പാറ ഖനനത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് നടത്തി

Posted on: March 31, 2015 12:13 pm | Last updated: March 31, 2015 at 12:13 pm
SHARE

.പനമരം: അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പനമരം ഗ്രാമപഞ്ചായത്തിലെ കുറുമ്പാലക്കോട്ടമലയില്‍ പനമരം പഞ്ചായത്ത് പ്രസിഡന്റ് നടത്തുന്ന പാറ ഖനനത്തില്‍ പ്രതിഷേധിച്ച് ഭാരതീയ ജനതാപാര്‍ട്ടി പനമരം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി മോഹനന്റെ വസതിയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. ഒരുവിഭാഗം ആദിവാസിയുവാക്കള്‍ക്ക് മദ്യവും മറ്റും വിളമ്പി അവരെ ഉപയോഗിച്ച് സമരം തടയാന്‍ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ ശ്രമവും പരാജയപ്പെട്ടു.
പനമരം ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡില്‍പ്പെട്ട പരിസ്ഥിതിലോലപ്രദേശമായ കുറുമ്പാലക്കോട്ട മലമുകളിലാണ് സ്വാര്‍ഥ താല്‍പ്പര്യത്തിനായി പഞ്ചായത്ത് പ്രസിഡന്റു തന്നെ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് പാറ ഖനനം നടത്തുന്നത്. മലമുകളിലുള്ള ആറോളം ആദിവാസി കുടുംബങ്ങള്‍ക്ക് വീട്ടിലേക്കുള്ള വഴിയൊരുക്കാനെന്നുപറഞ്ഞ് വന്‍തോതില്‍ പാറഖനനമാണ് ഇവിടെ നടത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രവൃത്തി തടയുകയായിരുന്നു. നിലവില്‍ മലയുടെ മുകളിലേക്ക് എട്ട് മീറ്റര്‍ വീതിയില്‍ റോഡ് ഉണ്ടായിരിക്കെയാണ് ആദിവാസികളുടെ ഉന്നമനത്തിനെന്ന വ്യാജേന പരിസ്ഥിതി ലോലപ്രദേശത്തു കൂടി വന്‍തോതില്‍ പാറഖനനം നടത്തി പടികളുണ്ടാക്കുന്നത്. ഇവിടെ നിര്‍മിക്കാനുദ്ദേശിക്കുന്ന സ്വകാര്യ റിസോര്‍ട്ടിനുവേണ്ടിയാണ് പടികളുണ്ടാക്കുന്നതെന്നാണ് പറയപ്പെടുന്നത്. കുറുമ്പാലകോട്ടമലയില്‍ ഒരുതരത്തിലുള്ള ഖനനവും അനുവദനീയമല്ലെന്ന ഉത്തരവ് നിലനില്‍ക്കെയാണ് പൊതുജനങ്ങളുടെ നികുതിപൈസ സ്വാര്‍ഥലാഭത്തിനായി ഉപയോഗിക്കുന്നത്.
കുറുമ്പാലകോട്ടമലയില്‍ ഇങ്ങനെ ഒരു പ്രവൃത്തിക്ക് അനുമതി നല്‍കിയിട്ടില്ലെന്നും ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശമായതിനാല്‍ മലയുടെ പ്രദേശങ്ങളില്‍നിന്നും യാതൊരുവിധ ഖനനാനുമതിയും അനുവദനീയമല്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. ഒരു സുരകക്ഷാസംവിധാനവുമില്ലാതെയാണ് മലമുകളില്‍നിന്ന് പാറ പൊട്ടിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക്മുന്‍പ് പ്രകൃതിക്ഷോഭമുണ്ടായ സമയത്ത് ജൈവ വൈവിധ്യ സംരക്ഷണപ്രദേശമായ സ്ഥലത്തെ ഒരു കൂറ്റന്‍പാറ അടര്‍ന്ന് നീങ്ങിയിരുന്നു. ഇപ്പോള്‍ നടക്കുന്ന പ്രവൃത്തിമൂലം വന്‍ പാറക്കല്ലുകള്‍ ഏത് സമയവും അടര്‍ന്ന് നിലം പതിക്കാവുന്ന അവസ്ഥയിലുമാണ്. ഇത് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മലയുടെ താഴെപ്രദേശങ്ങളിലുള്ള വീടുകള്‍ക്കും വന്‍ ഭീഷണിയാണുയര്‍ത്തുന്നത്. മലമുകളിലുള്ള ആദിവാസികുടുംബങ്ങളാകട്ടെ ഇപ്പോഴും ചെറ്റകുടിലിലാണ് കഴിയുന്നത് പാറഖനനം അവര്‍ക്ക് ദോഷം മാത്രമാണുണ്ടാക്കുന്നത്.
പനമരം ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും കുടിവെള്ളമെത്തിക്കുന്ന ജലസംഭരണി ഇതിനോടുചേര്‍ന്നാണ്. കുറുമ്പാലക്കോട്ടമലയിലുണ്ടായേക്കാവുന്ന അത്യാഹിതങ്ങള്‍മൂലം കോട്ടത്തറ, പനമരം ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് വലിയതോതിലുള്ള ദോഷമാണ് സംഭവിക്കുക.