Connect with us

Editorial

സമവായം സുപ്രധാനം

Published

|

Last Updated

കഴിഞ്ഞ ആഴ്ചയിലെ പ്രധാനപ്പെട്ട സംഭവങ്ങളില്‍ മുഖ്യമായ ഒന്ന് മുന്‍ പ്രധാനമന്ത്രി എ ബി വാജ്പയിക്ക് “ഭാരതരത്‌ന” സമ്മാനിച്ചതാണ്. ഹിന്ദുത്വ അജന്‍ഡ മുഖ്യ പ്രത്യയശാസ്ത്രമായുള്ള ആര്‍ എസ് എസിന്റെയും അതിന്റെ രാഷ്ട്രീയ വിഭാഗമായ ബി ജെ പിയുടെയും നേതാക്കളില്‍ പ്രമുഖനായ അദ്ദേഹത്തിന് സര്‍വ സ്വീകാര്യമായ ഒരു സൗമ്യമുഖം കൂടിയുണ്ട്. 1992ല്‍ പദ്മവിഭൂഷണും, 94ല്‍ ലോകമാന്യ തിലക് അവാര്‍ഡും, അക്കൊല്ലം തന്നെ മികച്ച പാര്‍ലിമെന്റേറിയനുള്ള അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ജീവിച്ചിരിക്കെ തന്നെ ഭാരതരത്‌ന ലഭിച്ച പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരുടെ ഗണത്തിലാണ് വാജ്‌പേയിയും. 90 വയസ്സ് തികയുന്നതിന് ഒരു ദിവസം മുമ്പ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24നാണ് വാജ്പയിക്ക് ഭാരതരത്‌ന നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. “തര്‍ക്ക പ്രശ്‌നങ്ങള്‍ക്ക് സമവായത്തിലൂടെ പരിഹാരം കാണുന്നതിന് എന്നും വാജ്പയി മുന്‍ഗണന നല്‍കിയിരുന്നു” എന്ന് ഭാരതരത്‌നക്കൊപ്പം സമ്മാനിച്ച പ്രശസ്തിപത്രത്തില്‍ എടുത്ത് പറയുന്നുണ്ട്. സമവായം എന്നത് ഏറെ ദുഷ്‌കരമായിവരുന്ന കാലത്ത് വാജ്പയി അതിന്റെ പ്രണേതാവായത് ചില്ലറ കാര്യമല്ല.
ഏറ്റവും ഒടുവില്‍ വ്യവസായങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങള്‍ നീക്കംചെയ്യാനും കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ള ഓര്‍ഡിനന്‍സ് വിജ്ഞാപനം ചെയ്തതിന് പകരം വെക്കാനുള്ള ബില്ലിന് പാര്‍ലിമെന്റില്‍ അംഗീകാരം നേടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിനായിട്ടില്ല. കഴിഞ്ഞ രണ്ട് തവണ പാര്‍ലിമെന്റ് സമ്മേളിച്ചപ്പോഴും ഈ പ്രശ്‌നത്തില്‍ സമവായമുണ്ടാക്കാന്‍ ഭരണകക്ഷിയായ ബി ജെ പിക്കായില്ല. ലോക്‌സഭയില്‍ തനിച്ച് ഭൂരിപക്ഷമുള്ള ബി ജെ പിക്ക് ന്യൂനപക്ഷമായ രാജ്യസഭ ബാലികേറാമലയാണ്. രാജ്യസഭയില്‍ പ്രതിപക്ഷ കക്ഷികളെല്ലാം പുതിയ ഭൂ നിയമത്തിന് എതിരാണ്. നിയമം കര്‍ഷക വിരുദ്ധമാണെന്ന് അവര്‍ ശഠിക്കുമ്പോള്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. മുന്‍ പ്രധാനമന്ത്രി വാജ്പയിക്കുണ്ടായിരുന്ന സമവായ സന്നദ്ധത ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഭരണപക്ഷത്തിനില്ല. കോണ്‍ഗ്രസ് ആണെങ്കില്‍ തങ്ങള്‍ 2013ല്‍ രൂപകല്‍പ്പന ചെയ്ത ഭൂ നിയമം കര്‍ഷക സൗഹൃദമായിരുന്നുവെന്നും, അതിന് പകരം മോദി സര്‍ക്കര്‍ കൊണ്ടുവരുന്ന നിയമം കര്‍ഷക ദ്രോഹമാണെന്നും ശഠിക്കുന്നു. കോര്‍പറേറ്റുകളുടെ താത്പര്യ സംരക്ഷണമാണ് മോദി സര്‍ക്കാറിന് പ്രധാനം. ഇവിടെ നിയമനിര്‍മാണം തടസ്സപ്പെടുന്നു എന്ന് മാത്രമല്ല ആരെ ഉദ്ദേശിച്ചാണോ നിയമം തയ്യാറാക്കുന്നത് അവര്‍ക്ക് അത് അനുഭവവേദ്യമാകുന്നുമില്ല.
