കടുവ റിപ്പബ്ലിക്

Posted on: March 31, 2015 10:32 am | Last updated: March 31, 2015 at 10:32 am
SHARE

കടുവ സംരക്ഷണ അതോറിറ്റിയുടെ പുതിയ മാര്‍ഗരേഖ ഇങ്ങനെ വായിക്കാം:
1. ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയാല്‍ ജനങ്ങളുടെ പ്രതിഷേധം ഉണ്ടാകാതെ നോക്കണം; തടയണം.
2. ജനങ്ങളെ നേരിടാന്‍ ആവശ്യമെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണം.
3. കടുവ വളര്‍ത്തുമൃഗങ്ങളെ പിടിച്ചാല്‍ ശല്യപ്പെടുത്തരുത്. പൂര്‍ണമായി ഭക്ഷിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കണം.
4. ഭക്ഷിച്ച ശേഷം ഉപേക്ഷിച്ചുപോകുന്ന വളര്‍ത്തുമൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ എടുത്തുമാറ്റരുത്.
5. കാര്യങ്ങളെല്ലാം ജില്ലാ കലക്ടറോ ജില്ലാ മജിസ്‌ട്രേറ്റോ പോലീസ് സൂപ്രണ്ടോ നേരിട്ട് വിലയിരുത്തണം.
6. ആള്‍ക്കൂട്ടവും പ്രതിഷേധവുമുണ്ടായാല്‍ കടുവക്ക് വനത്തിലേക്ക് തിരിച്ചുപോകാന്‍ തടസ്സമുണ്ടാകും.
7.വളര്‍ത്തുമൃഗങ്ങളെ വനത്തില്‍ മേയ്ക്കാന്‍ കൊണ്ടുപോകുന്നതും വനഭൂമി കൈയേറുന്നതുമാണ് കടുവകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിന് പ്രധാന കാരണം.
ജനവാസ മേഖലകളില്‍ കടുവ ഇറങ്ങുന്നത് വലിയ ആശങ്കകള്‍ (ആര്‍ക്ക്, കടുവ സ്‌നേഹികള്‍ക്കോ മനുഷ്യര്‍ക്കോ ?) ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രവര്‍ത്തന മാര്‍ഗരേഖ ദേശീയ കടുവ സംരക്ഷണ അതോറിറ്റി പുറത്തിറക്കിയത്. ഇതുനുസരിച്ചുള്ള നടപടികള്‍ക്ക് കേരള സംസ്ഥാന വനം വകുപ്പ് നിര്‍ദേശം നല്‍കുകയും ചെയ്തു.
പ്രഥമ ദൃഷ്ട്യാ തന്നെ മനുഷ്യവിരുദ്ധവും മൃഗാനുകൂലവുമായ ഒരു മാര്‍ഗരേഖയാണ് വന്നിരിക്കുന്നത്. വിശദീകരണത്തിന്റെ ആവശ്യമില്ലാതെ തന്നെ മാര്‍ഗരേഖയിലെ ഓരോ നിര്‍ദേശങ്ങളും വാചാലമാകുന്നുണ്ട്. സംഗതിയുടെ തൂക്കം ആര്‍ക്കനുകൂലമാണെന്ന് വ്യക്തമാക്കിത്തരുന്നുണ്ട്.
ഇവിടെ ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം, കടുവയുടെ വാസസ്ഥലമായ കാട്ടിലേക്ക് മനുഷ്യര്‍ പോക്രിത്തരത്തിന് പോയ കേസല്ല, മറിച്ച് മനുഷ്യര്‍ സകല പ്രാരാബ്ധങ്ങളുമായി കഴിഞ്ഞുകൂടുന്ന അവന്റെ കുടിയിലേക്ക് കടുവ അതിക്രമിച്ചുവന്നാല്‍ എടുക്കേണ്ട കാര്യങ്ങളാണ് എന്നതാണ്.
