മഹാരാഷ്ട്രയില്‍ മന്ത്രി തോക്കുമായി സ്‌കൂളിലെത്തിയത് വിവാദമായി

Posted on: March 31, 2015 12:01 am | Last updated: March 31, 2015 at 9:50 am
SHARE

മുംബൈ: മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്‍ തോക്കുമായി സ്‌കൂളിലെത്തിയത് വിവാദമായി. ജല്‍ഗാവ് ജില്ലയിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് പാന്റ്‌സിന്റെ പോക്കറ്റില്‍ പുറത്തേക്ക് കാണത്തക്ക രീതിയില്‍ തോക്കിട്ട് എത്തിയത്. തോക്കിന്റെ ഭാഗം പുറത്തേക്ക് തള്ളിനില്‍ക്കുന്നത് ചിത്രത്തില്‍ വ്യക്തമാണ്. മഹാജനെ ന്യായീകരിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രംഗത്തെത്തി.
കുട്ടികളുടെ പരിപാടിയില്‍ തോക്കുമായി പങ്കെടുത്തതില്‍ മഹാജനെതിരെ നടപടിയെടുക്കാനും വിശദീകരണം തേടാനും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 25 വര്‍ഷമായി സുരക്ഷാ കാരണങ്ങളാണ് ചെറിയ റിവോള്‍വര്‍ തന്റെ കൈവശമുണ്ടെന്നും സ്ഥിരമായി കൊണ്ടുനടക്കാറുണ്ടെന്നും മഹാജന്‍ പറഞ്ഞു. പാന്റ്‌സിന്റെ ഉള്ളിലെ കീശയിലാണ് വെക്കാറുള്ളത്. ലൈസന്‍സുള്ള ആയുധമാണ്. അത് കൊണ്ടുനടന്നതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. രാത്രിയില്‍ പോലും സംസ്ഥാനത്തിന്റെ ഉള്‍ഭാഗങ്ങളിലൂടെ അങ്ങോളമിങ്ങോളം യാത്ര ചെയ്യാറുണ്ട്. ഒരിക്കലും റിവോള്‍വര്‍ ദുരുപയോഗം ചെയ്തിട്ടില്ല. പൊതുജനങ്ങളുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയോ ആര്‍ക്കെങ്കിലും നേരെ ഉപയോഗിച്ചിട്ടോ ഇല്ല. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും പഠന സാമഗ്രികളും വിതരണം ചെയ്യുന്ന പരിപാടിയില്‍ ശനിയാഴ്ച പങ്കെടുത്തിരുന്നു. പോക്കറ്റില്‍ നിന്ന് അറിയാതെ പുറത്തേക്ക് വന്നതാണ് തോക്ക്. ഇതുകണ്ട ആരോ വിവാദമാക്കിയതാണ്. മഹാജന്‍ പറഞ്ഞു.
നിയമസഭയുടെ ഇരുവേദികളിലും വിഷയം എന്‍ സി പിയും കോണ്‍ഗ്രസും ഉന്നയിച്ചിട്ടുണ്ട്. സ്‌കൂളിലെ പരിപാടിക്ക് എന്തിനാണ് തോക്കുമായി പോയത്? അതിന്റെ ആവശ്യമെന്താണ്? ബീഹാര്‍ ശൈലി ഒരിക്കലും മഹാരാഷ്ട്രക്ക് ചേരില്ല. സംസ്ഥാന പോലീസില്‍ വിശ്വാസമില്ലാത്തതാണോ കാരണം? കൗണ്‍സിലിലെ പ്രതിപക്ഷ നേതാവ് ധനഞ്ജയ് മുണ്ടെ ചോദിച്ചു.
മഹാജന്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് ഫട്‌നാവിസ് നിയമസഭയില്‍ പറഞ്ഞു. എന്‍ സി പിയുടെ സുനില്‍ തത്കാരെയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മഹാജനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസും എന്‍ സി പിയും ആവശ്യപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തര വേള ബഹിഷ്‌കരിച്ചു. പ്രതിപക്ഷം അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് ഫട്‌നാവിസ് പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് മഹാജനുണ്ട്. ആയുധം കൈവശം വെക്കാനാണ് അല്ലാതെ വീട്ടില്‍ സൂക്ഷിക്കാനല്ല ലൈസന്‍സ് നല്‍കുന്നത്. അതേസമയം, പ്രദര്‍ശിപ്പിച്ചതില്‍ ചില നിര്‍ദേശങ്ങള്‍ മഹാജന് നല്‍കുമെന്നും ഫട്‌നാവിസ് പറഞ്ഞു.