വിമാനം റാഞ്ചല്‍ ശ്രമം ഉണ്ടായിട്ടില്ല: എയര്‍ ഇന്ത്യ

Posted on: March 29, 2015 12:43 am | Last updated: March 29, 2015 at 10:45 am
SHARE

air-india-wi-fi-serviceന്യൂഡല്‍ഹി: ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ സുരക്ഷാ ഭീഷണിയുണ്ടായതായി പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് എയര്‍ ഇന്ത്യ, വ്യോമയാന മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് മാര്‍ച്ച് 17ന് പുറപ്പെട്ട വിമാനത്തില്‍ അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ല. വിമാനം റാഞ്ചാന്‍ ശ്രമം നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനം പാക്കിസ്ഥാനില്‍ നിന്നുള്ള സംഘം റാഞ്ചാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്തില്‍ ഒരു യാത്രക്കാരന്‍ തളര്‍ന്നുവീണതായി അഭിനയിക്കുകയും ഒരു സംഘം ഡോക്ടറുടെ സേവനം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോക്പിറ്റിലെത്തി പൈലറ്റിനെ ഭീഷണിപ്പെടുത്തുകയും ഇത് യാത്രക്കാരില്‍ പരിഭ്രാന്തി പരത്തിയെന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
ഈ വാര്‍ത്തകള്‍ക്ക് ഒരു വിധത്തിലുള്ള അടിസ്ഥാനവുമില്ലെന്നും വസ്തുതക്ക് നിരക്കാത്തതാണെന്നും സിവില്‍ വ്യോമയാന സെക്രട്ടറി വി സോമസുന്ദരം പറഞ്ഞു.