Connect with us

National

ബുര്‍ദ്വാന്‍ സ്‌ഫോടനം: എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

കൊല്‍ക്കത്ത: ബുര്‍ദ്വാന്‍ സ്‌ഫോടന കേസില്‍ കൊല്‍ക്കത്തയിലെ പ്രത്യേക കോടതിയില്‍ എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചു. നാല് ബംഗ്ലാദേശി പൗരന്‍മാരടക്കം 21 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജമാഅതുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെ എം ബി) എന്ന തീവ്രവാദ സംഘടനക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ട്.
തീവ്രവാദ പ്രവര്‍ത്തനം, ഗൂഢാലോചന, റിക്രൂട്ട്‌മെന്റ്, ഫണ്ടിംഗ്, തീവ്രവാദ പരിശീലന ക്യാമ്പുകള്‍ നടത്തല്‍, ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സൂക്ഷിക്കുക, വ്യാജ രേഖ ചമക്കുക, വിദേശികളും പാസ്‌പോര്‍ട്ട് നിയമവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ മുതലായവയാണ് 21 പേര്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് എന്‍ ഐ എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം എന്‍ ഐ എ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബുര്‍ദ്വാനിലെ ഖഗ്രാഗഢില്‍ വീട്ടില്‍ കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിനാണ് സ്‌ഫോടനമുണ്ടായത്. ബോംബ് നിര്‍മിക്കുകയായിരുന്ന രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 18 പേരെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ബംഗ്ലാദേശിലെ ധാക്കയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പശ്ചിമബംഗാളിലെ മുര്‍ശിദാബാദ്, നാദിയ, മാള്‍ഡ, ബിര്‍ഭൂം, ബുര്‍ദ്വാന്‍, അസമിലെ ബാര്‍പെറ്റ, ഝാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച്, പാകൂര്‍ എന്നിവിടങ്ങളിലടക്കം വിവിധയിടങ്ങളില്‍ ജെ എം ബി ശൃംഖല സ്ഥാപിച്ചിട്ടുണ്ടെന്ന് എന്‍ ഐ എ പറയുന്നു. കേസുമായി ബന്ധപ്പെട്ട് 15 പേരെ പിടികിട്ടാനുണ്ട്. ഇവര്‍ ജെ എം ബിയുടെ പ്രവര്‍ത്തനത്തില്‍ സജീവമാണെന്നാണ് എന്‍ ഐ എ സംശയിക്കുന്നത്. സ്‌ഫോടനം നടന്ന് ദിവസങ്ങള്‍ക്കകം എന്‍ ഐ എ കേസ് ഏറ്റെടുത്തിരുന്നു.

Latest