Connect with us

Gulf

സംയുക്ത സഖ്യസേന രൂപീകരിക്കാന്‍ അറബ് ഉച്ചകോടിയില്‍ തീരുമാനം

Published

|

Last Updated

ഏദന്‍/ശറമുല്‍ശൈഖ്: സംയുക്ത അറബ് സൈനിക സേന രൂപവത്കരിക്കാന്‍ ഈജിപ്തിലെ ശറമുല്‍ ശൈഖില്‍ ചേര്‍ന്ന അറബ് ലീഗ് ഉച്ചകോടിയില്‍ തീരുമാനമായി. യമനില്‍ ഹൂതി വിമതര്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തില്‍ സൈനിക നടപടി ശക്തമായി തുടരുന്നതിനിടെ ചേര്‍ന്ന അറബ് ലീഗ് ഉച്ചകോടി മേഖലയിലെ വിവിധ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ വിശദമായി ചര്‍ച്ച ചെയ്തു. ഇറാഖ്, സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനം ശക്തമായ സാഹചര്യത്തിലാണ് സംയുക്ത സൈന്യം രൂപവത്കരിക്കാന്‍ ധാരണയായത്. അറബ് മേഖല വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ സംയുക്ത സേന രൂപവത്കരിക്കാന്‍ ധാരണയായതായി രണ്ട് ദിവസമായി നടന്ന യോഗത്തിനു ശേഷം സംസാരിക്കവെ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി പറഞ്ഞു.
സംയുക്ത സൈന്യത്തിന്റെ ഘടനയും പ്രവര്‍ത്തനവും പരിശോധിക്കുന്നതിന് അറബ് സൈനിക മേധാവികളുടെ മേല്‍നോട്ടത്തില്‍ ഉന്നതാധികാര സമിതി പ്രവര്‍ത്തിക്കുമെന്നും അല്‍ സീസി വ്യക്തമാക്കി. നിര്‍ദിഷ്ട സംയുക്ത സൈന്യത്തിന് നാല്‍പ്പതിനായിരം സൈനികരും യുദ്ധക്കപ്പലുകളും ജെറ്റ് വിമാനങ്ങളും മറ്റ് ആയുധങ്ങളും ഉണ്ടാകുമെന്ന് ഈജിപ്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, അറബ് രാജ്യങ്ങള്‍ പൂര്‍ണമായി ഈ ഉദ്യമത്തോട് സഹകരിക്കുമോ എന്ന കാര്യത്തില്‍ സംശയമുയര്‍ന്നിട്ടുണ്ട്.
അതിനിടെ, യമന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഹൂതി വിമതര്‍ക്കെതിരെ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യ രാഷ്ട്രങ്ങള്‍ വ്യോമാക്രമണം നാലാം ദിവസവും തുടര്‍ന്നു. വിമതര്‍ കീഴടങ്ങുന്നത് വരെ വ്യോമാക്രമണം അവസാനിപ്പിക്കില്ലെന്ന് യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി വ്യക്തമാക്കിയിട്ടുണ്ട്. വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇറാന്റെ പിന്തുണയുള്ള ഹൂതികള്‍ക്കെതിരെ കരയാക്രമണം വേണമോയെന്ന കാര്യത്തില്‍ സഊദി അറേബ്യ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇപ്പോള്‍ വ്യോമാക്രമണം മാത്രമാണ് നടത്തുന്നതെന്നും കരയാക്രമണത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും യു എസിലെ സഊദി അംബാസിഡര്‍ പറഞ്ഞു. ഹൂതികള്‍ക്കെതിരെ ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായി കരയാക്രമണം തുടങ്ങിയേക്കുമെന്ന് യമന്‍ സര്‍ക്കാര്‍ സൂചന നല്‍കിയിരുന്നു. അതിനിടെ മലയാളികള്‍ അടക്കമുള്ള വിദേശികള്‍ താമസിക്കുന്ന ഹോട്ടലിനടുത്ത് സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്.
ആക്രമണം ശക്തമായ പശ്ചാത്തലത്തില്‍ യമനില്‍ നിന്ന് നയതന്ത്ര പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഐക്യരാഷ്ട്ര സഭ പിന്‍വലിച്ചു. യമനിലെ ഏദനില്‍ നിന്ന് ചെങ്കടല്‍ വഴി ജിദ്ദയിലേക്കാണ് ജീവനക്കാരെ മാറ്റിയത്. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഹൂതികളുടെ നിയന്ത്രണത്തിലാണ് യമന്‍ തലസ്ഥാനമായ സന്‍ആ. ഇവിടെയുള്ള നൂറിലധികം ഉദ്യോഗസ്ഥരെയാണ് യു എന്‍ ജിദ്ദയിലേക്ക് മാറ്റിയത്.
അതേസമയം, പ്രസിഡന്റ് ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുന്നത് വരെ ഹൂതി വിമതര്‍ക്കെതിരെ ചര്‍ച്ചക്ക് തയ്യാറല്ലെന്ന് വിദേശകാര്യ മന്ത്രി റിയാദ് യാസീന്‍ വ്യക്തമാക്കി. വിമതരുമായി യാതൊരുവിധ ഒത്തുതീര്‍പ്പുകള്‍ക്കോ ചര്‍ച്ചകള്‍ക്കോ തയ്യാറാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുടെ ശക്തികേന്ദ്രമായ ഏദനില്‍ ഇന്നലെ ശക്തമായ ഏറ്റുമുട്ടല്‍ നടന്നു. ഹാദിയുടെ അനുയായികളും ഹൂതി വിമതരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനൊടുവില്‍ ഏദനിലെ വിമാനത്താവളം വിമതരില്‍ നിന്ന് തിരിച്ചുപിടിച്ചു. കഴിഞ്ഞ ദിവസം രാത്രി നടന്ന വ്യോമാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെടുകയും എണ്‍പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഹൂതി വിമതരോട് അനുഭാവം പുലര്‍ത്തുന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വ്യോമാക്രമണത്തിന് പുറമെ യമനിലെ ദക്ഷിണ, പശ്ചിമ പ്രവിശ്യകളില്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായിട്ടുണ്ട്.