രാഹുല്‍ ഏപ്രില്‍ 19ന് മുമ്പ് തിരിച്ചെത്തുമെന്ന് സൂചന

Posted on: March 31, 2015 2:51 am | Last updated: March 31, 2015 at 1:36 pm
SHARE

rahul_gandhiന്യൂഡല്‍ഹി: അവധിയില്‍പ്പോയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏപ്രില്‍ 19 ന് മുമ്പ് തിരിച്ചെത്തുമെന്ന് സൂചന നല്‍കി പാര്‍ട്ടിവൃത്തങ്ങള്‍. 19ന് ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ കോണ്‍ഗ്രസിന്റെ പ്രക്ഷോഭമുണ്ടെന്നും അതില്‍ രാഹുല്‍ പങ്കെടുക്കുമെന്നും പാര്‍ട്ടി നേതാവ് ദിഗ് വിജയ് സിംഗാണ് അറിയിച്ചത്. മഹാ കിസാന്‍ റാലിയെക്കുറിച്ച് സംസാരിക്കവേയാണ് ഗിദ്‌വിജയ് ഇത്തരത്തില്‍ സൂചന നല്‍കിയത്. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം കൊണ്ടു വരികയാണ് ഈ ഘട്ടത്തില്‍ പ്രധാനമെന്ന് സിംഗ് പറഞ്ഞു. റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘എല്ലാ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കു’മെന്ന് അദ്ദേഹം മറുപടി നല്‍കി. അതേസമയം, രാഹുല്‍ മടങ്ങി വരുന്നുവെന്ന് കേള്‍ക്കുന്നത് ഏറെ സന്തോഷമുണ്ടെന്ന് ബി ജെ പി വക്താവ് സാംബിത്ത് പത്ര പറഞ്ഞു. കാണാതായവര്‍ തിരിച്ചെത്തുന്നതില്‍ ആര്‍ക്കാണ് സന്തോഷമില്ലാതിരിക്കുകയെന്ന് അദ്ദേഹം പരിഹസിച്ചു.

രാഹുല്‍ അടുത്ത മാസം ഭീവണ്ടി കോടതിയില്‍ ഹാജരാകണം
ഭീവണ്ടി: മഹാത്മാ ഗാന്ധിയെ കൊന്നത് ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന പരാമര്‍ശം നടത്തിയതിന്റെ പേരില്‍ തനിക്കെതിരെ സമര്‍പ്പിക്കപ്പെട്ട മാനനഷ്ട കേസ് റദ്ദാക്കണമെന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ഹരജി കോടതി തള്ളി. കേസില്‍ അടുത്ത മാസം എട്ടിന് ഹാജരാകാന്‍ മഹാരാഷ്ട്രയിലെ ഭീവണ്ടി കോടതി നിര്‍ദേശം നല്‍കി.
ഹാജരാകാന്‍ ബുദ്ധിമുണ്ടെന്ന് കാണിച്ച് മുംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളിയതിനെ തുടര്‍ന്നാണ് ഭീവണ്ടി കോടതി രാഹുലിന് അടുത്ത മാസം എട്ടിന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആര്‍ എസ് എസ് നേതാവ് രാജേഷ് കുന്തെ ഭീവണ്ടി കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഹാജരാകാന്‍ നിര്‍ദേശം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭീവണ്ടിയില്‍ നടത്തിയ പ്രസംഗത്തിലാണ് ഗാന്ധിജിയെ വധിച്ചത് ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നും കൊലയാളിയായ നാഥുറാം ഗോഡ്‌സെയെ ആരാധിക്കാന്‍ ശ്രമിക്കുകയാണ് ആര്‍ എസ് എസ് ഇപ്പോഴെന്നും രാഹുല്‍ പറഞ്ഞത്.