Connect with us

International

ജര്‍മന്‍ പൈലറ്റ് രോഗങ്ങള്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് മറച്ചുവെച്ചു

Published

|

Last Updated

ബെര്‍ലിന്‍: ഫ്രഞ്ച് പര്‍വത നിരകളിലേക്ക് മനഃപൂര്‍വം വിമാനം ഇടിച്ചിറക്കി 150 പേരുടെ മരണത്തിന് കാരണക്കാരനെന്ന് പറയപ്പെടുന്ന സഹപൈലറ്റ് അദ്ദേഹത്തിന്റെ രോഗങ്ങള്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് മറച്ചുവെച്ചതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കാര്യം വ്യക്തമാക്കിയത്. അതേസമയം രോഗമെന്തെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടില്ല. ഡോക്ടറുടെ കീറിയ കുറിപ്പ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെടുക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുള്ളത്. വിമാനം തകര്‍ന്ന ദിവസം ഇദ്ദേഹത്തെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടാന്‍ മതിയായ രോഗം ഇദ്ദേഹത്തിനുണ്ടായിരുന്നു. 144 യാത്രക്കാരും 6 ജോലിക്കാരും അടക്കം 150 പേരുമായി സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നിന്ന് ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഫിലേക്കുള്ള പറന്ന വിമാനത്തിന്റെ സഹപൈലറ്റായിരുന്നു 27 കാരനായ ആന്ത്രെസ് ലുബിറ്റ്‌സ്. കോക് പിറ്റില്‍ നിന്ന് പുറത്ത് പോയിരുന്ന ക്യാപ്റ്റന് തിരിച്ചെത്താന്‍ സാധിക്കാതിരിക്കാനായി കോക്പിറ്റ് പൂട്ടുകയായിരുന്നു ലുബിറ്റ്‌സ്. അതിനു ശേഷം വിമാനത്തെ ഭീകരമായ നാശത്തിലേക്ക് നയിച്ചുവെന്നുമാണ് വിമാനത്തിന്റെ കോക്പിറ്റിലെ ശബ്ദ രേഖകള്‍ ഉദ്ധരിച്ചു കൊണ്ട് ഫ്രഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരണം.