Connect with us

National

മദന്‍മോഹന്‍ മാളവ്യക്ക് ഭാരതരത്‌ന സമര്‍പ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സ്വാതന്ത്ര്യ സമര സേനാനിയുമായ മദന്‍മോഹന്‍ മാളവ്യക്ക് മരണാനന്തര ബഹുമതിയായി ഭാരത രത്‌ന സമര്‍പ്പിച്ചു. രാഷ്ട്രപതി ഭവനില്‍ മാളവ്യയുടെ കുടുംബാംഗങ്ങള്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങളും സമ്മാനിച്ചു.
ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവര്‍ സംബന്ധിച്ചു. മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളും സന്നിഹിതരായിരുന്നു. അഭിഭിഷകന്‍ ഹരീഷ് സാല്‍വെ, മാധ്യമപ്രവര്‍ത്തകരായ സ്വപന്‍ ദാസ്ഗുപ്ത, രജത് ശര്‍മ എന്നിവര്‍ക്ക് പത്മഭൂഷണ്‍ സമ്മാനിച്ചു. സംവിധായകന്‍ സഞ്ജയ് ലീല ഭന്‍സാലി, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി, ഡോ. രണ്‍ദീപ് ഗുലേറിയ, ജനകീയ കാര്‍ട്ടൂണ്‍ കഥാപാത്രം ചാച്ചാ ചൗധരിയുടെ കര്‍ത്താവ് പ്രാണ്‍ കുമാര്‍ ശര്‍മ (മരണാനന്തരം), ബാഡ്മിന്റണ്‍ താരം പി വി സിന്ധു, ഹോക്കി താരം സര്‍ദാര സിംഗ്, എവറസ്റ്റ് ആരോഹകന്‍ അരുണിമ സിന്‍ഹ എന്നിവര്‍ക്ക് പത്ശ്രീ അവാര്‍ഡുകളും സമ്മാനിച്ചു.
കഴിഞ്ഞയാഴ്ച മുന്‍ പ്രധാനമന്ത്രി എ ബി വാജ്പയിക്ക് അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് രാഷ്ട്രപതി ഭാരതരത്‌ന സമ്മാനിച്ചിരുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ സ്ഥാപകനാണ് മാളവ്യ. 1861 ഡിസംബര്‍ 25ന് ജനിച്ച അദ്ദേഹം, 1886ല്‍ കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രസംഗിച്ചതോടെ മുന്‍നിര രാഷ്ട്രീയത്തിലിറങ്ങി. 1909ലും 1918ലും കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി പങ്കുകൊണ്ട അദ്ദേഹം ഹിന്ദു ദേശീയവാദത്തിന്റെ പ്രയോക്താവുമാണ്. തീവ്രവലതുപക്ഷമായ ഹിന്ദു മഹാസഭയുടെ ആദ്യകാല നേതാക്കളിലൊരാളുമായിരുന്നു.

Latest