ഇന്നറിയാം ചാമ്പ്യനെ

Posted on: March 29, 2015 2:02 am | Last updated: March 29, 2015 at 11:04 am
SHARE

2015 ICC Cricket World Cup Final Press Conferenceമെല്‍ബണ്‍: അഞ്ച് വന്‍കരകളില്‍ നിന്നായി പതിനാല് ടീമുകള്‍….ആറാഴ്ച നീണ്ടു നിന്ന പോരാട്ട ദിനങ്ങള്‍… 48 വാശിയേറിയ മത്സരങ്ങള്‍… അട്ടിമറികള്‍…അത്ഭുതപ്രകടനങ്ങള്‍….പതിനൊന്നാം ലോകകപ്പിന് ഇന്ന് ആസ്‌ത്രേലിയ-ന്യൂസിലാന്‍ഡ് കലാശപ്പോരോടെ തിരശ്ശീല വീഴും. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതിന് മത്സരം ആരംഭിക്കും. ഫൈനല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം
ആതിഥേയരുടെ കൊമ്പുകോര്‍ക്കലില്‍ ആര് വാഴും? ആര് വീഴും? പ്രചവനം അസാധ്യം. നാല് ലോകകപ്പുകള്‍ നേടി മുന്‍പന്തിയിലാണ് ആസ്‌ത്രേലിയ. ന്യൂസിലാന്‍ഡാകട്ടെ ആദ്യമായിട്ട് ലോകകപ്പ് ഫൈനല്‍ കളിക്കുന്നു. ടൂര്‍ണമെന്റില്‍ തുടരെ എട്ട് ജയവുമായി തികഞ്ഞ ഫോമിലാണ് കിവീസ്. ഫൈനലിലേക്കുള്ള കുതിപ്പില്‍ ആസ്‌ത്രേലിയയെ പരാജയപ്പെടുത്തിയത് ആത്മവിശ്വാസം നല്‍കുന്നു. സ്വന്തം തട്ടകമായ മെല്‍ബണിലാണ് ഫൈനലെന്നത് ആസ്‌ത്രേലിയക്ക് മുന്‍തൂക്കം നല്‍കുന്നു. ന്യൂസിലാന്‍ഡ് ഈ ലോകകപ്പില്‍ ആസ്‌ത്രേലിയന്‍ മണ്ണില്‍ ആദ്യ മത്സരത്തിനിറങ്ങുകയാണ്. ഇതുവരെ സ്വന്തംമണ്ണില്‍ അല്ലലില്ലാതെ ജയിച്ചു കയറുകയായിരുന്നു കിവീസ്. താരതമ്യേന വലിപ്പും കുറഞ്ഞ സ്റ്റേഡിയങ്ങളിലാണ് കിവീസിന്റെ ജയങ്ങളത്രയുമെന്ന ചൂണ്ടിക്കാണിക്കലുണ്ടായിട്ടുണ്ട്. മെല്‍ബണില്‍ ആസ്‌ത്രേലിയ അനായാസം ജയിക്കുമെന്ന പ്രചവനം ആസ്‌ത്രേലിയന്‍ പക്ഷത്തുള്ളവര്‍ നടത്തുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ അല്‍പം പതര്‍ച്ചയോടെയായിരുന്നു തുടക്കമെങ്കിലും നോക്കൗട്ട് റൗണ്ടിലേക്ക് എത്തിയപ്പോഴേക്കും കംഗാരുക്കള്‍ തങ്ങളുടെ തനി സ്വരൂപം പുറത്തെടുത്തു. ക്വാര്‍ട്ടറില്‍ പാകിസ്താന് എതിരെയും സെമിയില്‍ ഇന്ത്യക്കെതിരെയും ആധികാരിക ജയത്തോടെയാണ് അവര്‍ ഫൈനലില്‍ എത്തിയിരിക്കുന്നത്. ഫൈനല്‍ കളിക്കുന്നത് തങ്ങളുടെ മണ്ണിലാണെന്ന ആനുകൂല്യവും അവര്‍ക്കുണ്ട്.
തങ്ങളുടെ ആദ്യ ജയം നേടാന്‍ ന്യൂസിലന്‍ഡും വിരമിക്കുന്ന ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന് കിരീടത്തോടെ വിട നല്‍കാന്‍ ഓസീസും ശ്രമിക്കുമ്പോള്‍ ലോകകിരീടത്തിനുള്ള പോരാട്ടം കടുക്കുമെന്നുറപ്പ്.

