Connect with us

International

പാക്കിസ്ഥാനില്‍ പത്ത് വര്‍ഷം കൊണ്ട് യു എസ് 48,000 സാധാരണക്കാരെ കൊന്നൊടുക്കി

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ തീവ്രവാദികള്‍ക്ക് നേരെ അമേരിക്കയുടെ നേതൃത്വത്തില്‍ പത്ത് വര്‍ഷം നടത്തിയ ആക്രമണങ്ങളില്‍ 48,000 പൗരന്‍മാരുള്‍പ്പെടെ 80,000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. “മൃതശരീരങ്ങളുടെ എണ്ണം: തീവ്ര വാദികള്‍ക്കെതിരെ പത്ത് വര്‍ഷം നടത്തിയ യുദ്ധത്തില്‍ പൊലിഞ്ഞ ജീവിതങ്ങള്‍ “” എന്ന തലക്കെട്ടിലാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 2004ലെ ആക്രമണം മുതല്‍ 2013ല്‍ യുദ്ധം അവസാനിക്കുന്നത് വരെയുള്ള കണക്കുകളാണ് റിപ്പോര്‍ട്ട് പരിഗണിച്ചത്. ഇതനുസരിച്ച് 48,504 പൗരന്മാര്‍, 45 മാധ്യമ പ്രവര്‍ത്തകര്‍, ഡ്രോണ്‍ ആക്രമത്തില്‍ കൊല്ലപ്പെട്ട 416 നും 951നുമിയിലുള്ള പൗരന്‍മാര്‍, 5,498 സുരക്ഷാ ഉദ്യോഗസ്ഥര്‍, 26,862 സൈനികര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 81,325 നും 81,860 നും ഇടക്കാണ് മരണപ്പെട്ടവരുടെ കണക്കെന്നാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇതിന് പുറമേ ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഇതേസമയത്ത് തന്നെ അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ 1.3 ദശ ലക്ഷം പൗരന്‍മാര്‍ നേരിട്ടും അല്ലാതെയും കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇറാഖില്‍ ഒരു ദശലക്ഷം പേരുടെയും അഫ്ഗാനില്‍ 2,20,000 പേരുടെയും ജീവന്‍ കവര്‍ന്നതാണ് ഇവിടങ്ങളില്‍ നടത്തിയ ആക്രമണങ്ങളുടെ ഫലമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പുറത്ത് വരുന്നതിനേക്കാള്‍ ഏതാണ്ട് പത്തിരട്ടിയായിരിക്കും ഇവയുടെ യഥാര്‍ഥ കണക്കുകള്‍. അഭിപ്രായ സര്‍വേ നടത്തിയവരും ഈ മേഖലയിലെ നിപുണരും ഇതേക്കുറിച്ച് ബോധവാന്‍മാരാണ് . ഇത് കേവലം സൂക്ഷിക്കപ്പെട്ട കണക്കുകള്‍ മാത്രമാണ്. മൂന്ന് രാജ്യങ്ങളിലായി കൊല്ലപ്പെട്ട ആളുകളുടെ എണ്ണം ഇരുപത് ലക്ഷമെങ്കിലും കാണും -യുദ്ധത്തെ കുറിച്ച് പഠനം നടത്തുന്ന സംഘം വ്യക്തമാക്കി. യു എന്‍ സംഘടനകള്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍, വ്യക്തികള്‍ നടത്തിയ പഠനങ്ങള്‍ , ഗവണ്‍മെന്റ് ഏജന്‍സികളും ഗവര്‍ണ്‍മെന്റേതര സംഘടനകളും പുറത്തു വിട്ട കണക്കുകള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് പ്രസ്തുത റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. എങ്ങനെയായാലും പൗരന്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരുമുള്‍പ്പെടെ 60,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു.

Latest