Connect with us

Kerala

മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ സ്വത്ത് വിവരം അന്വേഷിക്കണമെന്ന് ഗണേഷ് കുമാര്‍

Published

|

Last Updated

തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞ് അഴിമതിയിലൂടെ വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചെന്ന് കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ ലോകായുക്തയില്‍ മൊഴി നല്‍കി. മന്ത്രിയുടെ സ്വത്ത് വിവരങ്ങളും ആദായനികുതി രേഖകളും പരിശോധിക്കണമെന്ന് ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.
ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച തെളിവുകളെന്ന നിലയില്‍ ചില രേഖകളും ഫോട്ടോകളും ലോകായുക്തക്ക് മുന്നില്‍ ഹാജരാക്കി. മൊഴി നല്‍കുന്നതിനിടെ ഗണേഷ് വികാരാധീനനായി. ഏപ്രില്‍ പതിനാറിന് മുമ്പ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടു. ഏത് സാധാരണക്കാരനും വായിച്ചാല്‍ മനസ്സിലാകുന്ന രേഖ അഴിമതിയുടെ തെളിവായി താന്‍ ലോകായുക്തക്കു മുന്നില്‍ ഹാജരാക്കിയെന്നും ആര്‍ക്കും ബോധ്യമാകുന്ന ഞെട്ടിക്കുന്ന തെളിവുകളാണിതെന്നും മൊഴി നല്‍കിയ ശേഷം ഗണേഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിലെ രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടുവെങ്കിലും തനിക്ക് ലഭിച്ചില്ല. തെളിവുകള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കണം. കേസ് ആദായനികുതി വകുപ്പ് അന്വേഷിക്കണമെന്നും ഇബ്‌റാഹിംകുഞ്ഞിന്റെ കുടുംബത്തിന്റെ സ്വത്തുകള്‍ അന്വേഷിക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.
വ്യക്തിഹത്യ നടത്തി മാധ്യമ ശ്രദ്ധ നേടാനുള്ള ശ്രമങ്ങളാണ് ഗണേഷ് കുമാര്‍ നടത്തുന്നതെന്ന് മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞ് പ്രതികരിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആരോപണങ്ങള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും മന്ത്രി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Latest