മൈക്കല്‍ ക്ലാര്‍ക്ക് ഇന്ന് വിരമിക്കും
പന്ത്രണ്ട് വര്‍ഷം നീണ്ട ഏകദിന ക്രിക്കറ്റ് കരിയറിന് ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ ഇന്ന് ഫൈനലോടെ അന്ത്യമിടും. ഇതിലും മികച്ചൊരു ദിനം വരാനില്ല എനിക്കും ആസ്‌ത്രേലിയന്‍ ക്രിക്കറ്റിനും. ശരിയായ സമയത്താണ് വിരമിക്കുന്നത്. 48 മണിക്കൂര്‍ മുമ്പ് സ്വയം ചോദ്യമുന്നയിച്ചാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. അടുത്ത ലോകകപ്പ് വരെ തുടരാന്‍ സാധിക്കില്ലെന്ന് ബോധ്യമുള്ളതുകൊണ്ട് വിരമിക്കല്‍ പ്രഖ്യാപിച്ചത് – മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു. 224 ഏകദിനങ്ങളില്‍ നിന്നായി 7907 റണ്‍സാണ് മൈക്കല്‍ ക്ലാര്‍ക്ക് നേടിയത്. 130 ആണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ തുടരാനാണ് തീരുമാനം. 108 ടെസ്റ്റുകളില്‍ നിന്നായി 8432 റണ്‍സാണ് സമ്പാദ്യം. 329 നോട്ടൗട്ടാണ് ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍.
അടുത്ത നായകനാരായിരിക്കണമെന്നതിനെ കുറിച്ചും ക്ലാര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. വ്യക്തിയെന്ന നിലയിലും ക്രിക്കറ്ററെന്ന നിലയിലും പക്വത വന്ന താരമായിരിക്കണം. ടെസ്റ്റില്‍ ക്ലാര്‍ക്കിന്റെ അഭാവത്തില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച സ്റ്റീവ് സ്മിത്തിനെയാണ് ക്ലാര്‍ക്ക് അടുത്ത ക്യാപ്റ്റനായി കാണുന്നത്. കഠിനാധ്വാനിയായ സ്മിത്തിന്റെ ഫോമില്‍ അതിശയപ്പെടാനില്ല. കൂടുതല്‍ റണ്‍സ് നേടുക എന്ന ലക്ഷ്യം മാത്രമേ സ്മിത്തിനുള്ളൂ. ക്യാപ്റ്റനാകാന്‍ സ്മിത്ത് പാകപ്പെട്ടു കഴിഞ്ഞു – ക്ലാര്‍ക്ക് പറഞ്ഞു.

