യമന്‍

Posted on: March 30, 2015 9:57 am | Last updated: March 30, 2015 at 9:57 am
SHARE

ഗള്‍ഫ് മേഖലയെയാകെ ആശങ്കയിലാഴ്ത്തി യമനില്‍ സഊദി സഖ്യ സേനയുടെ സായുധ നീക്കം തുടരുകയാണ്. ഇതിനകം നിരവധി സിവിലിയന്‍മാരുടെ മരണത്തില്‍ കലാശിച്ച വ്യോമാക്രമണം ലക്ഷ്യത്തോട് അടുക്കുകയാണെന്നും ഹൂതി വിമതരെ തകര്‍ക്കാന്‍ സൈന്യത്തിന് സാധിച്ചിട്ടുണ്ടെന്നും ആക്രമണ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന സഊദി വ്യക്തമാക്കുന്നു. ‘ഹാസിഫത്തുല്‍ ഹാസം’ എന്ന് പേരിട്ട സൈനിക ദൗത്യത്തിന് അറബ് ലീഗ് ഉച്ചകോടി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണം യമന്റെ പരമാധികാരത്തിന് എതിരാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തുമ്പോള്‍ ഇറാന്‍ നിരുത്തരവാദപരമായി പേരുമാറരുതെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍ മറുപടി നല്‍കുന്നു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, സുഡാന്‍, മൊറോക്കോ, ജോര്‍ദാന്‍, പാക്കിസ്ഥാന്‍ എന്നിവയുടെ സഖ്യമാണ് ആക്രമണത്തില്‍ നേരിട്ട് പങ്കാളികളാകുന്നത്. സ്വഭാവികമായും അമേരിക്കയുടെ പിന്തുണ ആക്രമണത്തിനുണ്ട്. ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ പാശ്ചാത്യ ശക്തികളും പിന്തുണക്കുന്നു. തലസ്ഥാനമായ സന്‍ആ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ആകാശത്ത് നിന്നുള്ള ആക്രമണം നടക്കുന്നത്. ഇതുകൊണ്ട് സംയുക്ത സൈന്യം ലക്ഷ്യമിട്ടത് നടന്നില്ലെങ്കില്‍ കരയുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാം. അപ്പോള്‍ വിസ്തൃതി കൊണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള യമനിലാകെ നാശം വിതക്കാന്‍ യുദ്ധം വഴിവെച്ചേക്കാം. യമനിലെ ആഭ്യന്തര യുദ്ധം എന്നതില്‍ നിന്ന് മേഖലയിലാകെ അരക്ഷിതാവസ്ഥ പടര്‍ത്തുന്ന ഒന്നായി ഈ സംഘര്‍ഷം വ്യാപിക്കുകയും ചെയ്യാം. സമാധാന കാംക്ഷികളാരും അത്തരമൊരു സാഹചര്യം ആഗ്രഹിക്കുന്നില്ല. പിന്തുണച്ച് രസിക്കുന്ന സാമ്രാജ്യത്വ ശക്തികളെ മാത്രമേ ഈ സാഹചര്യം സന്തോഷിപ്പിക്കുകയുള്ളൂ.
മേഖലയുടെ സുരക്ഷ കാത്തുസൂക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട നേതൃ രാഷ്ട്രമെന്ന നിലയില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ ശക്തി ക്ഷിയിപ്പിക്കുക എന്ന ലക്ഷ്യമേ സഊദിക്ക് ഉണ്ടാകാനിടയുള്ളൂ. വംശീയമായ സംഘര്‍ഷമായി ഇതിനെ ചുരുക്കിക്കാണുന്നത് ഒട്ടും ശരിയായിരിക്കില്ല. യമനിലെ അരാജകത്വം മുതലെടുത്ത്, സൈന്യത്തില്‍ പിളപ്പുണ്ടാക്കി സായുധ ശക്തിയായി വളര്‍ന്ന ഹൂതി വിമതര്‍ രാജ്യത്തെ ഭരണത്തലവനെ ബന്ദിയാക്കി ഭരണം കൈക്കലാക്കുന്ന സ്ഥിതിവിശേഷം തുടരുന്നത് എണ്ണ സമ്പന്നമായ മേഖലക്ക് വന്‍ ഭീഷണി തന്നെയാണ്. ഇത്തരം ഗ്രൂപ്പുകളുടെ ശക്തി ക്ഷയിപ്പിക്കേണ്ടതുമാണ്. എന്നാല്‍ യമന്‍ പോലെ വിസ്തൃതവും പരസ്പരം