ഒബിസി സംവരണം: ജാട്ട് വിദ്യാര്‍ഥികളുടെ ഹര്‍ജി സുപ്രിം കോടതി തള്ളി

Posted on: March 31, 2015 3:43 pm | Last updated: March 31, 2015 at 3:43 pm
SHARE

supreme courtന്യൂഡല്‍ഹി: ഒബിസി സംവരണത്തില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍, ദന്റല്‍ പി ജി പ്രവേശനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജാട്ട് സമുദായത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി സുപ്രിം കോടതി തള്ളി. ജാട്ട് സമുദായത്തിന്റെ ഒബിസി സംവരണം സുപ്രിം കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഹരജി തള്ളിയത്. മെഡിക്കല്‍, ദന്റല്‍ പ്രവേശനത്തിന് മാത്രമാണ് ജാട്ട് സമുദായത്തിന് പ്രത്യേക പരിഗണന നല്‍കാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ജാട്ട് സമുദായത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനം ഈ മാസം 17ന് സുപ്രിം കോടതി റദ്ദാക്കിയിരുന്നു. സമുദായത്തിന്റെ പിന്നോക്കാവസ്ഥ നിര്‍ണയിക്കുന്നത് ജാതി മാത്രം അടിസ്ഥാനപ്പെടുത്തിയാകരുതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്.

2014 മാര്‍ച്ചില്‍ യു പി എ സര്‍ക്കാറാണ് ജാട്ട് സമുദായത്തെ ഒ ബി സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. സംവരണ ആനുകൂല്യം ലഭ്യമാക്കാന്‍ ജാട്ട് സമുദായത്തെ കേന്ദ്ര ഒ ബി സി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള മുന്‍ യു പി എ സര്‍ക്കാറിന്റെ തീരുമാനത്തെ നരേന്ദ്ര മോദി സര്‍ക്കാറും പിന്താങ്ങിയിരുന്നു.

ഹരിയാന, ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ഭാഗങ്ങള്‍, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങില്‍ ശക്തമായ സ്വാധീനമുള്ള വിഭാഗമാണ് ജാട്ട്. ഇവരെ ഒ ബി സിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ നേരത്തെ തള്ളിയിരുന്നു.