മികച്ച ബൗളര്‍മാര്‍ മുഖാമുഖം
ലോകകപ്പ് ഫൈനലിലെ ഏറ്റവും വാശിയേറിയ പോരാട്ടം രണ്ട് പേസര്‍മാര്‍ തമ്മിലാകും. ആസ്‌ത്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ചും ന്യൂസിലാന്‍ഡിന്റെ ട്രെന്‍ഡ് ബൗള്‍ട്ടുമാണ് കഥാപാത്രങ്ങള്‍. വിക്കറ്റ് വേട്ടയില്‍ ഇവര്‍ തമ്മിലാണ് പ്രധാനമായും മത്സരം അവശേഷിക്കുന്നത്. എട്ട് മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റുകളാണ് ബൗള്‍ട്ടിന്. മിച്ചല്‍ സ്റ്റാര്‍ചിന് ഇരുപതും. മഴ മൂലം ഒരു മത്സരം ഉപേക്ഷിച്ചതിനാല്‍ സ്റ്റാര്‍ച് ഏഴ് മത്സരങ്ങളാണ് കളിച്ചത്. ആ നിലക്ക് ബൗള്‍ട്ടിനെക്കാള്‍ ഒരു പടി മുന്നിലാണ് സ്റ്റാര്‍ചിന്റെ സ്ഥാനം. കൊലയാളി പന്തുകളാണ് ഇവരുടെ ആവനാഴിയിലുള്ളത്.
വേഗവും സ്വിംഗും ലൈനും ലെഗ്തുമെല്ലാം കൂടിച്ചേരുന്ന മാസ്മരിക ഡെലിവറികളാണ് രണ്ട് പേരെയും വ്യത്യസ്തരാക്കുന്നത്. രണ്ടാളും ഇടം കൈയുടെ കരുത്തിലാണ് ബാറ്റ്‌സ്മാനെ വിറപ്പിക്കുന്നത് എന്ന സാമ്യമുണ്ട്. ഇന്ന് തിളങ്ങുന്നത് പോലിരിക്കും ലോകകപ്പിലെ മികച്ച ബൗളര്‍ക്കുള്ള പുരസ്‌കാരം. പൂളില്‍ ഓസീസ്-കിവീസ് മത്സരം വന്നപ്പോള്‍ അത് ബൗള്‍ട്ടും സ്റ്റാര്‍ചും തമ്മിലുള്ള പോരാട്ടമായി മാറിയിരുന്നു. 27 ന് അഞ്ച് വിക്കറ്റെടുത്ത് ബൗള്‍ട്ട് ആസ്‌ത്രേലിയയെ 151ന് ആള്‍ ഔട്ടാക്കി. തിരിച്ചടിക്കാന്‍ ഓസീസിനെ സഹായിച്ചത് 28ന് ആറ് വിക്കറ്റെടുത്ത സ്റ്റാര്‍ചാണ്. ഒടുവില്‍ ഒരു വിക്കറ്റിന് ന്യൂസിലാന്‍ഡ് ജയിച്ചു. ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു ഇത്. ക്രിക്കറ്റിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പരസ്യം എന്നായിരുന്നു ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ബ്രെന്‍ഡെന്‍ മെക്കല്ലം ഇവരുടെ പോരാട്ടത്തെ വിശേഷിപ്പിച്ചത്.
ബൗള്‍ട്ടിനെ സംബന്ധിച്ച് ഈ ലോകകപ്പ് ഒരു നാഴികക്കല്ലാണ്. ഏകദിനത്തിലെ ആദ്യ പതിനാറ് മത്സരങ്ങളില്‍ നിന്ന് ബൗള്‍ട്ട് ആകെ നേടിയത് പതിനെട്ട് വിക്കറ്റുകളാണ്. ലോകകപ്പിലാകട്ടെ എട്ട് മത്സരങ്ങളില്‍ നിന്ന് 21ഉം ! പാക്കിസ്ഥാന്റെ ഇതിഹാസ ലെഫ്റ്റ് ആം പേസര്‍ വസീം അക്രമിനെ മാതൃകയായി കാണുന്ന ബൗള്‍ട്ടിന്റെ പുരോഗതിയും അസൂയപ്പെടുത്തുന്നതാണ്. 90000 പേരെ ഉള്‍ക്കൊള്ളുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബൗള്‍ട്ടിനിന്ന് ആദ്യ മത്സരമാണ്. ന്യൂസിലാന്‍ഡിന്റെ കോറി ആന്‍ഡേഴ്‌സന്‍, മാറ്റ് ഹെന്റി, കാന്‍ വില്യംസണ്‍ എന്നിവര്‍ക്കും മെല്‍ബണില്‍ ഇന്ന് അരങ്ങേറ്റമാണ്.
ആസ്‌ത്രേലിയയില്‍ ബൗള്‍ട്ടിന് നല്ല ഓര്‍മയാണുള്ളത്. അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം 2011 ഡിസംബറില്‍ ഹൊബാര്‍ട്ടിലായിരുന്നു. ന്യൂസിലാന്‍ഡ് ഏഴ് റണ്‍സിന്റെ ആവേശകരമായ ജയം നേടി. നാല് വിക്കറ്റുകളുമായി ബൗള്‍ട്ട് വരവറിയിച്ചു.
കന്നി ലോകകപ്പിനിറങ്ങിയ ബൗള്‍ട്ട് പൂള്‍ മത്സരത്തില്‍ ശ്രീലങ്കക്കെതിരെയും സ്‌കോട്‌ലാന്‍ഡിനെതിരെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയാണ് തുടങ്ങിയത്. ഇംഗ്ലണ്ടിനെതിരെ ഒരു വിക്കറ്റിലൊതുങ്ങി. ആസ്‌ത്രേലിയക്കെതിരെ അഞ്ച് വിക്കറ്റുകള്‍. വെസ്റ്റിന്‍ഡീസിനെതിരെ നാല് വിക്കറ്റുകള്‍. സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 53ന് രണ്ട് വിക്കറ്റായിരുന്നു ബൗള്‍ട്ടിന്റെ പ്രകടനം.
ബൗള്‍ട്ടിനേക്കാള്‍ ഉയരം കൂടുതലുള്ള സ്റ്റാര്‍ചിന് അതിന്റെതായ ആനുകൂല്യമുണ്ട്. പേസും ബൗണ്‍സുമാണ് സ്റ്റാര്‍ചിന്റെ ആയുധം. 40 മത്സരങ്ങളില്‍ നിന്ന് 81 വിക്കറ്റുകളുമായി സ്റ്റാര്‍ച് ആസ്‌ത്രേലിയന്‍ പേസ് നിരയിലെ അതികായനായി മാറിക്കൊണ്ടിരിക്കുന്നു. ആദ്യ പതിനേഴ് രാജ്യാന്തര മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോഴേക്കും മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനം പുറത്തെടുത്തു.

ഇന്ത്യന്‍ പിന്തുണ
ഫൈനലില്‍ ന്യൂസിലാന്‍ഡിന് പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് ക്യാപ്റ്റന്‍ ബ്രെണ്ടന്‍ മെക്കല്ലം ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് തുറന്ന കത്തെഴുതി. കന്നി കിരീടത്തിനായി ഓരോ ഇഞ്ചും പൊരുതും. അതിനായി നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയുണ്ടാകണം. ഇന്ത്യക്കാരുടെ ക്രിക്കറ്റ് ഭ്രമം മനസ്സിലാക്കിയ വ്യക്തിയെന്ന നിലയിലാണ് പിന്തുണ തേടുന്നതെന്നും മെക്കല്ലം പറഞ്ഞു. ന്യൂസിലാന്‍ഡ് താരങ്ങളുടെ കരിയറിലെ ഏറ്റവും വലിയ മത്സരമാണിത്.