ആരോഗ്യ-ഗോത്രഗ്രാമം പദ്ധതിക്ക് മുന്‍ഗണന

Posted on: March 31, 2015 12:15 pm | Last updated: March 31, 2015 at 12:15 pm
SHARE

സുല്‍ത്താന്‍ ബത്തേരി: ആരോഗ്യമേഖലയിലെ അസൗകര്യങ്ങളുടെയും മിതമായ സേവനങ്ങളുടെയും നടുവില്‍ കഷ്ടപ്പെടുന്ന രോഗികള്‍ക്ക് ആശ്വാസമായി ആറ് ഡയാലിസിസ് യൂണിറ്റുകള്‍ ഉള്‍പ്പെടെ ആരോഗ്യരംഗത്തിന് പ്രാധ്യാന്യം നല്‍കി സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് കെ ഇ വിനയന്‍ അവതരിപ്പിച്ചു.
63. 4 കോടി വരവും, 63. 3 കോടി ചെലവും, ഒരു ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ബ്ലോക്കിന് ലഭിച്ച സ്വരാജ്‌ട്രോഫി പുരസ്‌കാര തുക 20 ലക്ഷം, പ്ലാന്‍ഫ് പത്ത് ലക്ഷം, എസ് ടി കോര്‍പ്പസിന് 20 ലക്ഷം രൂപയും ഉള്‍പ്പെടുത്തി പത്തുവീടുകള്‍, കുടിവെള്ളം, സൗരോര്‍ജ്ജ വിളക്കുകള്‍, തുടങ്ങിയ അടിസ്ഥാനസൗകര്യവികസന, സ്വയം തൊഴിലിനായുള്ള ഗോത്രഗ്രാമം പദ്ധതിക്ക് 50 ലക്ഷവും, വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ജലനീര്‍ത്തട സംരംക്ഷണത്തിന് 30 കോടിയും, മണ്ണ്-ജല-ജൈവ സംരക്ഷണത്തിന് രണ്ട് കോടിയും, മുന്‍വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ ഭവനങ്ങളുടെ നവീകരണത്തിന് രണ്ട് കോടി രൂപയും നീക്കിവെച്ചു.
പച്ചക്കറി കൃഷി വ്യാപനത്തിനായി സ്വയം സഹായസംഘങ്ങള്‍ക്ക് 26 ലക്ഷവും, ബത്തേരി താലൂക്ക് ആശുപത്രി, മീനങ്ങാടി-അമ്പലവയല്‍ എന്നീ ആരോഗ്യ കേന്ദ്രങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്ലാന്റ് നിര്‍മാണത്തിനായി 17 ലക്ഷം, ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലെ ശാരീരിക-മാനസിക വൈകല്യമുള്ളവരുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് 15 ലക്ഷം, പട്ടികവര്‍ഗ്ഗ-പട്ടികജാതി വിഭാഗത്തിലെ പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടി കോളേജില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിന് 15ലക്ഷവും, ഫോണ്‍-ഇന്റര്‍നെറ്റ് വഴി രക്തം ആവശ്യമുള്ളവര്‍ക്ക് രക്തം ലഭ്യമാക്കുന്നതിനായുള്ള ഡോണര്‍ @ഫിംഗര്‍ ടിപ് പദ്ധതിക്ക് 3 ലക്ഷം, ശാരീരിക മാനസിക വൈകല്യമുള്ളവര്‍ക്കുള്ള അഭയ പുനരധിവാസ കേന്ദ്രത്തിന്റെ വിപുലീകരണത്തിന് 3ലക്ഷം, ബത്തേരി താലൂക്ക് ആയ്യൂര്‍വ്വേദ ആശുപത്രിയില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക 2 ലക്ഷം രൂപയും വകയിരുത്തി.
40 വയസ്സിന് താഴെ പ്രായമുള്ള, വ്യത്യസ്ത മേഖലയില്‍ പ്രാവീണ്യമുള്ള യുവതി-യുവാക്കള്‍ക്ക് അവാര്‍ഡ് നല്‍ക്കുന്നതിനായും ബജറ്റില്‍ തുക കണക്കാക്കി. ജനറല്‍ പ്ലാനിന് 4.5 കോടി, പട്ടികവര്‍ഗ്ഗ ഉപ പദ്ധതികള്‍ക്ക് 2.9 കോടി, പട്ടികജാതി ക്ഷേമം 42 ലക്ഷം, മെയിന്റനന്‍സ് ഫ് 62 ലക്ഷം, ജനറല്‍ പര്‍പസിന്്38 ലക്ഷം, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് 54 കോടി രൂപ നീക്കിയിരുപ്പ് ഉള്‍പ്പെടെ 63.4 കോടി രൂപയുടെ ബജറ്റാണ്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ എസ് വിജയ അധ്യക്ഷയായ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഒ എം ജോര്‍ജ്, സി അസൈനാര്‍, നസീറ ഇസ്മയില്‍, പ്രസന്ന ശശീന്ദ്രന്‍, സെക്രട്ടറി കെ പി രഘുനാഥ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.