Connect with us

National

ദുഃഖവെള്ളിയിലെ ജഡ്ജിമാരുടെ യോഗം മാറ്റില്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ദുഃഖവെള്ളി ദിനത്തില്‍ വിളിച്ചു ചേര്‍ത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ യോഗം മാറ്റാനാകില്ലെന്ന് സുപ്രീം കോടതി. ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള എതിര്‍പ്പ് വകവെക്കാതെയാണ് പരമോന്നത കോടതി ഈ നിലപാടെടുത്തത്. അടുത്തമാസം മൂന്നിന് നടക്കുന്ന ത്രിദിന സമ്മേളനം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവാണ് ഉദ്ഘാടനം ചെയ്യുന്നത്. ജസ്റ്റിസ് ദത്തുവും ജസ്റ്റിസ് എ കെ മിശ്രയും അടങ്ങിയ ബഞ്ചിന് മുമ്പാകെ അഡ്വക്കറ്റ് ലിലി തോമസ് ഇക്കാര്യം ഉന്നയിച്ചപ്പോഴാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.
ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മ ദിനമായി ക്രിസ്ത്യാനികള്‍ ആചരിക്കുന്ന ദുഃഖവെള്ളി വിശുദ്ധ ദിനമാണെന്നും ആത്മീയമായി ഏറെ പ്രാധാന്യമുള്ള ദിനമാണ് അതെന്നും അഡ്വ. ലിലി വാദിച്ചു. അത്‌കൊണ്ട് അന്നേക്ക് വിളിച്ചു ചേര്‍ത്ത സമ്മേളനം മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കോടതി തള്ളി. അവധി ദിനങ്ങളില്‍ മാത്രമേ ഇത്തരം യോഗങ്ങള്‍ നടത്താനാകുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു വ്യക്തമാക്കി. 2007ല്‍ ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം നടന്നത് ദുഃഖവെള്ളി ദിനത്തിലാണ്. 2009ല്‍ അത് സ്വാതന്ത്ര്യ ദിനത്തിലായിരുന്നു. 2004ല്‍ സമ്മേളനം വാല്‍മീകി ദിനത്തിലായിരുന്നു- ജസ്റ്റിസ് എച്ച് എല്‍ ദത്തു ചൂണ്ടിക്കാട്ടി. ഇത്തരം യോഗം നടക്കുമ്പോള്‍ കോടതികളുടെ പ്രവര്‍ത്തനത്തെ ബാധിക്കരുതെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. അന്നൊന്നും ഒരു പ്രതിഷേധവും അരങ്ങേറിയിരുന്നില്ലെന്നും ബഞ്ച് വിശദീകരിച്ചു.
ദുഃഖവെള്ളി ദിനത്തില്‍ ചീഫ് ജസ്റ്റിസുമാരുടെ വാര്‍ഷികയോഗം വിളിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ, ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന് കത്തയച്ചിരുന്നു. ദുഃഖവെള്ളിയുടെയും ക്രിസ്മസ് ദിനത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കും വിധവും ക്രൈസ്തവ സമൂഹത്തിന്റെ വികാരങ്ങളെ മാനിക്കും വിധവും അനുയോജ്യമായ നടപടി കൈക്കൊള്ളണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest