കാശ്മീര്‍ പ്രളയം: മഴ ശമിക്കുന്നു; 16 മരണം

Posted on: March 31, 2015 3:27 pm | Last updated: April 1, 2015 at 12:19 am
SHARE

flood-srinagar

ശ്രീനഗര്‍: കാശ്മീരില്‍ ദുരിതം വിതച്ച് വീണ്ടുമെത്തിയ പ്രളയത്തെ തുടര്‍ന്ന് 16 പേര്‍ മരിച്ചു. 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബഡ്ഗാം ജില്ലയിലാണ് പ്രളയം കൂടുതല്‍ നാശം വിതച്ചത്. അതേസമയം ഇന്ന് മഴയ്ക്ക് ശക്തികുറഞ്ഞതായാണ് റിപ്പോര്‍ട്ട്. മഴക്ക് ശക്തി കുറഞ്ഞാല്‍ ഝലം നദിയിലെ ജലനിരപ്പ് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഝലം നദി കരകവിഞ്ഞൊഴുകിയതാണ് പ്രളയം ശക്തമാകാന്‍ കാരണമായത്.

തിങ്കളാഴ്ചയോടെ ശക്തമായ പ്രളയത്തെ തുടര്‍ന്ന് പ്രദേശങ്ങളില്‍നിന്ന് ജനം പാലായനം ചെയ്തിരുന്നു. 300ഓളം കുടുംബങ്ങള്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോയിട്ടുണ്ട്. 20 ദുരിതാശ്വാസ ക്യാമ്പുകള്‍ സര്‍ക്കാര്‍ തുറന്നിട്ടുണ്ട്. സ്‌കൂളുകള്‍ അടയ്ക്കുകയും പരീക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് സൈന്യത്തിന്റെ സഹായം തേടി. പ്രളയം നേരിടുന്നതിനായി കേന്ദ്രം 200 കോടി രൂപ അനുവദിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് 250ല്‍ അധികം പേര്‍ മരിക്കുകയും ആയിരക്കണക്കിന് വീടുകള്‍ തകരുകയും ചെയ്തിരുന്നു.