Connect with us

Sports

2016 യൂറോ യോഗ്യതാ റൗണ്ട്: പോര്‍ച്ചുഗല്‍, ജര്‍മനി ജയിച്ചു

Published

|

Last Updated

ലിസ്ബണ്‍: 2016 യൂറോ യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗല്‍, ജര്‍മനി, റുമാനിയ, സ്‌കോട്‌ലാന്‍ഡ്, അല്‍ബാനിയ, വടക്കന്‍ അയര്‍ലാന്‍ഡ് ടീമുകള്‍ക്ക് ജയം.
ഗ്രൂപ്പ് ഐയില്‍ പോര്‍ച്ചുഗല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെര്‍ബിയയെയാണ് തോല്‍പ്പിച്ചത്. തുടരെ മൂന്നാം ജയത്തോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളില്‍ ഒമ്പത് പോയിന്റാണ് പോര്‍ച്ചുഗലിന്. നാല് മത്സരങ്ങളില്‍ ഏഴ് പോയിന്റ് വീതമുള്ള ഡെന്‍മാര്‍ക്ക്, അല്‍ബാനിയ ടീമുകള്‍ രണ്ടും മൂന്നും സ്ഥാനത്ത്. സെര്‍ബിയ, അര്‍മേനിയ ടീമുകള്‍ക്ക് ഒരു പോയിന്റ് മാത്രമാണുള്ളത്.
റിക്കാര്‍ഡോ കാര്‍വാലോയും റയല്‍മാഡ്രിഡ് താരം ഫാബിയോ കോയിന്‍ട്രാവോയുമാണ് പോര്‍ച്ചുഗലിനായി ലക്ഷ്യം കണ്ടത്. നെമാന്‍ജ മാറ്റിചാണ് സെര്‍ബിയയുടെ സ്‌കോറര്‍.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിച്ച പോര്‍ച്ചുഗല്‍ നിരയില്‍ ഡിഫന്‍സിലെ അതികായന്‍ പെപെ ഇല്ലായിരുന്നു. പെപെയുടെ അഭാവത്തില്‍ ബ്രൂണോ ആല്‍വസിനൊപ്പം വെറ്ററന്‍ താരം കാര്‍വാലോയാണ് സെന്‍ട്രല്‍ ഡിഫന്‍സില്‍ കളിച്ചത്.
പത്താം മിനുട്ടില്‍ സെര്‍ബിയന്‍ ഗോളി വ്‌ലാദ്മിര്‍ സ്റ്റോകോവിചിന്റെ വലയില്‍ പന്തെത്തിച്ച് മുപ്പത്താറുകാരനായ മൊണാക്കോ ഡിഫന്‍ഡര്‍ കാര്‍വാലോ പോര്‍ച്ചുഗലിന് നിര്‍ണായക ലീഡ് നേടി. കോയിന്‍ട്രാവോയുടെ ക്രോസ് പാസില്‍ ഹെഡറിലൂടെയാണ് കാര്‍വാലോയുടെ ഗോള്‍. എട്ട് വര്‍ഷത്തിനിടെ കാര്‍വാലോയുടെ ആദ്യ രാജ്യാന്തര ഗോളായി ഇത്.
സെര്‍ബിയയാകട്ടെ പുതിയ കോച്ച് റഡോവന്‍ കുര്‍സിചിന് കീഴില്‍ ആദ്യ രാജ്യാന്തര മത്സരമാണ് കളിച്ചത്. അറുപത്തൊന്നാം മിനുട്ടില്‍ ചെല്‍സി മിഡ്ഫീല്‍ഡര്‍ മാറ്റിചാണ് സെര്‍ബിയയുടെ സമനില ഗോള്‍ നേടിയത്. അമ്പത്തെട്ടായിരത്തോളം വരുന്ന പോര്‍ച്ചുഗീസുകാരെ ആഹ്ലാദത്തിലാറാടിച്ചു കൊണ്ട് കോയിന്‍ട്രാവോയുടെ ഗോള്‍ മിനുട്ടുകള്‍ക്കകം സംഭവിച്ചു.
ഗ്രൂപ്പ് ഐയിലെ മറ്റൊരു മത്സരത്തില്‍ അര്‍മേനിയക്കെതിരെ അല്‍ബാനിയ പിറകില്‍ നിന്ന് തിരിച്ചുവരവ് നടത്തുകയായിരുന്നു. നാലാം മിനുട്ടില്‍ യുറ മോവിസായിന്റെ ഗോളില്‍ അര്‍മേനിയ ലീഡെടുത്തു. ഫൈനല്‍ വിസിലിന് പതിമൂന്ന് മിനുട്ട് ശേഷിക്കെ, പത്ത് പേരായി ചുരുങ്ങിയ അര്‍മേനിയയെ രണ്ട് ഗോളുകള്‍ തുടരെ നേടി അര്‍ബാനിയ ഞെട്ടിച്ചു. മെര്‍ജിം മവ്രാജ് സമനില ഗോളും പകരക്കാരന്‍ സ്‌കെല്‍സന്‍ ഗാഷി വിജയഗോളും നേടി.
