ഈ കൊടുങ്കാറ്റില്‍ എന്തൊക്കെ കടപുഴകും?

Posted on: March 29, 2015 12:24 pm | Last updated: March 29, 2015 at 12:24 pm
SHARE

യമനില്‍ താത്പര്യങ്ങള്‍ ഏറ്റുമുട്ടുകയാണ്. ഹൂതി വിമതരെ തകര്‍ത്തെറിയാനായി സഊദിയുടെ നേതൃത്വത്തില്‍ ജി സി സി രാജ്യങ്ങള്‍ വ്യോമാക്രമണം നടത്തുമ്പോള്‍ അതില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കാളികളാകുന്ന എല്ലാ ശക്തികള്‍ക്കും ന്യായീകരണങ്ങള്‍ ഉണ്ട്. മേഖലയുടെ സുരക്ഷിതത്വം പ്രധാന വിഷയം തന്നെയാണ്. ഗള്‍ഫിലെ രാഷ്ട്രീയ, സാമ്പത്തിക താത്പര്യങ്ങളുടെ നേതൃസ്ഥാനം വഹിക്കുന്ന തങ്ങളുടെ സുരക്ഷയെ നേരിട്ട് വെല്ലുവിളിക്കുന്ന തലത്തിലേക്ക് തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം വ്യാപകവും മാരകവുമാകുമ്പോള്‍ നോക്കിയിരിക്കാന്‍ സഊദിക്ക് സാധിക്കില്ല. എണ്ണ ഉത്പാദനവും വിപണനവും അടക്കമുള്ള അടിസ്ഥാന ആശങ്കകളെ കണ്ടില്ലെന്ന് വെച്ച് കൊണ്ട്, യമനിലെ പ്രതിസന്ധിക്ക് അവിടെ നിന്ന് തന്നെ ഒരു പരിഹാരമുണ്ടാകട്ടെയെന്ന് തീരുമാനിക്കാനും അവര്‍ക്കാകില്ല. മേഖലാ സഹകരണത്തിന്റെ ചട്ടക്കൂട്ടില്‍ നില്‍ക്കുന്ന ജി സി സി രാജ്യങ്ങള്‍ക്കും മനഃസാക്ഷിക്കുത്തിന്റെ ആവശ്യമില്ല. സഊദിയെ ശക്തമായി പിന്തുണക്കുന്ന അമേരിക്കക്കാകട്ടെ ‘തീവ്രവാദത്തോട് സന്ധിയില്ലെ’ന്ന എന്ന പതിവ് പല്ലവി മതി ന്യായീകരിച്ച് നില്‍ക്കാന്‍. അമേരിക്ക നില്‍ക്കുന്നിടത്ത് നില്‍ക്കുകയെന്ന ലളിത യുക്തി മതി ഫ്രാന്‍സിനും ബ്രിട്ടനുമെല്ലാം. വ്യോമാക്രമണത്തിന് സഹായവുമായി ചാടി വീണ പാക്കിസ്ഥാനും സുഡാനുമൊക്കെ സൗഹൃദത്തിന്റെയും വംശീയമായ വൈകാരികതയുടെയും തണല്‍ മതിയാകും പറഞ്ഞു നില്‍ക്കാന്‍. പക്ഷേ, ആകാശത്ത് നിന്നുള്ള ആക്രമണം കനത്ത നാശം വിതച്ച് മുന്നേറുമ്പോള്‍ അവശേഷിക്കുന്ന ചോദ്യങ്ങള്‍ക്ക് ഈ ന്യായീകരണങ്ങളൊന്നും മറുപടിയാകുന്നില്ല. ചരിത്രമുറങ്ങുന്ന ഒരു ജനപഥം കൂടി ശിഥിലവും അസ്ഥിരവുമാകുന്നുവെന്ന ആത്യന്തിക ഫലത്തെക്കുറിച്ചുള്ള വലിയ വേവലാതികളെ ആര് ശമിപ്പിക്കും? ഈ ആക്രമണം യമനിലെ ജനസാമാന്യത്തിന്റെ ഉത്തമ താത്പര്യത്തില്‍ തന്നെയാണോയെന്ന് ആര് പരിശോധിക്കും? ഏതൊക്കെ തരത്തിലുള്ള മുതലെടുപ്പുകളാണ് ഈ ആക്രമണത്തിന്റെ പാര്‍ശ്വങ്ങളില്‍ നടക്കാന്‍ പോകുന്നുവെന്നത് വിശകലനം ചെയ്യേണ്ടതല്ലേ? കൂട്ടക്കുഴപ്പങ്ങളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ആരായിരിക്കും? മധ്യ പൗരസ്ത്യ ദേശത്തെയും പശ്ചിമേഷ്യയിലെയും നിലവിലുള്ള ഇസില്‍ ഭീകരവാദമടക്കമുള്ള പ്രതിസന്ധികളെ എങ്ങനെയാണ് യമന്‍ സ്വാധീനിക്കാന്‍ പോകുന്നത്?
