ഓര്‍മയുടെ കടല്‍ത്തീരത്ത്

Posted on: March 30, 2015 9:56 am | Last updated: March 30, 2015 at 2:43 pm
SHARE

O. V. Vijayan‘സായാഹ്ന യാത്രകളുടെ അച്ഛാ’,- രവി പറഞ്ഞു, ‘വിട തരിക. മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തു തുന്നിയ ഈ പുനര്‍ജനിയുടെ കൂട് വിട്ട് ഞാന്‍ വീണ്ടും യാത്രയാകുകയാണ്.’
‘മഴ പെയ്യുന്നു. മഴ മാത്രമേയുള്ളൂ. കാലവര്‍ഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി. മഴ ചെറുതായി. രവി ചാഞ്ഞു കിടന്നു’
(ഖസാക്കിന്റെ ഇതിഹാസം)
മലയാള സാഹിത്യത്തിന്റെ ഒരു കാലഘട്ടം മുഴുവന്‍ കൈയിലെടുത്ത ഒ വി വിജയന്‍ എഴുതിയ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ ഉജ്ജ്വലമായ വരികള്‍ വരുംതലമുറക്കും കൈയൊഴിയാനാകില്ല. മലയാളത്തെ പെന്‍ഗ്വിനിലൂടെ ലോകമുറ്റത്തെത്തിച്ച ഇതിഹാസകാരന്‍, കാര്‍ട്ടൂണിസ്റ്റ്, ചിന്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ സമര്‍പ്പിച്ച സര്‍ഗപരമായ ഒറ്റയാന്‍ തന്റേടം മറന്നുകൊണ്ട് ഒരു മലയാളിക്കും ധൈഷണിക ജീവിതം നയിക്കാനുമാകില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം നടത്തിയ പ്രവചനങ്ങള്‍ പലതും ഇപ്പോള്‍ മുഖ്യധാരാ ചര്‍ച്ചയായി വരുന്നു എന്നത് തന്നെ എന്താണ് ഒ വി വിജയന് മലയാളി നല്‍കേണ്ട സ്ഥാനം എന്നറിയിക്കുന്നു.
എഴുത്തിലും വരയിലും ഒരേ പോലെ ആത്മാര്‍ഥതയും കലാബോധവും പുലര്‍ത്തുന്ന എഴുത്തുകാരനാണ് ഒ വി വിജയന്‍. സ്വതസിദ്ധമായ ഐറണി കലര്‍ന്ന കാര്‍ട്ടൂണ്‍, ആര്‍ഭാടരഹിതമായ വാക്കുകള്‍ സമര്‍പ്പണമാക്കിയ കഥകള്‍ എന്നിവയിലൂടെ മലയാളം അദ്ദേഹത്തിലൂടെ വളര്‍ന്നു. ഖസാക്കിലെ പല പ്രയോഗങ്ങളും ഇന്നാകട്ടെ, സാധാരണയായിത്തീര്‍ന്നു. ആ കരുത്തും ചൈതന്യവുമാണ് ‘ധര്‍മപുരാണം’ എഴുതിച്ചത്. ബഹുസ്വരമായ അവര്‍ണാവസ്ഥയില്‍ നിന്ന് ഒറ്റപ്പന പോലെ നിവര്‍ന്നെഴുന്നേറ്റ് കുറിച്ചിട്ടത് സവര്‍ണതയില്‍ തളച്ചിടാന്‍ ശ്രമിച്ചതൊക്കെ കെണിക്കഥ. അതിനപ്പുറം അദ്ദേഹത്തിന്റെ മൗനം പരിഹാസവും പ്രതിബോധവും കേരളത്തിലുണര്‍ത്തി. ആ പോസ്റ്റ് കൊളോണിയല്‍ ചരിത്രവ്യസനവും പ്രത്യയശാസ്ത്ര വിശകലനവും ദീര്‍ഘദര്‍ശനനിസ്മിതവും ദാര്‍ശനികതയും ആരറിയുന്നു. ചരിത്രത്തിലിങ്ങനെ വിമതരാക്കപ്പെട്ടവര്‍ നിരവധി. നാറാണത്തു ഭ്രാന്തന്റെ ആന്തരിക വിശുദ്ധി നമുക്കിപ്പോഴും പ്രഹേളികയാണല്ലോ.
