Connect with us

National

ബാബരി മസ്ജിദ്‌ ധ്വംസനം: എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ക്ക് സുപ്രീംകോടതി നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി ഉള്‍പ്പെടെ പത്തൊമ്പത് പേര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ബാബരി മസ്ജിദ് തകര്‍ക്കാന്‍ അഡ്വാനി ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന കേസ് നേരത്തെ അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. അഡ്വാനിക്ക് പുറമെ മുരളി മനോഹര്‍ ജോഷി, കേന്ദ്ര മന്ത്രി ഉമാ ഭാരതി, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ് എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ബാബരി മസ്ജിദ് കേസിലെ ഹരജിക്കാരില്‍ ഒരാളായ ഹാജി മഹ്മൂദ് അഹ്മദ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ബി ജെ പി നേതാക്കള്‍ക്കും സി ബി ഐക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസ് അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബഞ്ച് നോട്ടീസ് നല്‍കിയത്. ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അഡ്വാനി ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരല്ലെന്ന് 2010 മെയ് ഇരുപതിനാണ് അലഹബാദ് ഹൈക്കോടതി കണ്ടെത്തിയത്.
കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറിയതിനു പിന്നാലെ നിലപാടുകളില്‍ സി ബി ഐ വെള്ളം ചേര്‍ക്കുകയാണെന്ന് ഹരജിയില്‍ ആരോപിച്ചു. അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നേരത്തെ സുപ്രീം കോടതിയെ സി ബി ഐ സമീപിച്ചിരുന്നു. സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ വൈകിയത് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സി ബി ഐ ഇന്നലെ കോടതിയില്‍ ബോധിപ്പിച്ചു. സി ബി ഐയുടെ ആവശ്യം പരിഗണിച്ച സുപ്രീം കോടതി, സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നാലാഴ്ച സമയം അനുവദിച്ചു.
ക്രിമിനല്‍ ഗൂഢാലോചന കേസ് തള്ളിയ പ്രത്യേക കോടതി വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. പ്രത്യേക കോടതി വിധി ശരിവെച്ചെങ്കിലും അഡ്വാനിക്കും മറ്റുള്ളവര്‍ക്കുമെതിരെ റായ്ബറേലി കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ തുടര്‍നടപടികള്‍ തുടരാന്‍ ഹൈക്കോടതി സി ബി ഐക്ക് അനുവാദം നല്‍കിയിരുന്നു. വിനയ് കത്യാര്‍, സതീഷ് പ്രധാന്‍, സി ആര്‍ ബന്‍സാല്‍, അശോക് സിംഘാല്‍, ഗിരിരാജ് കിഷോര്‍, സ്വാധ്‌വി ഋതംബര, വി എച്ച് ഡാല്‍മിയ, മഹന്ത് അവൈധിനാഥ്, ആര്‍ വി വേദാന്തി, പരംഹന്‍സ് രാംചന്ദ്ര ദാസ്, ജഗദീഷ് മുനി മഹാരാജ്, ബി എല്‍ ശര്‍മ, നൃത്യ ഗോപാല്‍ദാസ്, ധരം ദാസ്, സതീഷ് നഗര്‍, മോറേശ്വര്‍ എന്നിവരാണ് ഹൈക്കോടതി വിധിയോടെ കുറ്റവിമുക്തരായിരുന്നത്. ശിവസേന നേതാവ് ബാല്‍ താക്കറെയുടെ പേര് മരണത്തെ തുടര്‍ന്ന് പട്ടികയില്‍ നിന്ന് നീക്കുകയായിരുന്നു.
രണ്ട് സെറ്റ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത 1992 ഡിസംബര്‍ ആറിന് അഡ്വാനി ഉള്‍പ്പെടെയുള്ളവര്‍ അയോധ്യയിലെ രാം കഥാ കുഞ്ജിലെ വേദിയില്‍ ആയിരുന്നു. രണ്ടാമത്തേത് മസ്ജിദ് തകര്‍ത്ത കര്‍സേവകരുടെ പേരിലാണ്.