Connect with us

National

ജനതാ പാര്‍ട്ടികളുടെ ലയനം അടുത്തയാഴ്ച

Published

|

Last Updated

ന്യൂഡല്‍ഹി: ജനതാ പാര്‍ട്ടികളുടെ ലയന പ്രഖ്യാപനം അടുത്തയാഴ്ചയുണ്ടാകുമെന്ന് ജെ ഡി യു അറിയിച്ചു. ജനതാ പരിവാറിന്റെ ലയനമടക്കമുള്ള പ്രമുഖ വിഷയങ്ങളില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ലയനം അധികം വൈകാതെയുണ്ടാകുമെന്നും ജെ ഡി യു നേതാവ് ശരദ് യാദവ് അറിയിച്ചു. കൂടുതല്‍ എം പിമാരുള്ള സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് ആയിരിക്കും പുതിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍.
ലോക്‌സഭയില്‍ എസ് പിക്ക് അഞ്ചും ആര്‍ ജെ ഡിക്ക് നാലും ജെ ഡി യു, ജെ ഡി എസ്, ഐ എന്‍ എല്‍ ഡി എന്നിവക്ക് രണ്ട് വീതവും അംഗങ്ങളുണ്ട്. മൊത്തം 15 എം പിമാര്‍. രാജ്യസഭയില്‍ 15 അംഗങ്ങളുള്ള എസ് പിയാണ് മുന്നില്‍. ജെ ഡി യുവിന് 12ഉം ഐ എന്‍ എല്‍ ഡി, ജെ ഡി എസ്, ആര്‍ ജെ ഡി എന്നിവക്ക് ഓരോന്ന് വീതവും അംഗങ്ങളാണുള്ളത്. മൊത്തം അംഗബലം 30 ആണ്. ഐ എന്‍ എല്‍ ഡി നേതാവ് ഓം പ്രകാശ് ചൗത്താല, ജെ ഡി എസ് നേതാവ് എച്ച് ഡി ദേവഗൗഡ എന്നിവരുമായി രണ്ട് ദിവസത്തിനുള്ളില്‍ ചര്‍ച്ച നടത്തി മുലായം സിംഗ് ലയന പദ്ധതിയില്‍ അന്തിമരൂപമുണ്ടാക്കുമെന്ന് ജെ ഡി യു ജനറല്‍ സെക്രട്ടറി കെ സി ത്യാഗി അറിയിച്ചു. എസ് പി, ജെ ഡി യു, ആര്‍ ജെ ഡി എന്നിവക്കിടയില്‍ സമവായം ഉണ്ടായിട്ടുണ്ട്.
പുതിയ പാര്‍ട്ടിയുടെ കൊടി, ചിഹ്നം, പ്രകടന പത്രിക എന്നിവയില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. എല്ലാ പ്രധാന പ്രശ്‌നങ്ങളും പരിഹരിച്ചിട്ടുണ്ട്. ചെറിയ ചില വിഷയങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കാനാണ് തീരുമാനം. മുലായമിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ്, ജെ ഡി യു നേതാക്കാളായ ശരദ് യാദവ്, നിതീഷ് കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച, വെള്ളിയാഴ്ച ദിവസങ്ങളിലായി ഡല്‍ഹിയിലുണ്ടായിരുന്ന നിതീഷ് കുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, തിഹാര്‍ ജയിലിലുള്ള ഐ എന്‍ എല്‍ ഡി നേതാവ് ഓം പ്രകാശ് ചൗത്താല, എസ് പി നേതാവ് മുലായം സിംഗ് യാദവ്, ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് എന്നിവരെ കണ്ടിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നുവന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും വെന്നിക്കൊടി പാറിച്ചതോടെയാണ് താന്താങ്ങളുടെ മേഖലയില്‍ പ്രബലായിരുന്ന ജനതാ പാര്‍ട്ടികള്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്.

Latest