ആസിഫത്തുല്‍ ഹാസം എന്നാണ് ആക്രമണപദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍, ഈജിപ്ത്, സുഡാന്‍, മൊറോക്കോ, ജോര്‍ദാന്‍, പാക്കിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളുടെ സഖ്യമാണ് ആക്രമമത്തില്‍ നേരിട്ട് പങ്കാളികളാകുന്നത്. തലസ്ഥാനമായ സന്‍ആ കേന്ദ്രീകരിച്ച് തുടരുന്ന ആക്രമണത്തില്‍ ഇതിനകം 50ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. തീവ്രവാദികളുടെയും സൈനികരുടെയും ജീവാപായങ്ങള്‍ വേറെയും. പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി സഊദിയില്‍ അഭയം തേടിയിരിക്കുകയാണ്. ഹൂതി തീവ്രവാദികളുടെ തടവറയില്‍ ആയിരുന്നു ഹാദി. അവിടെ നിന്ന് തന്റെ ശക്തി കേന്ദ്രമായ ആദനിലേക്ക് രക്ഷപ്പെട്ടതോടെയാണ് അദ്ദേഹം സഊദിയുമായും സഖ്യശക്തികളുമായും ആശയവിനിമയം നടത്തിയതും ഇപ്പോഴത്തെ സംയുക്ത ആക്രമണത്തിന് കളമൊരുക്കിയതും. അറബ് വസന്തമെന്ന് വിളിക്കപ്പെട്ട ഭരണമാറ്റ പരമ്പരയിലാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ വേരുകളെന്ന് പറയാവുന്നതാണ്. അന്നത്തെ പ്രസിഡന്റ് അലി അബ്ദുല്ല സലാഹിനെ പുറത്താക്കാന്‍ തെരുവില്‍ നടന്ന പ്രക്ഷോഭം തുടക്കത്തില്‍ ജനകീയവും എല്ലാ വിഭാഗത്തിന്റെയും പ്രതിനിധാനം അവകാശപ്പെടാവുന്നതുമായിരുന്നു. എന്നാല്‍ ഒരു ഘട്ടം പിന്നിട്ടതോടെ അതിലേക്ക് തീവ്രവാദികള്‍ നുഴഞ്ഞ് കയറി. യസീദി ശിയാ ആയ അലി അബ്ദുല്ലയെ പുറത്താക്കുകയെന്ന ഒറ്റ അജന്‍ഡയിലേക്ക് പ്രക്ഷോഭം കൂപ്പു കുത്തി. ഗത്യന്തരമില്ലാതെ അധികാരം വിട്ടൊഴിഞ്ഞ അദ്ദേഹം അന്നത്തെ വൈസ് പ്രസിഡന്റ് മന്‍സൂര്‍ ഹാദിക്ക് പദവി കൈമാറി. ആ കൈമാറ്റത്തിന് തിരഞ്ഞെടുപ്പിലൂടെ സ്ഥിരീകരണം ഉണ്ടായപ്പോള്‍ സുഗമമായ ഭരണത്തിന് അലി അബ്ദുല്ല സാഹചര്യം ഒരുക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ ഉണ്ടായത് മറ്റൊന്നാണ്. അലി അബ്ദുല്ല വംശീയ കാര്‍ഡ് തന്നെ കളിച്ചു. അദ്ദേഹം സൈന്യത്തെ നെടുകെ പിളര്‍ത്തി. ഈ പ്രശ്‌നങ്ങള്‍ക്ക് എത്രയോ മുമ്പ് തന്നെ യമനിലെ നിര്‍ണായക സൈനിക ശക്തിയായി വളര്‍ന്ന് കഴിഞ്ഞിരുന്ന ഹൂതി ശിയാക്കളെ ഇറക്കി ഭരണം പിടിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാല്‍ ചരടുകള്‍ അദ്ദേഹത്തിന്റെ കൈയില്‍ നിന്നും വഴുതുന്നതാണ് പിന്നെ കണ്ടത്. ഹൂതി തീവ്രവാദികള്‍ സന്‍ആ പിടിച്ചു. പുതിയ ഭരണകൂടം പ്രഖ്യാപിച്ചു. മന്‍സൂര്‍ ഹാദിയെ അവരോധിക്കുന്നതില്‍ സഊദിക്കും അമേരിക്കക്കും കൃത്യമായ പങ്കുണ്ടായിരുന്നു. അത്‌കൊണ്ട് അദ്ദേഹം സ്ഥാനഭ്രഷ്ടമാകുന്നത് തങ്ങളുടെ കൂടി പരാജയമാണെന്ന് അവര്‍ കണ്ടു. ഒപ്പം സൗദിയുടെ അതിര്‍ത്തികളിലേക്ക് അശാന്തി പടരുന്നതും അവരെ അസ്വസ്ഥമാക്കി. അങ്ങനെയാണ് ‘നിര്‍ണായകമായ കൊടുങ്കാറ്റി’ന് അനുമതി നല്‍കുന്ന ഉത്തരവില്‍ സല്‍മാന്‍ രാജാവ് ഒപ്പുവെച്ചത്.
2011ലെ ബഹ്‌റൈന്‍ ദൗത്യമാണ് സഖ്യസേനക്ക് മുന്നിലെ വിജയ മാതൃക. അവിടെ ഭരണകൂടത്തിനെതിരെ തിരിഞ്ഞ ശിയാ പ്രക്ഷോഭകരെ നിഷ്പ്രയാസം അടിച്ചമര്‍ത്താനും ഇറാന്റെ ഇടപെടലിനുള്ള സാധ്യത പൂര്‍ണമായി അടയ്ക്കാനും സഊദിയുടെ നേതൃത്വത്തിലുള്ള നടപടിക്ക് നിഷ്പ്രയാസം സാധിച്ചിരുന്നു. അന്ന് പ്രക്ഷോഭകര്‍ തമ്പടിച്ചിരുന്ന മുത്ത് ചത്വരം ഇന്ന് അവിടെയില്ല. തെരുവില്‍ ഇറങ്ങിയ പലരും എങ്ങോട്ട് പോയെന്ന് ഇന്നും അജജ്ഞാതമാണ്. അമേരിക്കന്‍ കപ്പല്‍പടയുടെ താവളം കൂടിയായ ബഹ്‌റൈന്‍ ദ്വീപില്‍ ഒരു സംഘര്‍ഷവും അനുവദിക്കില്ലെന്ന സഊദിയുടെ നിശ്ചയദാര്‍ഢ്യം അതേ അളവില്‍ പൂര്‍ത്തീകരിക്കാന്‍ അന്ന് സാധിച്ചു. എന്നാല്‍ ബഹ്‌റൈന്‍ അല്ല യമന്‍. വെറും 700 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ദ്വീപല്ലല്ലോ യമന്‍. അത് വിസ്തൃതമാണ്. അതിന്റെ ഘടന തന്നെ സങ്കീര്‍ണവും മറ്റ് ജി സി സി രാജ്യങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തവുമാണ്. ബഹ്‌റൈനില്‍ ശക്തമായ ഒരു ഭരണകൂടം ഉണ്ടായിരുന്നു. യമനിലോ? തികഞ്ഞ അരാജകത്വം. സ്വലാഹിന്റെ സ്വന്തം ഗ്രൂപ്പ് ഒരു ഭാഗത്ത്. ഹാദിയുടെ ഗ്രൂപ്പ്, അറബ് ദേശീയവാദികള്‍, ഗോത്രവര്‍ഗ വിഭാഗങ്ങള്‍, സലഫി ഗ്രൂപ്പുകള്‍, അല്‍ ഖാഇദയോട് ചേര്‍ന്ന് നില്‍ക്കുന്ന നിരവധി ഗ്രൂപ്പുകള്‍. ആകെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയാണ് യമന്‍. അവര്‍ ആകാശമെടുക്കട്ടെ, കര തൊടാന്‍ അവര്‍ക്കാകില്ലെന്നാണ് ഹൂതി വക്താവ് പറഞ്ഞത്. യമനില്‍ സൈനിക ദൗത്യം അത്ര എളുപ്പമാകില്ലെന്ന് ഉറപ്പാണ്.
