സൂര്യതാപത്തിനെതിരെ മുന്‍കരുതലെടുക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Posted on: March 31, 2015 12:09 pm | Last updated: March 31, 2015 at 12:09 pm
SHARE

മലപ്പുറം: അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സൂര്യതാപം ഏല്‍ക്കാതിരിക്കാനുളള മുന്‍കരുതലുകള്‍ പൊതുജനങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ഇതുവരെ മൂന്ന് പേര്‍ക്ക് സൂര്യതാപം ഏറ്റിട്ടുണ്ട്. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്നും ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അവസ്ഥയാണ് സൂര്യതാപം ഏറ്റുള്ള താപ ശരീര ശോഷണം (ഹീറ്റ് എക്‌സോഷര്‍). ചൂട് കാലാവസ്ഥയില്‍ ശക്തമായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും ഇത് അധികമായി കണ്ടു വരുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിക്കണം. ഓരോ മണിക്കൂര്‍ കൂടുമ്പോഴും രണ്ട്-നാല് ഗ്ലാസ് വെളളമെങ്കിലും കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം എന്നിവയും കുടിക്കാം. വെയിലത്ത് പണിയെടുക്കുന്നവര്‍ ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ ജോലി ഒഴിവാക്കണം. കട്ടികുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ശക്തമായ വെയിലത്ത് ജോലിചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലിലേയ്ക്ക് മാറി നില്‍ക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. വീടിന് അകത്തിരിക്കുമ്പോള്‍ ജനലുകള്‍ തുറന്നിടുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തി പോകാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്. സൂര്യതാപമേറ്റാല്‍ ഉടന്‍ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഡോ. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു.