ഭൂമിയേറ്റെടുക്കല്‍ ബില്‍ പാസ്സാക്കുന്നത് അഭിമാനപ്രശ്‌നം ആയി കാണുന്നില്ല: കേന്ദ്രം

Posted on: March 29, 2015 12:22 am | Last updated: March 29, 2015 at 10:43 am
SHARE

വാരാണസി: ഭൂമിയേറ്റെടുക്കല്‍ ബില്‍ നിയമമാക്കുന്നയെന്നത് അഭിമാനപ്രശ്‌നമായി കാണുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അഭിപ്രായഭിന്നതകള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചക്ക് തയ്യാറാണെന്നും കേന്ദ്രം അറിയിച്ചു. ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് വീണ്ടും വിജ്ഞാപനം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് പുതിയ നിലപാട്.
രാജ്യത്തിന്റെ പ്രത്യേകിച്ച് ഗ്രാമങ്ങളുടെ വികസനത്തിന് വേണ്ടി 2013ലെ നിയമത്തില്‍ മാറ്റം വരുത്താനാണ് തങ്ങളുടെ ശ്രമമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. ബില്ലില്‍ ഒമ്പത് ഭേദഗതികള്‍ കൊണ്ടുവന്നിട്ടുണ്ട്. ബില്ലിനെ എതിര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ചക്ക് തയ്യാറാണ്. രാജ്യത്തിന് ഗുണകരമാകുന്ന നിര്‍ദേശങ്ങളുണ്ടെങ്കില്‍ ചര്‍ച്ചക്ക് തയ്യാറാണ്. നിര്‍ബന്ധബുദ്ധി സ്വഭാവം പ്രതിപക്ഷം മാറ്റണം. അതാണ് രാജ്യത്തിന്റെ നന്മക്ക് നല്ലത്. രാജ്യത്തിന്റെ വികസന വീഥിയില്‍ 2013ലെ നിയമം ഒരു തടസ്സമാണ്. പ്രധാനമന്ത്രി ഗ്രാം സഡക് യോജന, ജലസേചന യോജന, ഗ്രാമീണ വൈദ്യുതിവത്കരണം, എല്ലാവര്‍ക്കും വീട്, എയര്‍പോര്‍ട്ട്, സീപോര്‍ട്ട് തുടങ്ങിയ പ്രധാന അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും ഭൂമിയേറ്റെടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. എന്‍ ഡി എയുടെ നയങ്ങള്‍ എതിര്‍ക്കുകയെന്ന ഒരൊറ്റ ലക്ഷ്യമാണ് കോണ്‍ഗ്രസിനുള്ളത്. രാഷ്ട്രപുരോഗതിയില്‍ യാതൊരു ആശങ്കയുമില്ല. ഈ വിഷയത്തില്‍ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജെയ്റ്റ്‌ലി അവകാശപ്പെട്ടു.
സുപ്രീം കോടതി ഈയടുത്ത് റദ്ദാക്കിയ ജാട്ട് സംവരണത്തെ സംബന്ധിച്ച് ചോദിച്ചപ്പോള്‍,. ജാട്ട് പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചെന്ന് ജെയ്റ്റ്‌ലി മറുപടി നല്‍കി. നിയമമനുസരിച്ച് യോജിച്ച വഴി കണ്ടുപിടിക്കുമെന്ന് വിശദ ചര്‍ച്ചക്ക് ശേഷം ജാട്ടുകള്‍ക്ക് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. കല്‍ക്കരിപ്പാട ലേലത്തില്‍ വലിയൊരു തുക ലഭിച്ചിട്ടുണ്ട്. അത് പാടങ്ങള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളുടെ വികസനത്തിന് ഉപയോഗിക്കും. പ്രകൃതി വിഭവങ്ങളെ കൊണ്ട് സമ്പന്നമാണെങ്കിലും ഝാര്‍ഖണ്ഡ് പോലെയുള്ള സംസ്ഥാനങ്ങള്‍ വികസിച്ചിട്ടില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ഗംഗാ നദിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയെന്നതാണ് സര്‍ക്കാറിന്റെ പ്രഥമ അജന്‍ഡ. നാല് മാസത്തിനുള്ളില്‍ ഗംഗാ ശുചീകരണ പദ്ധതി തുടങ്ങും. ആദ്യ ഘട്ടത്തില്‍ 4000 കോടി രൂപയും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20000 കോടി രൂപയും ഇതിനായി ചെലവഴിക്കും. വാരാണസിയിലെ മാലിന്യ കൂമ്പാരത്തെ സംബന്ധിച്ച് ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ചര്‍ച്ചയില്‍ വിശഷയമായിരുന്നു. കാണ്‍പൂരിനും വാരാണസിക്കും ഇടയില്‍ വ്യവസായ, ഗാര്‍ഹിക മാലിന്യങ്ങള്‍ ഗംഗയിലേക്ക് തള്ളുന്നതാണ് ഇതിന് കാരണം. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിച്ചാല്‍ കൂടുതല്‍ മലിനീകരിക്കപ്പെടുന്നതില്‍ നിന്ന് ഗംഗയെ രക്ഷിക്കാം. ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.