Connect with us

National

യമനിലേക്ക് ഇന്ത്യ അഞ്ച് കപ്പലുകളും നാല് വിമാനങ്ങളും അയച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: യമനിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ ഇന്ത്യ അഞ്ച് കപ്പലുകളും നാല് വിമാനങ്ങളും അയച്ചു. ഇതുവഴി നാലായിരത്തോളം ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനാകുമെന്നാണ് കരുതുന്നത്. വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിംഗ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി യമനിലെ ജിബൗത്തിയിലുണ്ട്.

ഇന്ത്യക്കാരെ യുദ്ധഭൂമിയില്‍ നിന്ന് രക്ഷിക്കാന്‍ സഊദി അറേബ്യ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി പ്രധാനമന്ത്രി നരേന്ദ്ര മോടി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് സഊദി സഹായം വാഗ്ദാനം ചെയ്തത്.

നാല് വിമാനങ്ങളില്‍ എയര്‍ ഇന്ത്യയുടെ രണ്ട് യാത്രാവിമാനങ്ങളാണ് രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നത്. ഒരു വിമാനം ഒമാനില്‍ നിര്‍ത്തും. മറ്റൊന്ന് മസ്‌കത്തില്‍ നിന്ന് സഊദി അറേബ്യയുടെ വ്യോമപാതവഴി സര്‍വീസ് നടത്തുകയും ചെയ്യും. മറ്റു രണ്ട് എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ജിബൗത്തിയിലാണ് ഒരുക്കയിരിക്കുന്നത്. ചെങ്കടല്‍ വഴിയായിരിക്കും ഇതിന്റെ സര്‍വീസ്.

ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കപ്പലുകളായ കവരത്തിയും കോറലും കൊച്ചിയില്‍ നിന്ന് യമനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവയില്‍ 200 യാത്രക്കാരെ വീതം കൊണ്ടുവരാനാകും. ഇന്ത്യന്‍ നേവിയുടെ ഐ എന്‍ എസ് മുംബൈ, ഐ എന്‍ എസ് ടര്‍ക്കാഷ് എന്നീ കപ്പലുകള്‍ മുംബൈ തീരത്തുനിന്നും പുറപ്പെട്ടിട്ടുണ്ട്. ഐ എന്‍ എസ് സുമാത്ര നേരത്തെ തന്നെ യമനില്‍ എത്തിച്ചേര്‍ന്നിട്ടവുണ്ട്.

Latest