കിരീടം സമര്‍പ്പിച്ചത് ഫില്‍ ഹ്യൂസിന്

Posted on: March 30, 2015 9:50 am | Last updated: March 30, 2015 at 9:50 am
SHARE

philip hughesമെല്‍ബണ്‍: ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ലോകകപ്പ് കിരീടം സമര്‍പ്പിച്ചത് കളിക്കത്തില്‍ ജീവന്‍ പൊലിഞ്ഞ സഹതാരം ഫില്‍ ഹ്യൂസിന്. തന്റെ ടീമിലെ പതിനാറാമത്തെ അംഗം ഹ്യൂസ് ആയിരുന്നുവെന്ന് ക്ലാര്‍ക്ക് പറഞ്ഞു. ഈ വിജയം അവനുള്ളതാണ്. ഞങ്ങളുടെ ഇളയ സഹോദരന്‍. അവനായിരുന്ന ഞങ്ങളുടെ ആഘോഷ വേളകളെ സമ്പന്നമാക്കിയത്. അതുകൊണ്ട് ഈ വിജയം ഞങ്ങള്‍ ആഘോഷിക്കുക തന്നെ ചെയ്യുമെന്നും ക്ലാര്‍ക്ക് പറഞ്ഞു. സിഡ്‌നിയില്‍ നടന്ന മത്സരത്തിനിടെ ബാറ്റ് ചെയ്യുന്നതിനിടെ ബൗണ്‍സര്‍ തലയില്‍ കൊണ്ടാണ് ഹ്യൂസ് മരിച്ചത്. കഴിഞ്ഞ നവംബറിലായിരുന്നു കായിക ലോകത്തെ നടുക്കിയ സംഭവം. തന്റെ പ്രിയ സുഹൃത്തിന്റെ ഓര്‍മക്കായി കറുത്ത ബാന്‍ഡ് ധരിച്ചാണ് ക്ലാര്‍ക്ക് കളിക്കളത്തില്‍ ഇറങ്ങിയിരുന്നത്.

മക്കെല്ലത്തിന്
നാണക്കേടിന്റെ റെക്കോര്‍ഡും
മെല്‍ബണ്‍: ന്യൂസിലാന്‍ഡിനെ ആദ്യമായി ലോകകപ്പ് ഫൈനലിലെത്തിച്ച് ചരിത്രം കുറിച്ച നായകന്‍ ബ്രണ്ടന്‍ മക്കെല്ലത്തിന് നാണക്കേടിന്റെ റെക്കോര്‍ഡും. ലോകകപ്പ് ഫൈനലില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായി പൂജ്യത്തിന് പുറത്തായതോടെയാണ് മക്കെല്ലത്തിന് ചീത്തപ്പേര് ചാര്‍ത്തിക്കിട്ടിയത്. ലോകകപ്പ് ഫൈനലില്‍ ഒരു ക്യാപ്റ്റന്‍ റണ്‍സൊന്നുമെടുക്കാതെ പുറത്താകുന്നത് ഇത് ആദ്യമായാണ്. കഴിഞ്ഞ പത്ത് ലോകകപ്പ് ഫൈനലുകളിലും ഒരു ടീമിന്റെ നായകനും പൂജ്യത്തിന് പുറത്തായിട്ടില്ല. മക്കെല്ലത്തിന്റെ പുറത്താകലോടെ മാനസികമായി തകര്‍ന്ന ന്യൂസിലാന്‍ഡിന് മത്സരത്തിലേക്ക് ഒരു തിരിച്ചുവരവ് സാധ്യമായിരുന്നില്ല. നേരത്തെ പല മത്സരങ്ങളിലും മക്കെല്ലത്തിന്റെ വെടിക്കെട്ട് തുടക്കമാണ് ന്യൂസിലാന്‍ഡിന് മേല്‍ക്കൈ നേടിക്കൊടുത്തത്.