ബാര്‍ കോഴയില്‍ മൂന്ന് മന്ത്രിമാര്‍ക്ക് കൂടി പങ്ക്: ബിജു രമേശ്

Posted on: March 30, 2015 10:07 pm | Last updated: April 1, 2015 at 12:19 am
SHARE

biju ramesh
തിരുവനന്തപുരം: ബാര്‍ കോഴ ഇടപാടില്‍ ധനമന്ത്രി കെ എം മാണിക്കു പുറമെ മൂന്ന് മന്ത്രിമാര്‍ക്ക് കൂടി പങ്കുണ്ടെന്ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിലൊരാള്‍ എക്‌സൈസ് മന്ത്രി കെ ബാബുവാണെന്ന് മൊഴി നല്‍കിയ ശേഷം ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ബിജു രമേശിന്റെ ആരോപണങ്ങളെ കുറിച്ച് പഠിച്ച ശേഷം ഇന്ന് പ്രതികരിക്കുമെന്ന് മന്ത്രി കെ ബാബു പറഞ്ഞു. കെ എം മാണിയെ രക്ഷിക്കാന്‍ ജോസ് കെ മാണി സാക്ഷികളെ സ്വാധീനിക്കാന്‍ ഇടപെടുന്നതുള്‍പ്പെടെയുള്ള ശബ്ദരേഖയും കോടതിക്ക് നല്‍കി. ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഫോണും മറ്റൊരു ഡി വി ഡിയുമാണ് അദ്ദേഹം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് രണ്ട് കെ വിഷ്ണുവിന് നല്‍കിയത്. മുപ്പത് പേജ് വരുന്ന രഹസ്യമൊഴിയും മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.
തന്റെ കൈവശമുള്ള എല്ലാ തെളിവുകളും രേഖകളും കോടതിക്ക് കൈമാറിയതായി ബിജു രമേശ് പറഞ്ഞു. എന്നാല്‍, മറ്റു മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്നാണ് എക്‌സൈസ് മന്ത്രി പല പ്രാവശ്യം ചാനലുകളില്‍ പറഞ്ഞത്. മാണി സാര്‍ വെള്ളം കുടിച്ച ശേഷം എക്‌സൈസ് മന്ത്രിയെ പിടിക്കാനാണിരുന്നത്. എക്‌സൈസ് മന്ത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്ന് ബിജു പറഞ്ഞു.
തെളിവുകള്‍ സംരക്ഷിക്കപ്പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കാതിരുന്നതു കൊണ്ടാണ് പൂര്‍ണവിവരങ്ങള്‍ കൈമാറാതിരുന്നത്. ഏതാനും പേര്‍ സംസാരിക്കുന്ന ഭാഗങ്ങള്‍ മാത്രമാണ് അന്വേഷണ സംഘത്തിന് കൈമാറിയതെങ്കില്‍, ദൃശ്യങ്ങളും ശബ്ദരേഖയുടമക്കം മുഴുവന്‍ രേഖകളും കോടതിക്ക് കൈമാറിയിട്ടുണ്ട്. കേസില്‍ നിന്ന് പിന്മാറാന്‍ തനിക്കും കുടുംബക്കാര്‍ക്കും മേല്‍ കടുത്ത സമ്മര്‍ദം ഉണ്ടായി. കുറ്റവാളികളെ പുറത്തു കൊണ്ടുവരാന്‍ ഭരണകൂടത്തിനും കോടതിക്കും കഴിയുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്.
കേസ് ജയിക്കാന്‍ ആവശ്യമായ സകല തെളിവുകളും നല്‍കിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തിന് ഇത് നൂറ് ശതമാനം ഗുണം ചെയ്യും. തെളിവുകള്‍ നല്‍കിയതിന്റെ പേരില്‍, ഇവരൊക്കെ ഏതു രീതിയില്‍ തനിക്കെതിരെ ആയുധവുമായിട്ട് ഇറങ്ങുമെന്ന് അറിയില്ല. എത്ര അഴിമതി പറഞ്ഞാലും യാതൊരു കൂസലുമില്ലാതെ രാജിപോലും വെക്കാതെയാണ് മാണി ഉള്‍പ്പെടെയുള്ളവര്‍ തിരിച്ചു പോരാടാന്‍ നില്‍ക്കുന്നത്. ഒരാളെയും രണ്ട് പേരെയുമൊക്കെ തടുത്തു നിര്‍ത്താന്‍ പറ്റും. മൊത്തത്തില്‍ അവര്‍ കയറി പണിയാന്‍ നിന്നാല്‍ താന്‍ രാജ്യം വിട്ടുപോകേണ്ട സാഹചര്യം ഉണ്ടാകുമെന്നും ബിജു രമേശ് പറഞ്ഞു.
ക്വാറി ഉടമകള്‍ക്ക് നികുതി ഇളവ് നല്‍കിയതിന്റെ പേരില്‍ കെ എം മാണി പത്ത് കോടി കോഴ വാങ്ങിയിട്ടുണ്ട്. ഇതുവഴി സംസ്ഥാന ഖജനാവിന് 350 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. അതിന്റെ പേരില്‍ പ്രത്യേക കേസ് വന്നാല്‍ ബന്ധപ്പെട്ടവരുടെ വിശദാംശങ്ങള്‍ നല്‍കും. കോഴ കൊടുത്ത കാര്യം ബേക്കറി ഉടമകള്‍ പുറത്തുപറയാത്തത് ഭയം കൊണ്ടാണെന്ന് ബിജു രമേശ് പറഞ്ഞു.
വിചാരണവേളയില്‍ സാക്ഷി കൂറുമാറാതിരിക്കാനായാണ് അന്വേഷണ സംഘം കോടതി മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിജു രമേശിന്റെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയത്.