മഴ തുടരുന്നു; കാശ്മീരില്‍ വീണ്ടും പ്രളയം

Posted on: March 30, 2015 11:40 am | Last updated: March 31, 2015 at 10:04 am
SHARE

srinagar-rainശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് വീണ്ടും പ്രളയം. ഝലം നദി കരകവിഞ്ഞൊഴുകുകയാണ്. പതിനാറ് പേരെ കാണാതായതായും മൂന്ന് പേര്‍ മരിച്ചതായും സ്ഥിരീകരിച്ചു. ചില വീടുകള്‍ തകര്‍ന്നുവീണു. ആളുകളെ വ്യോമമാര്‍ഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനും കേന്ദ്ര സഹായം ഉറപ്പാക്കുന്നതിനുമായി കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാശ്മീരിലേക്കയച്ചു.
ദേശീയ ദുരന്തനിവാരണ സേനയുടെ എട്ട് സംഘങ്ങളാണ് ശ്രീനഗറിലും കാശ്മീരിന്റെ വിവിധ ഭാഗങ്ങളിലുമായി പ്രവര്‍ത്തിക്കുന്നത്. ആറ് ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. ഇന്നലെ വൈകീട്ട് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. സൈന്യത്തിന്റെ ഇരുപത് ദളങ്ങള്‍ സജ്ജമായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കാശ്മീരിന് 225 കോടി രൂപയും ജമ്മുവിന് പത്ത് കോടി രൂപയും അനുവദിച്ചതായി മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് അറിയിച്ചു.
ഝലം നദിയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. അനന്തനാഗ് ജില്ലയിലെ സംഗം, രാംമുന്‍ഷി ബാഗ് തുടങ്ങിയ പ്രദേശങ്ങളില്‍ ഝലം നദി കരകവിഞ്ഞൊഴുകുകയാണ്. ബുദ്ഗാം ജില്ലയിലെ ചിലയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മൂന്ന് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ നേതൃത്വത്തില്‍ മന്ത്രിതല സമിതി നടപടികള്‍ വിലയിത്തി.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടുകള്‍ ഒഴിയേണ്ടി വരുന്നവര്‍ക്കായി സര്‍ക്കാറിന്റെ വിവിധ കെട്ടിടങ്ങളില്‍ താത്കാലിക ക്യാമ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രളയം ബാധിച്ച കാശ്മീര്‍ താഴ്‌വരയില്‍ നിന്ന് ഇരുനൂറ്റമ്പതോളം കുടുംബങ്ങളെ ഇതിനകം മാറ്റിപ്പാര്‍പ്പിച്ചു. പ്രളയബാധിത പ്രദേശങ്ങള്‍ ഇന്നലെ രാവിലെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ജമ്മു- ശ്രീനഗര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പാത തുടര്‍ച്ചയായ മൂന്നാം ദിവസവും അടച്ചിട്ടിരിക്കുകയാണ്. കാശ്മീര്‍ മേഖലയിലെ ഏഴ് ജില്ലകളില്‍ ഹിമപാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.