രാജകീയം ഈ വിടവാങ്ങല്‍..

Posted on: March 30, 2015 9:48 am | Last updated: March 30, 2015 at 9:48 am
SHARE

clarkeമെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ടീം നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന് ഇത് രാജകീയ വിടവാങ്ങല്‍. ഓസീസിന് അഞ്ചാമത്തെ ലോക കിരീടം നേടിക്കൊടുത്താണ് 33 കാരനായ ക്ലാര്‍ക്ക് ഏകദിന ക്രിക്കറ്റിനോട് വിടപറയുന്നത്. ഫൈനലിന് തൊട്ടുമുന്‍പാണ് ക്ലാര്‍ക്ക് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. കലാശപ്പോരില്‍ 72 പന്തില്‍ 74 റണ്‍സെടുത്ത് ഓസീസ് ബാറ്റിംഗിന്റെ നെടുംതൂണായതും ക്ലാര്‍ക്ക് തന്നെ. ഈ ലോകകപ്പിലെ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയാണ് ക്ലാര്‍ക്ക് മെല്‍ബണില്‍ കുറിച്ചത്. നേരത്തെ പരുക്കിനെ തുടര്‍ന്ന് ഗ്രൂപ്പ് മത്സരങ്ങളില്‍ ക്ലാര്‍ക്ക് കളിച്ചിരുന്നില്ല. 2003ല്‍ ഇംഗ്ലണ്ടിനെതിരെ അഡ്‌ലൈയ്ഡിലായിരുന്നു ഏകദിനത്തില്‍ ക്ലാര്‍ക്കിന്റെ അരങ്ങേറ്റം. 245 ഏകദിനങ്ങളില്‍ 7981 റണ്‍സ് നേടിയിട്ടുണ്ട്. ശരാശരി 44.58. ഏകദിനത്തില്‍ 57 വിക്കറ്റും വീഴ്ത്തി. ഏകദിനത്തില്‍ നിന്ന് വിരമിച്ചെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ തുടരുമെന്ന് ക്ലാര്‍ക്ക് വ്യക്തമാക്കിയിരുന്നു. നിലവില്‍ വൈസ് ക്യാപ്റ്റനായ സ്റ്റീവന്‍ സ്മിത്തായിരിക്കും ഇനി ഓസീസിനെ നയിക്കുക.

downloadന്യൂസിലാന്‍ഡിന്റെ വെറ്ററന്‍ താരം ഡാനിയല്‍ വെട്ടോറിയുടെയും അവസാന ഏകദിനമായിരുന്നു മെല്‍ബണിലേത്. വര്‍ഷങ്ങളായി കിവീസിന്റെ മുന്‍നിര ബൗളറായ ഈ വലംകൈയന്‍ സ്പിന്നര്‍ തന്റെ രാജ്യത്തിന് ലോകകപ്പ് സമ്മാനിക്കാനായില്ലെന്ന നിരാശയോടെയാകും കളിക്കളം വിടുക. എന്നാല്‍ ന്യൂസിലാന്‍ഡ് ആദ്യമായി ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചതില്‍ വെട്ടോറിക്ക് നിര്‍ണായക പങ്കുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ സെമി പോരാട്ടത്തില്‍ നിര്‍ണായക റണ്‍സ് നേടിയത് വെട്ടോറിയാണ്. 295 ഏകദിനങ്ങളില്‍ 3.71 ശരാശരിയില്‍ 305 വിക്കറ്റുകള്‍ വെട്ടോറി സ്വന്തമാക്കിയിട്ടുണ്ട്. ഏഴ് റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ വിഴ്ത്തിയതാണ് മികച്ച ബൗളിംഗ് പ്രകടനം.