ആകാശത്ത് നിന്ന് യമന്‍ മണ്ണില്‍ ആക്രമണം പെയ്തിറങ്ങുമ്പോള്‍ മുല്ലപ്പൂ വിപ്ലവമെന്ന് ഘോഷിക്കപ്പെട്ട ഭരണമാറ്റ പരമ്പരകളുടെ പൊള്ളത്തരം ഒരിക്കല്‍ കൂടി വെളിപ്പെടുകയാണ്. നിലവിലുള്ള ഒന്നിനെ തകര്‍ത്തെറിയാം. തകര്‍ക്കപ്പെടേണ്ടതാണെങ്കില്‍ വിശേഷിച്ചും. എന്നാല്‍ പകരം എന്ത് എന്ന ചോദ്യം പലവുരു ചോദിച്ചിട്ടേ അതിന് മുതിരാവൂ. ലിബിയയില്‍ ഗദ്ദാഫയെയും ടുണീഷ്യയില്‍ ബിന്‍ അലിയെയും തൂത്തെറിഞ്ഞപ്പോള്‍ പകരം വന്നതെന്താണ്? അന്തമില്ലാത്ത അരാജകത്വം. വാളെടുത്തവര്‍ മുഴുവന്‍ വെളിച്ചപ്പാടുകള്‍. എല്ലാവര്‍ക്കും സൈന്യം. എല്ലാവര്‍ക്കും പാര്‍ലിമെന്റ്. എല്ലാവരും രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നു. ഇവിടങ്ങളില്‍ വിപ്ലവത്തിന്റെ രാഷ്ട്രീയ ഗുണഭോക്താക്കളായ ഇസ്‌ലാമിസ്റ്റുകള്‍ക്ക് രാജ്യത്തെ നയിക്കാന്‍ കെല്‍പ്പില്ലാതെ പോയി. യമനിലാകട്ടേ ജനങ്ങള്‍ക്ക് പങ്കാളിത്തമുള്ള ഒരു ബദലിനുള്ള ശ്രമം പോലും നടന്നില്ല. അറബ് വസന്തം സാമ്രാജ്യത്വത്തിന് കൂടുതല്‍ ശക്തമായ അധിനിവേശത്തിന് മണ്ണൊരുക്കാനായുള്ള വ്യാജ നിര്‍മിതി മാത്രമായിരുന്നുവെന്ന് ഇന്ന് വ്യക്തമാകുന്നു. അത് സുഗന്ധമുള്ള പൂക്കളൊന്നും വിടര്‍ത്തിയില്ല. വംശീയതയുടെയും ഗോത്രാഭിമാനങ്ങളുടെയും തീതുപ്പും പൂക്കളാണ് വിരിഞ്ഞത്.
ഇതിന്റെ ഭാഗമായി സംഭവിച്ച ഏറ്റവും ഭീകരമായ കാര്യം ഈ രാജ്യങ്ങളിലെ സൈന്യവും ആയുധവും അപഹരിക്കപ്പെട്ടുവെന്നതാണ്. രാജ്യത്തെ മൊത്തം ജനങ്ങളുടെ സുരക്ഷക്കായി ദേശീയ സമ്പത്ത് ഉപയോഗിച്ച് ശേഖരിച്ച ആയുധങ്ങള്‍ തീവ്രവാദി ഗ്രൂപ്പുകളുടെ കൈകളില്‍ എത്തുന്നു. അധികാര ഭ്രഷ്ടരാകുന്ന ഭരണാധികാരികള്‍ നഷ്ടപ്രതാപം തിരിച്ചു പിടിക്കാന്‍ ഈ ഗ്രൂപ്പുകളെ കൂട്ടുപിടിക്കുമ്പോഴാണ് ഈ ദുരന്തം സംഭവിക്കുന്നത്. ഇങ്ങനെ ആയുധ ശാലകളില്‍ നിന്ന് പുറത്തെത്തുന്ന ആയുധങ്ങള്‍ സ്വന്തം ജനതക്ക് മേല്‍ മരണം വിതച്ച് കൊണ്ടേയിരിക്കും. യമനിലെ ഹൂതികളും ഇറാഖിലെ ഇസില്‍ സംഘവും ലിബിയയിലെ മിലീഷ്യകളും ഇക്കാര്യത്തില്‍ സമന്‍മാരാണ്. അലി അബ്ദുല്ല ജനവിരുദ്ധനാണെന്ന് പറയാന്‍ ഈ ഒരൊറ്റ കാരണം മതി.