യാതൊരു പ്രതിഷേധവുമില്ലാതെ നോക്കണം എന്നാണ് പറയുന്നത്.! എന്നു പറഞ്ഞാല്‍, ഇവിടെ വന്ന് തിരിച്ച് കാട്ടിലെത്തിയാല്‍, അലാറം വെച്ച് പുലര്‍ച്ചെ എണീറ്റ് രാവിലെത്തന്നെ അടുത്ത ദിവസവും നാട്ടിലിറങ്ങാന്‍ കടുവക്ക് തോന്നണം. ‘എനിക്ക് നാട്ടില്‍ ഉജ്ജ്വല സ്വീകരണം ലഭിച്ചെ’ന്ന് കമ്പനിക്കാരോടൊക്കെ പറയാന്‍ കഴിയണം. അവരും വരട്ടെ അടുത്ത ദിവസം ആടിനെ പിടിക്കാന്‍.
സ്വന്തം പശുവിനെ കടിച്ചുകീറുന്നത് കണ്ട് ഏതെങ്കിലും വീട്ടമ്മ അലമുറയിട്ട് ആളെക്കൂട്ടാന്‍ നോക്കിയാല്‍, കൂട്ടം കൂടുന്നത് തടയാന്‍ നിരോധനാജ്ഞ പുറപ്പെടുവിക്കണം എന്നാണ് ഉത്തരവ്. നിരോധനാജ്ഞ ലംഘിച്ചാല്‍ എന്താണെന്ന് പിറകെ വരുമല്ലോ. വെടി. കടുവക്ക് നേരെയല്ല, നാട്ടുകാര്‍ക്ക് നേരെ.!
വീടിനടുത്ത ആലയില്‍ കെട്ടിയ 10 ലിറ്റര്‍ പാല് കിട്ടുന്ന നല്ല ശീമപ്പശുവിന്റെ മിനുമിനുത്ത മേനിയില്‍ നഖം ആഴ്ത്തി മാംസള ഭാഗങ്ങള്‍ കടിച്ചുമുറിച്ച് വെട്ടിവിഴുങ്ങുമ്പോള്‍… വീട്ടുവരാന്തയിലുണ്ടെങ്കിലും മിണ്ടിപ്പോകരുത്. കുട്ടികള്‍ കരയാതെ നോക്കണം. ടി വിയോ റേഡിയോയോ ശബ്ദിക്കുന്നെങ്കില്‍ ഓഫ് ചെയ്യണം.!
ഭക്ഷിച്ച ശേഷം, ഉപേക്ഷിച്ചുപോയ അവശിഷ്ടങ്ങള്‍ അവിടെ തന്നെ വെച്ചേക്കണം. കഴിയുമെങ്കില്‍ മുളകും കൂട്ടി കുറച്ച് ചമ്മന്തി പൊടിച്ചുവെക്കാനും മറക്കരുത്.!
ഇങ്ങനെ കടുവകളെ സംരക്ഷിച്ചിട്ട് എന്താണ് ലക്ഷ്യമിടുന്നത്? മനുഷ്യനെ അഭിമുഖീകരിക്കാത്ത ഉത്തരവുകള്‍ ചുട്ടെടുക്കപ്പെടുന്നത് ഏത് കാഴ്ചബംഗ്ലാവില്‍ നിന്നാണ്? നമ്മുടെ ഉദ്യോഗസ്ഥര്‍ക്കും ഭരണവര്‍ഗത്തിനും സാധാരണ മനുഷ്യരുടെ ജീവിതവുമായുള്ള ബന്ധം ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്.
ഇപ്പോള്‍ നാട്ടിലെ ഒരു ശരാശരി അവസ്ഥ എന്താണ്? ടൗണുകളെല്ലാം തെരുവു നായ്ക്കളുടെയും പേപ്പട്ടികളുടെയും പിടിയില്‍. കാടിനോടടുത്ത ഗ്രാമങ്ങളിലും മലയോരങ്ങളിലുമെല്ലാം വന്യമൃഗങ്ങളുടെ ഭീഷണി. കടുവ, കട്ടാന, കാട്ടുപന്നി എല്ലാവരും മനുഷ്യരെയും മനുഷ്യര്‍ വളര്‍ത്തുന്ന മൃഗങ്ങളെയും കൊന്നുതിന്നുകയാണ്; പൂതി തീരുവോളം.
അപ്പോള്‍ ഈ കടുവ റിപ്പബ്ലിക്കില്‍ മനുഷ്യരുടെ ഇടമെവിടെയാണ്?