ഗ്രൂപ്പ് ഡിയില്‍ ജോര്‍ജിയക്കെതിരെ ജര്‍മനിക്ക് ജയമുറപ്പാക്കിയത് മാര്‍കോ റ്യൂസിന്റെയും തോമസ് മുള്ളറിന്റെയും ഗോളുകളാണ്. ആദ്യ പകുതിക്ക് തൊട്ട് മുമ്പുള്ള അഞ്ച് മിനുട്ടിലാണ് ജര്‍മനി രണ്ട് ഗോളുകള്‍ നേടിയത്.
മരിയോ ഗോസെയുടെ മാന്ത്രിക നീക്കത്തില്‍ നിന്നായിരുന്നു മാര്‍കോ റ്യൂസിന് ഗോളൊരുങ്ങിയത്.
നാല്‍പ്പത്തിനാലാം മിനുട്ടില്‍ മുള്ളറുടെ ഗോളും വന്നു. രണ്ടാം പകുതിയില്‍ ലീഡുയര്‍ത്താന്‍ നിരവധി അവസരങ്ങളുണ്ടായിരുന്നു ജോക്വം ലോയുടെ ജര്‍മനിക്ക്. ഇതിലൊന്ന് റ്യൂസിന്റെ ഉഗ്രന്‍ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചതായിരുന്നു.
ജിബ്രാള്‍ട്ടറിനെതിരെ സ്റ്റീവന്‍ ഫ്‌ളെച്ചറുടെ ഹാട്രിക്ക് മികവില്‍ സ്‌കോട്‌ലാന്‍ഡ് 6-1ന് ജയിച്ചു കയറി. 1969ന് ശേഷം ആദ്യമായാണ് സ്‌കോട്ടിഷ് താരം രാജ്യാന്തര തലത്തില്‍ ഹാട്രിക്ക് നേടുന്നത്. ഷോണ്‍ മലോനി ഇരട്ടഗോളുകള്‍ നേടി. നെയ്‌സ്മിത്ത് ഒരു ഗോളും. ലി കാസെയ്‌റോയാണ് ജിബ്രാള്‍ട്ടറിന്റെ ആശ്വാസ ഗോളടിച്ചത്. പെനാല്‍റ്റിയിലൂടെ മലോനിയാണ് സ്‌കോട്‌ലാന്‍ഡിന്റെ എക്കൗണ്ട് തുറന്നത്. തൊട്ടടുത്ത മിനുട്ടില്‍ തന്നെ ജിബ്രാള്‍ട്ടര്‍ സമനില നേടി.
എന്നാല്‍, പത്ത് മിനുട്ടിനുള്ളില്‍ മൂന്ന് ഗോളുകള്‍ നേടി സ്‌കോട്‌ലാന്‍ഡ് ആദ്യ പകുതിയില്‍ 4-1ന് മുന്നിലെത്തി.
2009ന് ശേഷം ആദ്യമായി ഗോളടിച്ച ഫ്‌ളെച്ചര്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കിയത് തൊണ്ണൂറാം മിനുട്ടിലാണ്.
യോഗ്യതാ റൗണ്ടില്‍ അയര്‍ലാന്‍ഡിന്റെ സാധ്യതകള്‍ സജീവമാക്കിയത് ഷെയിന്‍ ലോംഗിന്റെ സമനിലഗോളാണ്. 91താം മിനുട്ടിലാണ് ഷെയിനിന്റെ ഗോള്‍. കരിയറിലെ പന്ത്രണ്ടാമത്തെ രാജ്യാന്തര ഗോളാണിത്. ഇരുപത്താറാം മിനുട്ടില്‍ പോളണ്ടിനായി സ്ലാവോമിര്‍ സെകോയാണ് ലീഡെടുത്തത്.
അഞ്ച് മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റോടെ പോളണ്ടാണ് ഗ്രൂപ്പില്‍ മുന്നിട്ട് നില്‍ക്കുന്നത്. പത്ത് പോയിന്റ് വീതമുള്ള ജര്‍മനിയും സ്‌കോട്‌ലാന്‍ഡും രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഗ്രൂപ്പ് എഫില്‍ ഫെറോ ഐലന്‍ഡിനെ തോല്‍പ്പിച്ച് റുമാനിയ കുതിപ്പ് തുടര്‍ന്നു. അഞ്ച് മത്സരങ്ങളില്‍ 13 പോയിന്റുമായി റുമാനിയ തലപ്പത്താണിപ്പോള്‍.
ഫിന്‍ലാന്‍ഡിനെ 1-2ന് മറികടന്ന വടക്കന്‍ അയര്‍ലാന്‍ഡ് പന്ത്രണ്ട് പോയിന്റോടെ തൊട്ട് പിറകിലുണ്ട്. അവസാന മിനുട്ടില്‍ ഗോളെന്നുറച്ച അവസരം റുമാനിയ ഗോളി കോസ്റ്റല്‍ പാന്റിലിമോന്‍ തട്ടിമാറ്റിയത് ഫെറോ ഐലന്‍ഡിന്‌സമനില നിഷേധിച്ചു.