തീവ്രവാദത്തിനെതിരെ ടുണീഷ്യയില്‍ ഐക്യറാലി

Posted on: March 30, 2015 3:11 am | Last updated: March 30, 2015 at 10:11 am
SHARE

ടുണിസ്: ടുണീഷ്യയില്‍ പ്രസിഡന്റിന്റെയും നിരവധി അന്തരാഷ്ട്ര വ്യക്തിത്വങ്ങളുടെയും നേതൃത്വത്തില്‍ തീവ്രവാദത്തിനെതിരെ കൂറ്റന്‍ റാലി നടത്തി. 22 പേരുടെ കൂട്ടക്കൊലക്ക് കാരണമായ മ്യൂസിയം ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ആയിരക്കണക്കിന് പൗരന്മാര്‍ റാലി നടത്തിയത്.
ബാബാ സാഡൗണ്‍ ചത്വരത്തില്‍ നിന്നും തുടങ്ങിയ റാലി കൊല്ലപ്പെട്ട സഞ്ചാരികളുടെ പേരുകള്‍ ആലേഖനം ചെയ്ത കല്ല് സ്ഥാപിച്ച മ്യൂസിയം പരിസരത്താണ് സമാപിച്ചത്.
ടുണീഷ്യന്‍ പ്രസിഡന്റ് ബെജി കയ്ദ് അസ്സെബ്‌സി, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ങ്കോയിസ് ഹോളന്‍ദെ, പോളണ്ട് പ്രസിഡന്റ് ബ്രോണ്‍സ്ലോ കോമോറൊസ്‌കി, ഫലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസ് എന്നിവരാണ് റാലിക്ക് നേതൃത്വം നല്‍കിയത്.
സ്‌പെയിന്‍ പ്രധാനമന്ത്രി മാത്തിയോ റെന്‍സി, അള്‍ജീരിയ പ്രധാനമന്ത്രി അബ്ദൂല്‍മലിക് സെല്ലാല്‍, സ്‌പെയിന്‍ വിദേശകാര്യ മന്ത്രി ജോസ് മാന്വല്‍ ഗാര്‍ഷ്യ, നെതര്‍ലാന്റ് വിദേശ കാര്യ മന്ത്രി ബെര്‍ട്ട് കോയന്‍ദെര്‍സ് എന്നിവരും മുഖ്യാതിഥികളായിരുന്നു.
മാര്‍ച്ച് 18ന് രണ്ട് തോക്കുധാരികള്‍ ദേശീയ ബര്‍ദോ മ്യൂസിയത്തില്‍ നടത്തിയ അക്രമണത്തില്‍ 22 സഞ്ചാരികള്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്തോ ഉത്തരവാദിത്വം ഏറ്റെടുത്ത അക്രമത്തില്‍, കൊല്ലപ്പെട്ടത് ഏറെയും വിദേശികളാണ്. വിനോദ സഞ്ചാരത്തെ മുഖ്യ വരുമാന മാര്‍ഗമായി ആശ്രയിക്കുന്ന ടുണീഷ്യക്ക് മ്യൂസിയം ആക്രമണം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
കൊല്ലപ്പെട്ട വിദേശികള്‍ ഇറ്റലി, ജപ്പാന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, കൊളംമ്പിയ, ആസ്‌ട്രേലിയ, ബ്രിട്ടന്‍, ബെല്‍ജിയം, പേളണ്ട്, റഷ്യ എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരായിരുന്നു.