ഗാര്‍ഹിക അതിക്രമം; കേസുകളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡ്

Posted on: March 29, 2015 11:10 am | Last updated: March 29, 2015 at 12:41 pm
SHARE

harassment-തിരുവനന്തപുരം: ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം നടപ്പാക്കി പത്ത് വര്‍ഷം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് കേസുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡിലേക്ക്. നിയമം ജനങ്ങളിലെത്തിക്കുന്ന സേവനദാതാക്കളുടെ കാര്യക്ഷമതയും നിയമം കൂടുതല്‍ പേര്‍ പ്രയോജനപ്പെടുത്തുന്നതുമാണ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുമ്പോഴും നിയമം വേണ്ടവിധം ഫലപ്രദമാകുന്നില്ലന്ന അഭിപ്രായങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.

സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡില്‍ 2014 ഏപ്രില്‍ മുതല്‍ 2015 മാര്‍ച്ച് 18 വരെ ലഭിച്ച കണക്കനുസരിച്ച് 5,485 ഗാര്‍ഹിക പീഡനക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2009 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഗണ്യമായ വര്‍ധനയാണ് കേസുകളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
2009-10 കാലയളവില്‍ 2,143 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 2014-15 മാര്‍ച്ച് വരെ ആയപ്പോഴേക്കും 5,485 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2013-14ല്‍ 3,329 ഗാര്‍ഹിക പീഡനക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരും പോലീസും രജിസ്റ്റര്‍ ചെയ്യുന്ന കണക്കുകള്‍ ഉള്‍പ്പെടുന്നില്ല. അതുകൂടി കണക്കാക്കുമ്പോള്‍ ഈ വര്‍ധന വന്‍തോതിലാണെന്ന് ബോധ്യമാവും. ഭര്‍ത്താവില്‍നിന്നും ബന്ധുക്കളില്‍നിന്നും പീഡനമേറ്റവരുടെ എണ്ണത്തില്‍ ഒന്നാമത് തിരുവനന്തപുരം ജില്ലയാണ്. 1086 കേസുകളാണ് ഈ കാലയളവില്‍ തലസ്ഥാന ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതില്‍ 542 കേസുകള്‍ കൗണ്‍സിലിംഗിലൂടെ പരിഹരിക്കപ്പെട്ടു. 202 കേസുകള്‍ തുടര്‍ നടപടികള്‍ക്കായി രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത് 562 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 317 കേസുകള്‍ കൗണ്‍സിലിംഗിലൂടെ പരിഹരിക്കുകയും 162 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കോഴിക്കോട്, ഇടുക്കി ജില്ലകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. 513ഉം 483ഉം കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊല്ലം 470, തൃശൂര്‍ 390, എറണാകുളം 362 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാസര്‍കോട് ജില്ലയിലാണ് ഗാര്‍ഹിക പീഡനക്കേസുകള്‍ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 125 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 34 കേസുകള്‍ കൗണ്‍സിലിംഗിലൂടെ പരിഹരിക്കുകയും 58 കേസുകള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെക്കുകയും ചെയ്തു. മദ്യം മയക്കുമരുന്ന് മറ്റ് ലഹരി വസ്തുക്കള്‍ കാരണം 61 ശതമാനവും പരസ്ത്രീ ബന്ധം കാരണം 16 ശതമാനവും മൊബൈല്‍ ഫോണ്‍, സാമൂഹിക മാധ്യമങ്ങള്‍ തുടങ്ങിയവ കാരണം 15 ശതമാനവും മറ്റ് കാരണങ്ങള്‍ മുഖേന എട്ട് ശതമാനവും ഗാര്‍ഹികപീഡനങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.