സാഹിത്യത്തിലെ കയ്പന്‍ ചേരിയില്‍ നിന്നുള്ള സര്‍ഗാത്മകത അഗ്നിത്തിളക്കമാക്കിയ രചനയാണ് ഒ വി വിജയന്റേത്. നന്മയുടെ വെളിച്ചം നിറഞ്ഞ ഹൃദയം, ദൈന്യങ്ങളിലേക്ക് കണ്‍തുറക്കുന്ന സഹയാത്രാ മനോഭാവം, യുക്തിക്കപ്പുറം കടക്കുന്ന ദാര്‍ശനികത. അതില്‍ നാറാണത്തു ഭ്രാന്തനുണ്ട്, ബുദ്ധനുണ്ട്, കിരാത മൂര്‍ത്തികളുടെ ദ്രാവിഡ രൗദ്ര നടനമുണ്ട്, പാലക്കാടന്‍ പനയുണ്ട്, ഡല്‍ഹി സമ്മാനിച്ച രാഷ്ട്രീയ പക്ഷികളുടെ ചിറകടിയുണ്ട്.
മനുഷ്യത്വത്തിന്റെ അഗാധതയില്‍ നിന്നുള്ള ഉറവ പൊട്ടുന്ന കനിവ് കൊണ്ടാണ് ബഷീറിന് ശേഷം ഏറ്റവും ആദരവ് പിടിച്ചുപറ്റാനായ എഴുത്തുകാരനാകാന്‍ വിജയന് കഴിഞ്ഞത്. ആസ്വാദനത്തിന്റെ തീ മുഖം ക്ഷണിക്കുന്ന സര്‍ഗവേദനയുടെ കഥാനുഭവം ‘കടല്‍ത്തീരത്ത്’ എന്ന കഥയിലുണ്ട്. അത് മതി ഒരെഴുത്തുകാരന്റെ സഫലതക്ക്.
‘ഒരു പേറ്റിച്ചിയെപ്പോലെ തന്റെ മകന്റെ ദേഹത്തെ വെള്ളായിയപ്പന്‍ പാറാവുകാരില്‍ നിന്ന് ഏറ്റുവാങ്ങി.
കാരണവര്‍ക്ക് താത്പര്യമുള്ള പോലെ ശവം സംസ്‌കരിക്കാം.
വേണ്ട. എനിക്ക് താത്പര്യമില്ല.
യജമാനന്മാരെ, എന്റെ കൈയില്‍ പണമില്ല.
ഉന്തുവണ്ടിയുടെ പുറകെ തോട്ടികളുടെ കൂടെ വെള്ളായിയപ്പന്‍ നടന്നു. പട്ടണത്തിനു പുറത്തുള്ള വെളിനിലങ്ങള്‍ക്കു മുകളില്‍ കഴുകന്മാര്‍ ചുറ്റിപ്പറന്നു. മണ്ണ് മൂടുന്നതിനു മുമ്പ് കണ്ടുണ്ണിയുടെ മുഖം വെള്ളായിയപ്പന്‍ ഒരു നോക്കുകണ്ടു. ആ നെറ്റിയില്‍ കൈപ്പടം വെച്ച് അനുഗ്രഹിച്ചു.
വെള്ളായിയപ്പന്‍ വെയിലത്തു അലഞ്ഞ് നടന്ന് കടല്‍പ്പുറത്തെത്തി. ആദ്യമായി കടല്‍ കാണുകയാണ്. കൈപ്പടങ്ങളില്‍ എന്തോ നനഞ്ഞു കുതിരുന്നു. കോടച്ചി കെട്ടിത്തന്ന പൊതിച്ചോറാണ്. വെള്ളായിയപ്പന്‍ പൊതിയഴിച്ചു. വെള്ളായിയപ്പന്‍ അന്നം നിലത്തേക്ക് എറിഞ്ഞു. വെയിലിന്റെ മുകള്‍ത്തട്ടുകളിലെവിടെ നിന്നോ ബലിക്കാക്കകള്‍ അന്നം കൊത്താന്‍ ഇറങ്ങിവന്നു.
