോഗ്യത്തിനാണ് സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്‍കേണ്ടതെന്നും സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നതല്ല മാനദണ്ഡമാക്കേണ്ടതെന്നും കോടതി വിലയിരുത്തി. ഡാന്‍സ് ബാറുകള്‍ നിരോധിക്കേണ്ടതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ബാര്‍ കേസില്‍ അവലംബിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
ഇന്നലെ രാവിലെ 10.15നാണ് ഡിവിഷന്‍ ബഞ്ച് തുറന്ന കോടതിയില്‍ വിധി പ്രസ്താവന ആരംഭിച്ചത്. വിധി പ്രസ്താവന പൂര്‍ത്തിയാകൂം മുമ്പ് വാര്‍ത്തകള്‍ നല്‍കന്നതില്‍ നിന്ന് ദൃശ്യമാധ്യമങ്ങളെ കോടതി വിലക്കിയിരുന്നു.
ബാര്‍ ഉടമകള്‍ തിങ്ങിനിറഞ്ഞ കോടതിയില്‍ വിധിപ്രസ്താവന വൈകീട്ട് 4.45നാണ് പൂര്‍ത്തിയായത്.

liquor ban

മദ്യപാനം മൗലികാവകാശമല്ല
* സര്‍ക്കാര്‍ പ്രാധാന്യം നല്‍കേണ്ടത് പൊതുജനാരോഗ്യത്തിനാണെന്ന് ഹൈക്കോടതി. ടൂറിസം വികസനത്തിന് ബാറുകള്‍ അനിവാര്യമാണെന്ന വാദം ശരിയല്ലെന്നും ടൂറിസം പരിപോഷിപ്പിക്കലും പൊതുജനാരോഗ്യവും തമ്മില്‍ സന്തുലിതമായ സ്ഥിതി നിലനിര്‍ത്തുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
* എവിടെയിരുന്ന് മദ്യപിക്കാനും പൗരന് അവകാശമുണ്ടെന്ന വാദം അംഗീകരിക്കാനാകില്ല. മദ്യശാലകളില്‍ നിന്ന് മദ്യക്കുപ്പികള്‍ വാങ്ങി ഉപയോഗിക്കേണ്ടി വരുന്നുവെന്നത് പൗരന്റെ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമല്ല.
* സര്‍ക്കാറിന്റെ സാമ്പത്തിക നില തകരുമോ എന്ന കാര്യം പരിഗണിക്കേണ്ടത് ബാര്‍ ഉടമകളല്ല. ഇക്കാര്യങ്ങള്‍ സര്‍ക്കാറാണ് പരിഗണിക്കേണ്ടത്.
* സാമ്പത്തിക നിലയെക്കുറിച്ച് സര്‍ക്കാറിന് പൂര്‍ണബോധ്യമുണ്ട്.
* ഹോട്ടലുകളില്‍ കൊക്കെയിന്‍ നല്‍കിയാല്‍ ടൂറിസം പ്രോത്സാഹിപ്പിക്കപ്പെടുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അങ്ങനെ ചെയ്യാന്‍ കഴിയുമോ? സാന്മാര്‍ഗിക തത്വങ്ങള്‍ക്കും ക്രമസമാധാനത്തിനുമാണ് സര്‍ക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്.

ബാറുടമകള്‍ സുപ്രീം കോടതിയെ സമീപിക്കും
സര്‍ക്കാറിന്റെ മദ്യനയം അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നടത്തിയിരിക്കുന്ന വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബാര്‍ ഹോട്ടല്‍ ഉടമ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാറിന്റെ വാദമാണ് ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചിരിക്കുന്നത്. നേരത്തെ സിംഗിള്‍ ബഞ്ച് തങ്ങളുടെ വാദം കുറെയെങ്കിലും അംഗീകരിച്ചിരുന്നു. ഡിവിഷന്‍ ബഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് നിയമപോരാട്ടം തുടരുമെന്നും ഇതിനായി നിയമ വിദഗ്ധരുമായി ആലോചിച്ച് അടുത്ത ദിവസം തന്നെ അപ്പീല്‍ നല്‍കുമെന്നും രാജ്കുമാര്‍ ഉണ്ണി പറഞ്ഞു.