ലോകകപ്പ് ട്രോഫി കൊടുക്കുന്നിടത്ത് ചെയര്‍മാനെന്ത് കാര്യം?

Posted on: March 31, 2015 4:58 am | Last updated: March 31, 2015 at 10:00 am
SHARE

n-srinivasan-michael-clarke-world-cupന്യൂഡല്‍ഹി: ലോകകപ്പ് ട്രോഫി ആസ്‌ത്രേലിയക്ക് കൈമാറുവാനുള്ള അവകാശം ഐ സി സി ചെയര്‍മാന്‍ എന്‍ ശ്രീനിവാസന്‍ തട്ടിയെടുത്തതായി ഐ സി സി പ്രസിഡന്റ് മുസ്തഫ കമാല്‍ ആരോപിച്ചു.
ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി വിദഗ്‌ധോപദേശം തേടിയിട്ടുണ്ട് കമാല്‍. ജേതാക്കള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കുന്ന ചടങ്ങില്‍ ചെയര്‍മാന്‍ എന്‍ ശ്രീനിവാസന്‍, ഐ സി സി സി ഇ ഒ ഡേവ് റിചാര്‍ഡ്‌സന്‍, ടൂര്‍ണമെന്റ് അംബാസഡര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ക്രിക്കറ്റ് ആസ്‌ത്രേലിയ മേധാവി വാലി എഡ്വാര്‍ഡ്‌സ് എന്നിവരാണ് സംബന്ധിച്ചത്.
എന്നാല്‍, ഐ സി സി ചട്ടപ്രകാരം ലോകജേതാക്കള്‍ക്കുള്ള ട്രോഫി സമ്മാനിക്കേണ്ടത് ഐ സി സി പ്രസിഡന്റാണ്. കമ്മിറ്റി യോഗത്തില്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചെങ്കിലും തനിക്കലുകൂലമായല്ല കാര്യങ്ങള്‍ നീങ്ങിയതെന്ന് മുസ്തഫ കമാല്‍ പറഞ്ഞു.
ലോകകപ്പ് അമ്പയര്‍മാരെ അധിക്ഷേപിക്കുകയും ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഐ സി സി തീരുമാനിച്ച പ്രകാരമാണ് നടന്നതെന്നുമുള്ള ഗുരുതരമായ ആരോപണമുന്നയിച്ചതിനെയും തുടര്‍ന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബി സി ബി) പ്രസിഡന്റായ മുസ്തഫ കമാലിനെ ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തിയതെന്ന് ഐ സി സി വൃത്തങ്ങള്‍ പറയുന്നു.