സൂര്യതാപം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

Posted on: March 31, 2015 1:12 am | Last updated: March 31, 2015 at 9:13 am
SHARE

sunതിരുവനന്തപുരം: സൂര്യതാപത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. അന്തരീക്ഷതാപം പരിധിക്കപ്പുറമായി ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാകും. ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലാക്കുന്ന സൂര്യാഘാതത്തിന് ഇടയാക്കും.
ദാഹം തോന്നിയില്ലെങ്കിലും വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കണം. വെയിലത്ത് ജോലി ചെയ്യുന്നവര്‍ ഇടക്കിടെ തണലില്‍ നില്‍ക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം. കുട്ടികളെ വെയിലത്ത് വിടരുത്. യാത്രകളും ഒഴിവാക്കണം. വീടിനുള്ളില്‍ വായുസഞ്ചാരം സുഗമമാക്കാന്‍ പകല്‍ ജനാലകളും വാതിലുകളും തുറന്നിടുക. ത്വക്കിലും ശരീരത്തിലും അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ വെയിലത്ത് നിന്ന് മാറി തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കണം. കൈകാലുകളും മുഖവും കഴുകണം. പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടായാല്‍ അവ പൊട്ടിക്കാതെ ഡോക്ടറെ കാണുക.
കൃത്രിമ പാനീയങ്ങളും കോളകളും ഒഴിവാക്കി ശുദ്ധജലം കുടിക്കുക. ചൂടേല്‍ക്കുന്ന പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് ചില രാസപദാര്‍ഥങ്ങള്‍ വെള്ളത്തില്‍ കലരും. അത് അര്‍ബുദത്തിന് ഇടയാക്കും. അതുകൊണ്ട് തിളപ്പിച്ചാറിയ വെള്ളം കരുതുകയാണ് ഉത്തമം. എറിത്രോസിന്‍ ബി, എന്ന രാസപദാര്‍ഥം കുത്തിവെച്ച് തണ്ണിമത്തനെ കടുത്ത ചുവപ്പാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതും അര്‍ബുദത്തിന് കാരണമാകും.
സ്വന്തം വീട്ടുവളപ്പിലെ പഴവര്‍ഗങ്ങള്‍ പരമാവധി ഉപയോഗിക്കുക. വെയിലത്ത് ജോലി ചെയ്യുന്നവര്‍ രാവിലെ 11 വരെയും ഉച്ചക്ക് മൂന്ന് മണിക്ക് ശേഷവും ജോലി ചെയ്യണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.