ഇറാന്‍ ആണവ ചര്‍ച്ച: കെറി യു എസ് മടക്കയാത്ര റദ്ദാക്കി

Posted on: March 30, 2015 3:17 am | Last updated: March 30, 2015 at 10:17 am
SHARE

john kerryസ്വറ്റ്‌സര്‍ലന്‍ഡ്: ഇറാനുമായി ആണവ കരാറിലെത്താനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി അമേരിക്കയിലേക്കുള്ള മടക്ക യാത്ര റദ്ദാക്കി. അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇറാന്‍ ആണവ കരാറിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ സജീവപങ്കാളിത്തം ഉറപ്പുവരുത്താനാണ് ഈ നടപടി. നാളെയാണ് ഇറാനുമായി ആണവകരാറിലെത്തുന്നതിനുള്ള അന്തിമ തീയതി പാശ്ചാത്യ രാജ്യങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തേക്കെങ്കിലും ആണവ പദ്ധതികളില്‍ നിന്ന് പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനുമായി ചര്‍ച്ച നടത്തുന്നത്. എന്നാല്‍ അംഗീകരിക്കാനാകാത്ത നിബന്ധനകള്‍ കരാറിന്റെ ഭാഗമായി കൊണ്ടുവന്നാല്‍ മുന്നോട്ടുപോകില്ലെന്ന് നേരത്തെ ഇറാനും വ്യക്തമാക്കിയിരുന്നു. ഇറാനുമായി ആണവ കരാറിലെത്താനുള്ള അമേരിക്കയുടെ നീക്കത്തെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശക്തമായ വിമര്‍ശം ഉന്നയിക്കുന്നുണ്ട്. പടിപടിയായി ഈ നീക്കം ഇറാനെ ആണവ ശക്തിയായി മാറ്റുമെന്നാണ് ഇസ്‌റാഈലിന്റെ ഭയം. എന്നാല്‍ തങ്ങളുടെ ആണവ പദ്ധതികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ഊര്‍ജ ആവശ്യങ്ങള്‍ മാത്രമാണെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.