Connect with us

International

പശ്ചിമേഷ്യ ബാന്‍ കി മൂണിന്റെ സന്ദര്‍ശനത്തിനിടെ ബഗ്ദാദില്‍ ഇരട്ട സ്‌ഫോടനം; 11 മരണം

Published

|

Last Updated

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ ചുരുങ്ങിയത് 11 പേരെങ്കിലും കൊല്ലപ്പെട്ടു. 26 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ബഗ്ദാദിലെത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് നഗരത്തെ ഞെട്ടിച്ച് ഇരട്ട സ്‌ഫോടനങ്ങള്‍ നടന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇറാഖ് അധികൃതരുമായി ചര്‍ച്ചക്കെത്തിയതായിരുന്നു അദ്ദേഹം.
വടക്കുകിഴക്കന്‍ ബാഗ്ദാദിലെ ഹുസൈനിയ്യ ജില്ലയില്‍ വാണിജ്യമേഖലയിലാണ് ഇരട്ട സ്‌ഫോടനങ്ങള്‍ നടന്നത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഒരേ സമയം പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ രണ്ട് പോലീസുകാരും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
അതിനിടെ ബാന്‍ കി മൂണ്‍ ബഗ്ദാദിലെത്തിയിട്ടുണ്ടെന്ന വാര്‍ത്ത യു എന്‍ മിഷന്‍ യു എന്‍ ഐ എം ഐ സ്ഥിരീകരിച്ചു. എന്നാല്‍ ചര്‍ച്ചകളുടെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇറാഖ് പ്രസിഡന്റ് ഫുആദ് മഅ്‌സൂം, വിദേശകാര്യ മന്ത്രി ഇബ്‌റാഹിം അല്‍ജഫാരി, പാര്‍ലിമെന്റ് സ്പീക്കര്‍ സലിം അല്‍ജബൗരി എന്നിവരുമായി ബാന്‍ കി മൂണ്‍ ചര്‍ച്ച നടത്തി.