യു പിയിലെ എം എല്‍ എമാര്‍ക്ക് അഅ്‌സം ഖാന്റെ വക ചൂലും പേനയും സമ്മാനം

Posted on: March 30, 2015 10:01 am | Last updated: March 30, 2015 at 10:07 am
SHARE

AZAM KHANലക്‌നോ: ഉത്തര്‍ പ്രദേശിലെ മന്ത്രിയായ അഅ്‌സം ഖാന്‍ എല്ലാ പാര്‍ട്ടികളിലെയും എം എല്‍ എമാരെ രണ്ട് സമ്മാനങ്ങള്‍ നല്‍കി ഞെട്ടിച്ചു കളഞ്ഞു. ചൂലും പേനയുമായിരുന്നു സമ്മാനം. ഒപ്പം ഒരു കത്തുമുണ്ട്. ഈ മാസം 26ന് സഭ പിരിയുന്ന സമയത്താണ് ഖാന്‍ ഇത്തരത്തിലൊരു സമ്മാനവും കത്തും എം എല്‍ എമാര്‍ക്ക് അയച്ച് കൊടുത്തത്. എന്നാല്‍ ഈ സമ്മാനങ്ങള്‍ തീര്‍ത്തും നിര്‍ദോഷവും രാഷ്ട്രീയരഹിതവുമല്ലെന്ന് ഒപ്പമുള്ള കത്ത് വായിച്ചാലറിയാം.
‘നിങ്ങള്‍ക്ക് ഞാന്‍ രണ്ട് സമ്മാനങ്ങള്‍ തരുന്നു – പേനയും ചൂലും. ഇവ നോക്കി നിങ്ങള്‍ക്ക് തീരുമാനിക്കാം, ഇവയില്‍ ഏതാണ് സമൂഹത്തിലെ തിന്മകളെ ഉന്മൂലനം ചെയ്യുകയെന്നും മുദ്രാവാക്യങ്ങളിലൂടെ മാത്രം സമൂഹത്തെ സേവിക്കാനാകില്ലെന്ന് നിങ്ങളെ ഓര്‍മപ്പെടുത്തുന്നതെന്നും’ ഇതാണ് കത്തില്‍ അദ്ദേഹം പറയുന്നത്. ‘സ്വച്ഛ് ഭാരത് അഭിയാന്‍’ മുദ്രാവാക്യം മുന്നോട്ട് വെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണ് ഖാന്റെ ഈ വാക്കുകളും സമ്മാനങ്ങളുമെന്ന് വ്യക്തം. ജനങ്ങളുടെ കൈയില്‍ ചൂല് നല്‍കി പേന എടുത്തുമാറ്റിയയാളാണ് മോദിയെന്ന് ഖാന്‍ നേരത്തേ വിമര്‍ശിച്ചിരുന്നു.
ശുചിത്വ കാമ്പയിനിലൂടെ സമൂഹത്തിന് നന്മയുടെ മാതൃകയാണ് പ്രധാനമന്ത്രി നല്‍കിയതെന്നും അത് അഅ്‌സമിനെ പോലുള്ളവര്‍ക്ക് ദഹിക്കില്ലെന്നും ബി ജെ പി. എം എല്‍ എ രാധാ മോഹന്‍ അഗര്‍വാള്‍ പറഞ്ഞു. ചൂല് നല്‍കിയതോടെ അദ്ദേഹം പ്രധാനമന്ത്രിയുടെ ആശയം പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നും അഗര്‍വാള്‍ വ്യക്തമാക്കി. അതേസമയം, എസ് പിയും ബി ജെ പിയും തമ്മിലുള്ള രഹസ്യ കൂട്ടുകെട്ടിന്റെ പ്രതീകമാണ് ചൂലും പേനയും സമ്മാനമെന്ന് കോണ്‍ഗ്രസ് എം എല്‍ എ നദീം ജാവേദ് പറഞ്ഞു.