Connect with us

Wayanad

അരിവയല്‍ ആദിവാസി കോളനിക്കാര്‍ക്ക് താമസയോഗ്യമായ വീടില്ലെന്ന് പരാതി

Published

|

Last Updated

ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരസഭാ പരിധിയിലെ തുറപ്പള്ളി അരിവയല്‍ ആദിവാസി കോളനിയിലെ ആദിവാസികള്‍ക്ക് താമസയോഗ്യമായ വീടില്ലെന്ന് പരാതി. പുല്‍വീടുകളിലാണ് ആദിവാസികള്‍ ഇപ്പോഴും കഴിയുന്നത്. ഇവരുടെ നരക തുല്യമായ ജീവിതത്തിന് അറുതിവരുത്താന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. 20ഓളം കുടുംബങ്ങളാണ് ഇവിടെ അതിവസിക്കുന്നത്. പുല്‍വീടുകളിലാണ് ഇവരുടെ അന്തിയുറക്കം.
പുഴയോരത്താണ് ഇവരുടെ വീടുകള്‍ സ്ഥിതിചെയ്യുന്നത്. മഴക്കാലമായാല്‍ പുഴയിലും, തോടിലും ജലം നിറഞ്ഞ് വീടുകള്‍കുള്ളില്‍ വെള്ളം കയറും. ഇത് നിത്യസംഭവമാണ്. കരിമ്പന്‍, രാമന്‍, കോപ്പന്‍, കാലന്‍, കുഞ്ചന്‍, കൃഷ്ണന്‍ തുടങ്ങിയവരാണ് വീടില്ലാതെ പ്രയാസപ്പെടുന്നത്. ആദിവാസി ക്ഷേമത്തിന് സര്‍ക്കാര്‍ വര്‍ഷാവര്‍ഷം കോടികളാണ് വകയിരുത്തുന്നതെങ്കില്‍ ഇവരുടെ ക്ഷേമത്തിന് ആരുടെയും കൈതാങ്ങില്ല. വൈദ്യുതി, നടപ്പാത എന്നി സൗകര്യങ്ങള്‍ കോളനിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ശാശ്വതമായ ശുദ്ധജലവിതരണ പദ്ധതി ആവിഷ്‌കരിച്ചിട്ടില്ല. റോഡ് സൗകര്യം ഇല്ലാത്തത് ഇവര്‍ക്ക് വലിയ ദുരിതമായിട്ടുണ്ട്. മഴക്കാലങ്ങളില്‍ വീടുകളിലേക്ക് വെള്ളം കയറുന്ന സമയത്ത് ഇവരെ തുറപ്പള്ളിയിലെ ഗവ. സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിക്കാറാണ് പതിവ്. സംഭവസമയത്ത് രാഷ്ട്രീയക്കാര്‍ വന്ന് ചെറിയ തുക നല്‍കി ഇവരെ ആശ്വസിപ്പിക്കും. താമസയോഗ്യമായ വീട് ഇവരുടെ സ്വപ്‌നമായി മാറിയിരിക്കുകയാണ്. വീടില്ലാതെ കഷ്ടപ്പെടുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് താമസയോഗ്യമായ ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കണമെന്നാണ് ആദിവാസികളുടെ ആവശ്യം.