പോരടിക്കുന്നതും സായുധരുമായ നിരവധി ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നതുമായ ഒരു രാജ്യത്ത് വ്യവസ്ഥാപിതമായ ഭരണ സംവിധാനം സാധ്യമാകാത്തിടത്തോളം കാലം സായുധ ആക്രമണം കൊണ്ട് മാത്രം ഗുണഫലങ്ങള്‍ ഉണ്ടാക്കാനാകുമെന്ന് കരുതുന്നത് മൗഢ്യമാണ്. പ്രശ്‌നപരിഹാരം സാധ്യമാകില്ലെന്ന് മാത്രമല്ല, കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്യും. ഹൂതികള്‍ക്ക് ഇറാന്റെ പിന്തുണ ഇപ്പോള്‍ പരോക്ഷമായേ ഉള്ളൂ. യുദ്ധം നീണ്ടാല്‍ ഇറാനും അവരെ പിന്തുണക്കുന്നവരും നേരിട്ട് ഇറങ്ങിയേക്കാം. വംശീയ അതിവൈകാരികതയുടെ പിടിയില്‍ പലപ്പോഴും അകപ്പെടുന്ന ഇറാന്‍ നേതൃത്വം ഇതിന് മുതിരുമെന്ന് തന്നെ കാണേണ്ടതുണ്ട്. അത് കൊണ്ട് എത്രയും പെട്ടെന്ന് ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്. തീവ്രവാദികളെ അകറ്റി നിര്‍ത്തുന്നതിനും ചെറുക്കുന്നതിനും കെല്‍പ്പുള്ള ഐക്യ സര്‍ക്കാര്‍ നിലവില്‍ വരണം. ഉള്ളില്‍ നിന്നുള്ള പരിഹാരത്തിനാണ് ഇടപെടലിലൂടെ സാധ്യമാകുന്ന പരിഹാരത്തെക്കാള്‍ ശക്തിയെന്ന് എല്ലാവരും മനസ്സിലാക്കണം. യമന്‍ ജനതയുടെ ഹിതം പ്രധാനം തന്നെയാണ്.
അറബ് വസന്തമെന്ന് വിളിക്കപ്പെട്ട ഭരണമാറ്റ പരമ്പരയിലാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ വേരുകള്‍. അന്നത്തെ പ്രസിഡന്റ് അലി അബ്ദുല്ല സലാഹിനെ പുറത്താക്കാന്‍ തെരുവില്‍ നടന്ന പ്രക്ഷോഭം തുടക്കത്തില്‍ ജനകീയമായിരുന്നുവെങ്കില്‍ പിന്നീട് അതിലേക്ക് വംശീയത പരടുകയായിരുന്നു. യസീദി ശിയാ ആയ അലി അബ്ദുല്ല പുറത്തായതോടെ വൈസ് പ്രസിഡന്റ് മന്‍സൂര്‍ ഹാദിക്ക് പദവി കൈമാറി. അലി അബ്ദുല്ല പക്ഷേ വെറുതെയിരുന്നില്ല. അദ്ദേഹം ഹൂതികളെ കൂട്ടുപിടിച്ച് കുത്തിത്തിരിപ്പ് നടത്തിയതിന്റെ ആത്യന്തിക ഫലമാണ് ഇപ്പോഴത്തെ പ്രതിസന്ധി. ബദല്‍ എന്തെന്ന് ഉറപ്പില്ലാതെ പ്രക്ഷോഭം നടന്ന ലിബിയയിലും ടുണീഷ്യയിലുമെല്ലാം അരാജകത്വമാണ് മുല്ലപ്പൂവില്‍ വിടര്‍ന്നത്. ഈ അധികാര ശൂന്യതയിലേക്കാണ് തീവ്രവാദികള്‍ കയറിയിരുന്നത്. അതുകൊണ്ട് ഈ ശൂന്യത നികത്തുക മാത്രമാണ് യഥാര്‍ഥ പരിഹാരം. ഒപ്പം വംശീയമായ ധ്രുവീകരണത്തിന് ഇടം നല്‍കുന്ന കളികളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കുകയും വേണം. ഇക്കാര്യത്തില്‍ ഇറാന്റെ നിലപാട് നിര്‍ണായകമായിരിക്കും. കേരളത്തില്‍ നിന്നടക്കം നൂറ് കണക്കിന് പേര്‍ യുദ്ധ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നു. അവരുടെ സുരക്ഷിതത്വത്തിനും നമ്മുടെ നാടിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിനും ഗള്‍ഫ് ശാന്തമാകേണ്ടതുണ്ട്. അതിനുള്ള മാധ്യസ്ഥ്യ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് സാധിക്കും. ഈ യുദ്ധത്തിന്റെ പരിണാമം എന്തുതന്നെയായാലും ജയിക്കാന്‍ പോകുന്നത് സാമ്രാജ്യത്വ ശക്തികളും അവരുടെ സാമ്പത്തിക, സൈനിക താത്പര്യങ്ങളും ആയിരിക്കും.