ഇക്കാരണവും ഇറാന്‍ ഇടപെടലും ഹൂതി ക്രൂരതയും ചൂണ്ടിക്കാട്ടി ഇപ്പോള്‍ നടക്കുന്ന ആക്രമണം യമന്‍ ജനതക്ക് വേണ്ടിയാണെന്ന് തീര്‍ത്ത് പറയാനാകുമോ? തീര്‍ച്ചയായും ഇറാന്റെ ഇടപെടല്‍ ഒരു യാഥാര്‍ഥ്യമാണ്. മേഖലയില്‍ ചുവടുറപ്പിക്കാന്‍ ഇറാന്‍ പല നിലകളില്‍ തന്ത്രം മെനയുന്നുണ്ട്. ഹൂതികള്‍ക്ക് ഇറാന്‍ ആയുധവും പരിശീലനവും നല്‍കുന്നത് പരസ്യമായ രഹസ്യമാണ്. ഇപ്പോള്‍ പ്രത്യക്ഷത്തില്‍ ഇടപെടാത്തത് ആണവ ചര്‍ച്ച നടക്കുന്ന ഘട്ടമായത് കൊണ്ട് മാത്രമാണ്. ബശര്‍ അല്‍ അസദിനെ നിലനിര്‍ത്തുന്നത് ഇറാനാണ്. ഇപ്പോള്‍ ഇസില്‍ ദൗത്യത്തില്‍ പങ്കാളിയാകാമെന്ന് ഇറാന്‍ അമേരിക്കക്ക് ഉറപ്പ് നല്‍കുന്നതില്‍ പോലും ഇടുങ്ങിയ രാഷ്ട്രീയമുണ്ട്. ഇറാന്റെ ‘ആണവ ബോംബ്’ അറബ് രാജ്യങ്ങളിലൊന്നാകെയുള്ള ആശങ്കയുമാണ്. വംശീയത്തീയില്‍ എണ്ണയൊഴിക്കുന്നത് ശിയാ രാഷ്ട്രത്തിന്റെ നിലപാടുകളാണ് എന്നതിലും സംശയമില്ല. പക്ഷേ ചോദ്യമിതാണ്. സഊദിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം ഹൂതികളെ തകര്‍ത്ത് ആരെയാണ് ഭരണമേല്‍പ്പിക്കാന്‍ പോകുന്നത്? പുറത്തു നിന്ന് നിശ്ചയിക്കപ്പെടുന്ന ഭരണാധികാരിയെയാണോ യമന്‍ ജനത അര്‍ഹിക്കുന്നത്? സ്വയം നിര്‍ണയാവകാശത്തിന്റെ കരുത്തിലേക്ക് അവരെ തിരിച്ചു കൊണ്ടു വരാന്‍ സഊദിയും സഖ്യവും തയ്യാറാകുമെങ്കില്‍ ഈ സൈനിക നടപടി, സഊദി പറയുന്നത് പോലെ, യമന്‍ ജനതക്ക് വേണ്ടിയാകും. അതിന് സാധിക്കുന്നില്ലെങ്കില്‍ ഇത് അമേരിക്കന്‍ ആയുധ കമ്പനികള്‍ക്ക് വിറ്റുവരവ് കൂട്ടാനുള്ള അഭ്യാസം മാത്രമാകും. വെറും മേല്‍ക്കോയ്മാ പ്രഖ്യാപനം.