പാര്‍ട്ടി നിര്‍ദേശം മറികടന്ന് നടത്തിയ പരിപാടിയില്‍ അതിഥിയായി വി എസ്

Posted on: March 30, 2015 1:28 am | Last updated: March 30, 2015 at 10:29 am
SHARE

ആലപ്പുഴ: സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് വിലക്കിയ പരിപാടിയില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പങ്കെടുത്തത് പാര്‍ട്ടിക്ക് വീണ്ടും തലവേദനയാകുന്നു. വി എസിന് വിലക്കേര്‍പ്പെടുത്തിയിരുന്നില്ലെങ്കിലും പരിപാടി നടത്തരുതെന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം കാറ്റില്‍ പറത്തി പ്രാദേശിക പ്രവര്‍ത്തകര്‍ നടത്തിയ പരിപാടിയിലാണ് വി എസ് പങ്കെടുത്തത്.
നിര്‍ധനയായ വനിതക്ക് നിര്‍മിച്ച നല്‍കിയ വീടിന്റെ താക്കോല്‍ ദാനത്തിനും രക്തസാക്ഷി കുടുംബങ്ങളെ ആദരിക്കുന്നതിനും വേണ്ടിയാണ് പാര്‍ട്ടിയിലെ വി എസ് അനുകൂലികള്‍ ചേര്‍ന്ന് രൂപവത്കരിച്ച ദേശാഭിമാനി സ്വയംസഹായക സംഘത്തിന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാന്നാര്‍ ഏരിയ കമ്മിറ്റി രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നു. രക്തസാക്ഷി കുടുംബങ്ങളെ ആദരിക്കാന്‍ പാര്‍ട്ടിക്കു മാത്രമേ അവകാശമുള്ളൂ വെന്നായിരുന്നു പാര്‍ട്ടിയുടെ വാദം. സംഘത്തിന്റെ പ്രസിഡന്റും സെക്രട്ടറിയും സി പി എം ലോക്കല്‍ കമ്മിറ്റിയംഗങ്ങളാണ്. കൂടാതെ ഈ സംഘത്തിലെ 35 അംഗങ്ങളില്‍ 20 പേരും പാര്‍ട്ടി അംഗങ്ങളുമാണ്. കഴിഞ്ഞ ദിവസം സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ നേതൃത്വത്തില്‍ എത്തിയ നാല് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പങ്കെടുത്ത മാന്നാര്‍ ഏരിയാ കമ്മിറ്റിയുടെ തീരുമാനമായിട്ടാണ് ദേശാഭിമാനി സംഘത്തിന്റെ ഭാരവാഹികളെ ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടെ ഒരു പോഷക സംഘടന എന്ന രീതിയില്‍ മാന്നാറില്‍ പ്രവര്‍ത്തിക്കുന്ന ദേശാഭിമാനി സംഘം ഇത് അഗീകരിക്കാന്‍ തയ്യാറായില്ല.
ഇവര്‍ പരിപാടികളുമായി മുന്നോട്ട് പോകുകയും ചെയ്തു.ദേശാഭിമാനി സംഘടിപ്പിക്കുന്ന പരിപാടിയില്‍ നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സി പി എം നേതാക്കള്‍ പങ്കെടുക്കാന്‍ പാടില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പരിപാടിയില്‍ പങ്കെടുക്കാതിരിക്കുവാന്‍ കമ്മിറ്റികള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് നോട്ടീസില്‍ പേരുണ്ടായിരുന്ന ഭൂരിപക്ഷം നേതാക്കളും പരിപാടിയില്‍ നിന്ന് വിട്ടു നിന്നു.സി പിഎം ജില്ലാകമ്മറ്റിയംഗം അഡ്വ. പി വിശ്വംഭരപണിക്കര്‍, മാന്നാര്‍ ഏരിയാ സെക്രട്ടറി പി ഡി ശശിധരന്‍, തിരുവല്ല ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാന്‍സിസ് വി ആന്റണി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ ബി കെ പ്രസാദ്, ആര്‍ അനീഷ്, മഹിളാ അസോസിയേഷന്‍ നേതാവ് പുഷ്പലതാ മധു, ഡി വൈ എഫ് ഐ നേതാവ് സഞ്ചുഖാന്‍, ഏരിയാ കമ്മറ്റിയംഗം മണികയ്യത്ര എന്നിവരാണ് പാര്‍ട്ടി നിര്‍ദേശപ്രകാരം പരിപാടിയില്‍ വിട്ടു നിന്നവര്‍. വി എസ് പക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തി വരുന്നവരെ മാത്രമാണ് കൂടുതലായും ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, പാര്‍ട്ടി തീരുമാനം ലംഘിച്ച് പരിപാടിയില്‍ പങ്കെടുത്തത് ഏരിയാ കമ്മിറ്റിയംഗങ്ങളായ ജി രാമകൃഷണനും വി കെ വാസുദേവന്‍ നായരും മാത്രമാണ്. സി പി എം സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും ഇറങ്ങി പോയ വി എസിന് പിന്തുണ പ്രഖ്യാപിച്ച് അന്ന് വീട്ടിലെത്തിയവരായിരുന്നു ഇരുവരും. ദേശാഭിമാനി സംഘത്തിന്റെ പരിപാടിക്ക് പാര്‍ട്ടി വിലക്ക് ഏര്‍പ്പെടുത്തുകയും നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാതെ വിട്ട് നില്‍ക്കുകയും ചെയ്‌തെങ്കിലും ഇതൊന്നും അണികള്‍ കാര്യമാക്കില്ല.നൂറ് കണക്കിആളുകള്‍ വിലക്ക് ലംഗിച്ച് ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഔദ്യോഗിക സ്ഥാനത്ത് ഉള്ളവര്‍ അല്ലാത്ത സാധാരണക്കാരായ പ്രവര്‍ത്തകരും അനുഭാവികളുമാണ് കൂടുതലായും ഒഴുകിയെത്തിയത്. ആവേശം നിറഞ്ഞ വരവേല്‍പ്പാണ് വി എസിന് ഇവര്‍ നല്‍കിയത്. പോലീസും മറ്റും ഏറെ പണിപ്പെട്ടാണ് റോഡില്‍ നിന്നും വിഎസിനെ സ്റ്റേജിലെത്തിച്ചത്.