ബിജെപി ഇനി ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി

Posted on: March 30, 2015 3:19 pm | Last updated: March 31, 2015 at 10:04 am
SHARE

bjp logoന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറിയതായി റിപ്പോര്‍ട്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയെ പിന്തള്ളിയാണ് ബിജെപിയുടെ മുന്നേറ്റം. മിസ് കോളിലൂടെ മെമ്പര്‍ഷിപ്പ് നല്‍കുന്ന നാലുമാസം നീണ്ടുനിന്ന ‘ ഡയല്‍ എ മെമ്പര്‍ഷിപ്പ്’ പ്രചാരണം നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ നേട്ടം.

ഇന്നലെ വൈകീട്ടോടെ ബിജെപി അംഗസംഖ്യ 8.8 കോടി പിന്നിട്ടതോടെ 8.6 കോടി അംഗങ്ങളുള്ള സിപിസിയെ മറികടക്കുകയായിരുന്നു. 3.25 കോടിയായിരുന്ന പാര്‍ട്ടി അംഗസംഖ്യ 10 കോടിയാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അംഗത്വ ക്യാമ്പയിന്‍ ആരംഭിച്ചത്. ഇന്നും നാളെയുമായി 10 കോടി തികക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പുതിയ നേട്ടം സംബന്ധിച്ച് ബംഗളുരുവില്‍ അടുത്ത മാസം 3,4 തീയതികളിലായി നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപനം നടത്തിയേക്കും.
ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ അംഗത്വമെടുത്തത്. അതേസമയം പല സംസ്ഥാന നേതൃത്വങ്ങളും അംഗങ്ങളെ ചേര്‍ക്കുന്നതിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.