2013ലെ ഭൂ നിയമം ഭേദഗതി ചെയ്യാന്‍ 2014 ഡിസംബര്‍ 31ന് വിജ്ഞാപനം ചെയ്ത ഓര്‍ഡിനന്‍സ് ലോക്‌സഭ പാസാക്കി. ബജറ്റ് സമ്മേളനം 2015 ഫെബ്രുവരി 23ന് തുടങ്ങി. ഓര്‍ഡിനന്‍സിന് പകരംവെക്കാനുള്ള ബില്‍ മാര്‍ച്ച് 20ന് രാജ്യസഭ തള്ളി. അതാണിപ്പോള്‍ ഏപ്രില്‍ 5ന് മുമ്പ് വീണ്ടും ഓര്‍ഡിനന്‍സായി കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. തങ്ങള്‍ കൊണ്ടുവന്ന നിയമത്തിലെ കര്‍ഷക സൗഹൃദ വ്യവസ്ഥകള്‍ മോദി സര്‍ക്കാര്‍ വെട്ടിമാറ്റിയെന്ന് ആരോപിക്കുന്ന കോണ്‍ഗ്രസ് മറ്റ് പ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം ഓര്‍ഡിനന്‍സിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. ബഹളവും വക്കാണവും കാരണം സഭാ നടപടികള്‍ സ്തംഭിക്കുന്നതും അതുകാരണം സംഭവിക്കുന്ന ദേശീയ നഷ്ടത്തെ കുറിച്ച് ചിന്തിക്കാനും ഭരണ- പ്രതിപക്ഷ നിരക്ക് കഴിയുന്നില്ല. പാര്‍ലിമെന്റിലെ മാത്രം സ്ഥിതിയല്ല ഇത്. നിയമസഭകളിലും തര്‍ക്ക വിഷയങ്ങളില്‍ സമവായം കണ്ടെത്താനും നിയമനിര്‍മാണ പ്രക്രിയ അടക്കമുള്ളവ കാര്യക്ഷമമാക്കാനും ആര്‍ക്കും താത്പര്യമില്ല. ചര്‍ച്ച കൂടാതെ ബജറ്റ്‌പോലും പാസാക്കുന്നതിലെ പരിഹാസ്യതയെ കുറിച്ച് ജനപ്രതിനിധികള്‍ക്ക് പോലും ആശങ്കയില്ല. വാജ്പയിയെ പോലുള്ള പാര്‍ലിമെന്റേറിയന്മാരുടെ സേവനം ഇത്തരം സന്ദര്‍ഭങ്ങളിലാണ് നമുക്ക് വഴിവിളക്കാവേണ്ടത്.
ജനാധിപത്യത്തിന്റെ പവിത്രമായ ശ്രീകോവില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമനിര്‍മാണ സഭകളില്‍ പോലും അനുനയവും സമഭാവനയുമല്ല, ധാര്‍ഷ്ട്യവും മര്‍ക്കടമുഷ്ടിയുമാണ് അരങ്ങ് വാഴുന്നത്. 2 ജി സ്‌പെക്ട്രം ഇടപാട്, കല്‍ക്കരിപ്പാടം അനുവദിക്കല്‍ തുടങ്ങിയ ഇടപാടുകളില്‍ അരുതാത്തത് പലതും സംഭവിച്ചുവെന്ന് സി എ ജി അടക്കമുള്ള ഉത്തരവാദപ്പെട്ടവര്‍ ചൂണ്ടിക്കാട്ടിയിട്ടും ഇടപാടുകള്‍ സുതാര്യമാക്കാനല്ല, കുഴിച്ചുമൂടാനായിരുന്നു രാഷ്ട്രീയ നേതൃത്വങ്ങളുടെ ശ്രമം. പാര്‍ലിമെന്റിന്റെ പ്രവര്‍ത്തനം നിരന്തരം തടസ്സപ്പെട്ടാലും ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടിയ അഴിമതി ആരോപണങ്ങള്‍ അന്വേഷണ വിധേയമാക്കാന്‍ പോലും ഭരണകൂടങ്ങള്‍ സന്നദ്ധമായിരുന്നില്ല. സംയുക്ത പാര്‍ലിമെന്ററി കമ്മിറ്റി(ജെ പി സി)യുടെ തെളിവെടുപ്പ് പോലും വഴിപാടാക്കി മാറ്റാനായിരുന്നു ചിലരുടെ ശ്രമം. കല്‍ക്കരിപ്പാടം ഇടപാടില്‍ അന്നത്തെ പ്രധാനമന്ത്രിപോലും ഇപ്പോള്‍ സി ബി ഐയുടെ അന്വേഷണ നിഴലിലാണെന്നത് രാജ്യത്തിന് തന്നെ അപമാനകരമാണ്.

---- facebook comment plugin here -----

Latest