ഇന്ത്യന്‍ സാന്നിദ്ധ്യമില്ലാതെ ഐസിസി ലോക ഇലവന്‍

Posted on: March 30, 2015 12:33 pm | Last updated: March 31, 2015 at 10:04 am
SHARE

maccullumഇന്ത്യന്‍ താരങ്ങളില്ലാതെ ഐ സി സി ലോകകപ്പ് ഇലവന്‍
ദുബൈ: ഐ സി സി ലോകകപ്പ് ഇലവന്റെ നായകനായി ന്യൂസിലാന്‍ഡിനെ മുന്നില്‍ നിന്ന് നയിച്ച ബ്രെണ്ടന്‍ മെക്കല്ലത്തെ തിരഞ്ഞെടുത്തു. ലോകകപ്പിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയ ഇലവനില്‍ ന്യൂസിലാന്‍ഡിന്റെ അഞ്ച് താരങ്ങളും ആസ്‌ത്രേലിയയുടെ മൂന്ന് പേരും ഇടം നേടി. അതേ സമയം, അപരാജിതരായി സെമിഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിലെ ഒരു താരം പോലും ലോക ഇലവനില്‍ ഇടം നേടിയില്ല. ദക്ഷിണാഫ്രിക്ക (രണ്ട് പേര്‍), ശ്രീലങ്ക (ഒന്ന്) ടീമുകളും പ്രാതിനിധ്യമറിയിച്ചു. പന്ത്രണ്ടാമന്‍ സിംബാബ്‌വെയുടെ ക്യാപ്റ്റന്‍ ബ്രെണ്ടന്‍ ടെയ്‌ലര്‍.
കോറി ആന്‍ഡേഴ്‌സന്‍, ട്രെന്റ് ബൗള്‍ട്ട്, മാര്‍ട്ടിന്‍ ഗുപ്ടില്‍, ഡാനിയല്‍ വെറ്റോറി എന്നിവരാണ് മെക്കല്ലത്തിന് പുറമെ ലോക ഇലവനില്‍ ഇടം നേടിയ കിവീസ് താരങ്ങള്‍. ആസ്‌ത്രേലിയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റിവന്‍ സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ച് എന്നിവരും ലോക ഇലവനിലുണ്ട്. ക്യാപ്റ്റന്‍ എ ബി ഡിവില്ലേഴ്‌സും മോര്‍നി മോര്‍ക്കലുമാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ റോളിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് ശ്രീലങ്കയുടെ കുമാര സങ്കക്കാരയാണ്. തുടരെ നാല് സെഞ്ച്വറികള്‍ നേടി ലോകകപ്പ്, ഏകദിന റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച സങ്കക്കാര തന്റെ വിരമിക്കല്‍ ശ്രദ്ധേയമാക്കിയിരുന്നു.
ഐ സി സി ജനറല്‍ മാനേജര്‍ (ക്രിക്കറ്റ്) ജെഫ് അലാഡൈസിന്റെ നേതൃത്വത്തിലുള്ള പാനലാണ് ഇലവനെ തിരഞ്ഞെടുത്തത്. ഇന്ത്യന്‍ പേസര്‍മാരായ ഉമേഷ് യാദവിനെയും മുഹമ്മദ് ഷമിയെയും സ്പിന്നര്‍ ആര്‍ അശ്വിനെയും അവസാന നിമിഷം വരെ പരിഗണിച്ചിരുന്നുവെന്ന് ജെഫ് പറഞ്ഞു. രണ്ട് ഡബിള്‍ സെഞ്ച്വറിയും മുപ്പത്തെട്ട് സെഞ്ച്വറിയും രണ്ട് ഹാട്രിക്കും 28 തവണ നാല് വിക്കറ്റ് പ്രകടനവും കണ്ട ലോകകപ്പ് എക്കാലത്തേയും മികച്ചതായിരുന്നു. മികച്ച പന്ത്രണ്ട് പേരെ കണ്ടെത്തുക പ്രയാസകരമായിരുന്നുവെന്നും ജെഫ് പറഞ്ഞു. ബംഗ്ലാദേശിന്റെ മഹ്മൂദുല്ല, യു എ ഇയുടെ ഷൈമാന്‍ അന്‍വര്‍ പാക്കിസ്ഥാന്‍ പേസര്‍ വഹാബ് റിയാസ്, ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ എന്നിവരും വ്യക്തിഗത പ്രഭാവം കൊണ്ട് മത്സരഗതി മാറ്റിമറിച്ചവരാണ്. ഇലവനില്‍ ഇടം നേടിയില്ലെങ്കിലും ഇവരുടെ സംഭാവനകള്‍ ചെറുതാകുന്നില്ലെന്ന് ഐ സി സി ജനറര്‍ മാനേജര്‍ പറഞ്ഞു.
2015 ലോകകപ്പ് ഇലവന്‍ (ബാറ്റിംഗ് ഓര്‍ഡറില്‍): മാര്‍ട്ടിന്‍ ഗുപ്ടില്‍, ബ്രെണ്ടന്‍ മെക്കല്ലം, കുമാര്‍ സങ്കക്കാര, സ്റ്റീവന്‍ സ്മിത്ത്, എ ബി ഡിവില്ലേഴ്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കോറി ആന്‍ഡേഴ്‌സന്‍, ഡാനിയല്‍ വെറ്റോറി, മിച്ചല്‍ സ്റ്റാര്‍ച്, ട്രെന്റ് ബൗള്‍ട്ട്, മോര്‍നി മോര്‍ക്കല്‍. പന്ത്രണ്ടാമന്‍ : ബ്രെണ്ടന്‍ ടെയ്‌ലര്‍.