(കടല്‍ത്തീരത്ത്)
(രൂപവും ഭാവവും പുരോഗമനവും പ്രതിലോമതയും ഇടതും വലതും എന്നിങ്ങനെയുള്ള വകതിരിവുകള്‍ ശീലിച്ച നമുക്ക് രാഷ്ട്രവും പൗരനും യുദ്ധവും യുക്തിയും പരിഷ്‌കൃതിയും പ്രകൃതിയും തമ്മിലുള്ള വൈരുധ്യങ്ങള്‍ ഇനിയും ചിന്താവിഷയമായിട്ടില്ല. – ഒ വി വിജയന്‍)
ഭാവി തലമുറ മലയാളത്തിന്റെ ജാഗ്രതയുള്ള ചിന്ത മുന്നോട്ടുകൊണ്ടുപോകുന്നത് വിജയനൊക്കെയുയര്‍ത്തിയ ചോദ്യത്തിന്റെ ഉത്തരം തേടലിലൂടെയായിരിക്കും.
രാഷ്ട്രീയം സ്വകാര്യവത്കരിക്കപ്പെടുമ്പോള്‍, ജനാധിപത്യം വിപുലപ്പെടാതെ നിശ്ശബ്ദമാകുമ്പോള്‍ രോഷം ഏറ്റുവാങ്ങി എഴുതിയ മുന്‍ഗാമികള്‍ ചരിത്രത്തില്‍ പലരുമുണ്ട്. അതിനാല്‍ ‘ധര്‍മപുരാണം’ ഒ വി വിജന്‍ എന്ന രാഷ്ട്രീയ ചിന്തകനില്‍ നിന്ന് രൂപം കൊണ്ട ജനാധിപത്യ അവലോകനമാണ്. യുക്തിയുടെ കടും പിടിത്തമില്ലാതെ ആസ്വാദനത്തിന്റെ നിറഞ്ഞ മനസ്സോടെ വായിക്കുമ്പോള്‍ ‘ഖസാക്കിന്റെ ഇതിഹാസം’ ഐക്യകേരളത്തിനൊപ്പം നേതൃനിരയിലേക്ക് ഉയര്‍ന്നുവരാനാഗ്രഹിച്ച നാട്ടുകൂട്ട ദേശീയതയുടെ നിലവാരമുയരലാണ്.
അഹങ്കാരവും അഹംബോധവുമില്ലാതെ ഋഷിതുല്യമായ ഒരവസ്ഥ എഴുത്തില്‍ കൊണ്ടുവരിക വലിയ കാര്യമാണ്. അത് വിജയനെ ഭാവി പഠനത്തലൂടെ തിരിച്ചറിയാനുള്ള ഒരു കണ്ണിയാണ്. ബഷീര്‍ സൂചിപ്പിച്ചതു പോലെ ‘അനന്തമായ പ്രാര്‍ഥനയാകുന്നു ജീവിതം’എന്നതല്ലേ വാസ്തവം.
‘മകനേ, നീ എന്ത് ചെയ്തു?’
‘എനിക്കോര്‍മയില്ല, അപ്പാ’
‘മകനേ, നീ കൊലപാതകം നടത്തിയോ?’
‘എനിക്കോര്‍മയില്ല.’
‘സാരമില്ല മകനേ, ഇനിയൊന്നും ഓര്‍മിക്കേണ്ടതില്ല.’
‘പാറാവുകാര്‍ ഓര്‍മിക്കുമോ?’
‘ഇല്ല മകനേ’
‘അപ്പന്‍ എന്റെ വേദന ഓര്‍മിക്കുമോ?’
ഉച്ചസ്ഥായിയിലുള്ള നിശ്ശബ്ദമായ നിലവിളി ‘അപ്പാ എന്നെ തൂക്കിക്കൊല്ലാന്‍ സമ്മതിക്കരുതേ’
(കടല്‍ത്തീരത്ത്)